സര്‍ക്കസും തുലാസില്‍:നാലു കമ്പനികള്‍ പൂട്ടി; ഇനി മൂന്നെണ്ണം മാത്രം

Saturday 26 May 2018 2:22 am IST

കൊല്ലം: വരുമാനത്തിലെ ഇടിവും  കടുത്ത നിയമങ്ങളും  കാരണം സര്‍ക്കസ്സിന്റെ ഭാവി ഇരുളടയുന്നു.  ആറുമാസത്തിനിടയില്‍ കേരളത്തിലെ പ്രശസ്തമായ നാലു സര്‍ക്കസ് കമ്പനികള്‍ പൂട്ടി. ഇനി  മൂന്ന് കമ്പനികള്‍ മാത്രം.

ജമിനി, രാജ്കമല്‍, ഗോള്‍ഡന്‍, റോയല്‍ എന്നീ സര്‍ക്കസ് കമ്പനികളാണ് പൂട്ടിയത്. ജംബോ, ഗ്രേറ്റ് ബോംബെ, ഗ്രാന്റ് സര്‍ക്കസ്സുകളാണ് അവശേഷിക്കുന്നത്. 

വന്യജീവി സംരക്ഷണനിയമം കര്‍ക്കശമാക്കിയതോടെ  സിംഹവും കരടിയും പുലിയും ഹിപ്പപൊട്ടാമസും കടുവയുമൊക്കെ റിംഗുകളില്‍ നിന്ന് കൂടൊഴിഞ്ഞു.  ഇതോടെ സര്‍ക്കസിന്റെ ആകര്‍ഷണീയത കുറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് ആനപരിപാലന നിയമം കൂടി കര്‍ക്കശമാക്കിയതോടെ അതുവരെ പിടിച്ചുനിന്ന കമ്പനികള്‍ വെട്ടിലായി. 

ആനകളുടെ അഭ്യാസമായിരുന്നു ഒരുപരിധിവരെ കുട്ടികള്‍ അടക്കമുള്ള കുടുംബങ്ങളെ സര്‍ക്കസ് കൂടാരത്തിലെത്തിച്ചത്. പതിവിനങ്ങള്‍ മാത്രമായതോടെ   കുടുംബസമേത  വരവ് കുറഞ്ഞപ്പോഴാണ് ആഫ്രിക്കന്‍ കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചത്. 

അസാധ്യമായ മെയ്‌വഴക്കം ഉള്ളവര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ഇനങ്ങളാണ് സര്‍ക്കസ്സില്‍ കൂടുതലും. നല്ല  മെയ്‌വഴക്കം ലഭിക്കാന്‍  കുട്ടിക്കാലം മുതല്‍ അഭ്യാസങ്ങള്‍ പരിശീലിക്കണം. എന്നാല്‍ കുട്ടികളെ സര്‍ക്കസില്‍ ഉപയോഗിക്കുന്നത് വിലക്കികൊണ്ടുള്ള നിയമവും  ഇരുട്ടടിയായി. 

ആനകളുടെ അഭാവത്തില്‍ പട്ടി, പൂച്ച,  തത്ത, കുതിര, ഒട്ടകം എന്നീ മൃഗങ്ങളെ വച്ചാണ് സര്‍ക്കസ് മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ ഇതിനോട് കാണികള്‍ക്ക് വലിയ  താല്‍പര്യം ഇല്ല. ഓണം, ക്രിസ്മസ്, വേനലവധികളിലാണ് ജില്ലകള്‍ തോറും വര്‍ഷത്തില്‍ ഒരു തവണ എന്ന ക്രമത്തില്‍ സര്‍ക്കസ് കൂടാരം ഉയരാറുള്ളത്.  നൂറുമുതല്‍ നൂറ്റമ്പത് പേര്‍ വരെ ജീവനക്കാരുള്ള സര്‍ക്കസ് കമ്പനി ഒരുദിവസം നടന്നുപോകാന്‍ തന്നെ ഒരു ലക്ഷം രൂപ ചെലവുവരും.  ഇത് കണ്ടെത്തേണ്ടത് പ്രദര്‍ശനം വഴിയും. 

അവശ സര്‍ക്കസ് കലാകാരന്മാര്‍ക്ക് പ്രതിമാസം 1200 രൂപ  പെന്‍ഷനുണ്ട്. എന്നാല്‍ സര്‍ക്കസ് കമ്പനികളുടെ നിലനില്‍പ്പിന് ഗ്രാന്റ് അടക്കം സഹായം നല്‍കിയില്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍ക്കസ് എന്ന കലാരൂപം സമ്പൂര്‍ണമായി തന്നെ സംസ്ഥാനത്ത് ഇല്ലാതാകുമെന്ന് ഉടമകള്‍ പറയുന്നു. കണ്ണൂര്‍ തലശേരി കേന്ദ്രീകരിച്ചാണ് സര്‍ക്കസ്സിന്റെ ആരംഭം തന്നെ. കണ്ണൂരുകാരനായ മുഖ്യമന്ത്രി നാട് ഭരിക്കുമ്പോള്‍ സര്‍ക്കസ്സുകാര്‍ക്ക് സഹായം നല്‍കുമെന്ന പ്രതീക്ഷയാണ് കമ്പനി ഉടമകള്‍ക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.