കേരളത്തില്‍ സ്ത്രീ വിരുദ്ധ സര്‍ക്കാര്‍ : വിജയ്‌രഹത്‌കര്‍

Friday 25 May 2018 10:29 pm IST

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നത് സ്ത്രീവിരുദ്ധ സര്‍ക്കാരാണെന്ന് മഹിളാമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് വിജയ് രഹത്കര്‍. പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വമില്ലാതായി. അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. 

മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ 'സ്ത്രീകള്‍ക്കും ജീവിക്കണം' എന്ന മുദ്രാവാക്യമുയര്‍ത്തി പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന 24 മണിക്കൂര്‍ രാപകല്‍ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രഹത്കര്‍.

സിപിഎം ഏരിയാ സെക്രട്ടറി വിനോദ് ഗോവയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതുള്‍പ്പെടെ, നിരവധി സിപിഎം നേതാക്കള്‍ സ്ത്രീപീഡനക്കേസുകളില്‍ പ്രതികളാണ്. ഗര്‍ഭിണിയെ ചവിട്ടി ഗര്‍ഭസ്ഥ ശിശുവിനെപ്പോലും നശിപ്പിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷിനെയും ഭര്‍ത്താവിനെയും ആക്രമിച്ചു. ഒന്‍പത് ദിവസം ആശുപത്രിയില്‍ കിടന്നു. ഇന്നലെ മഹിളാമോര്‍ച്ച നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അനിതകുമാരിയുടെ വീടിനുനേരെ ബോംബെറിഞ്ഞു.

അതേസമയം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലുള്ളത്. അതിന്റെ ഫലമായാണ് ഇന്ന് 21 സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നത്. 

ഇനി കേരളത്തില്‍ താമര വിരിയിക്കണം. അതിലൂടെ മാത്രമേ കേരളീയര്‍ക്ക് ശരണമുള്ളു. ഈ വിമോചനസമരവുമായി മുന്നോട്ടുപോകുമ്പോള്‍ എത്ര കൊടിയ പീഡനമുണ്ടായാലും തലകുനിക്കരുത്. വിജയ് രഹത്കര്‍ പറഞ്ഞു. 

രേണു സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി  സംസ്ഥാന വൈസ് പ്രസിഡന്റ് രാധാമണി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിക്‌ടോറിയ ഗൗരി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ സദാനന്ദന്‍, നേതാക്കളായ സംഗീത ശ്രീജ, ബിന്ദു വലിയശാല തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.