മധുവിന്റെ കൊലപാതകം: വനവാസികള്‍ ഭീതിയിലെന്ന് സര്‍ക്കാര്‍

Saturday 26 May 2018 2:49 am IST

കൊച്ചി: വനവാസി യുവാവ് മധുവിന്റെ കൊലപാതകത്തിനു ശേഷം ഈ മേഖലയിലെ വനവാസി സമൂഹം ഭീതിയിലാണെന്ന്  സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 

മധുവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് അട്ടപ്പാടി മേഖലയില്‍ വനവാസി വിഭാഗവും മറ്റുള്ളവരും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ചിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ടി.കെ. സുബ്രഹ്മണ്യന്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ട്. കാരണം സാക്ഷികളില്‍ പലരും പ്രതികളുടെ ബന്ധുക്കളാണ്. മാത്രമല്ല, വനവാസി വിഭാഗവും മറ്റുള്ളവരും തമ്മില്‍ ശത്രുത നിലവിലുള്ള സാഹചര്യത്തില്‍ പ്രതികള്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കു നേരെ അക്രമമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മേയ് 30 ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.

മധുവിനെ കൊന്ന കേസില്‍ അട്ടപ്പാടി സ്വദേശികളായ തൊടിയില്‍ ഉബൈദ്, പള്ളിശേരില്‍ രാധാകൃഷ്ണന്‍, നജീബ് തുടങ്ങിയ 16 പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 22ന് നടന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള നിയമപ്രകാരമാണ് കേസെടുത്തതെന്നും മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും വിശദീകരണത്തില്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.