കാല്‍പന്തില്‍ കരവിരുത് തീര്‍ത്ത മായാജാലക്കാരന്‍

Saturday 26 May 2018 3:04 am IST
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളിലാണ് മറഡോണ അര്‍ജന്റീനക്കുവേണ്ടി കളിച്ചത്. ഇതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയം.

ലോക കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മാന്ത്രികരില്‍ ഒരാളാണ് ദൈവത്തിന്റെ കൈകൊണ്ട് നേടിയ ഗോളിന്റെയും നൂറ്റാണ്ടിന്റെ ഗോളിന്റെയും ഉടമയായ ഡീഗോ അര്‍മാന്‍ഡോ മറഡോണ. പെലെക്കുശേഷം കാല്‍പ്പന്തുകൊണ്ട് ലോകം കീഴടക്കിയ താരമാണ്. 1986ലെ മെക്‌സിക്കോ ലോകകകപ്പില്‍  മറഡോണ അര്‍ജന്റീനക്ക് ലോകകിരീടം നേടിക്കൊടുത്തു. മികച്ച സ്‌ട്രൈക്കറെന്നതിനേക്കാള്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായിരുന്നു ഈ അഞ്ചടി അഞ്ചിഞ്ചുകാരന്‍.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളിലാണ് മറഡോണ അര്‍ജന്റീനക്കുവേണ്ടി കളിച്ചത്. ഇതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയം. ഈ ലോകകപ്പിലാണ് ദൈവത്തിന്റെ കൈകൊണ്ടുള്ള ഗോളും നൂറ്റാണ്ടിലെ ഗോളും മറഡോണ സ്വന്തമാക്കിയത്. രണ്ടുഗോളുകളും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ ഉയര്‍ന്നുചാടി കൈ കൊണ്ട് തട്ടിയിട്ട് നേടിയ ഗോളാണ് ദൈവത്തിന്റെ കൈ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്.  ഇതേ മത്സരത്തില്‍ തന്നെ ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയി. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിന്റെ തോല്‍പ്പിച്ചു.

മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമജര്‍മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള സ്വര്‍ണപന്ത് മറഡോണ സ്വന്തമാക്കുകയും ചെയ്തു. തൊട്ടടുത്ത ലോകകപ്പിലും മറഡോണ അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചെങ്കിലും ജര്‍മനിയോട് 1-0ന് തോറ്റു.

ദേശീയ ടീമില്‍ അംഗമായിരുന്നിട്ടും പരിചയക്കുറവിന്റെ പേരില്‍ മറഡോണക്ക് 1978ലെ ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ ഇടം ലഭിച്ചില്ല. 1982-ല്‍ ലോകകപ്പില്‍ അരങ്ങേറ്റം. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അര്‍ജന്റീന പുറത്തായി. 

1979-ലെ യൂത്ത് ഫുട്‌ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീന സംഘത്തില്‍ മറഡോണ അംഗമായിരുന്നു. ഈ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണപ്പന്ത് നേടുകയും ചെയ്തു.  യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും സ്വര്‍ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.

1990-ലെ ഇറ്റലി ലോകകപ്പിനിടയ്ക്ക് നടത്തിയ ഒരു ഉത്തേജകമരുന്നുപരിശോധനയില്‍ പിടിക്കപ്പെട്ട് തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും വിലക്കപ്പെട്ടു.

1982-ലെ ലോകകപ്പിനു ശേഷം ബാഴ്‌സലോണ മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു. എന്നാല്‍ ബാഴ്‌സലോണയില്‍ കളിക്കുന്ന കാലയളവ് പരിക്കുകളുടേയും രോഗത്തിന്റെയും വിവാദങ്ങളുടേയും കാലമായിരുന്നു. 1984-ല്‍ മറഡോണ ബാഴ്‌സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു.

1984 മുതല്‍ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളില്‍ പങ്കാളിയാകുകയും ചെയ്തു. ഇതാണ് മറഡോണയുടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ സുവര്‍ണകാലമായി കണക്കാക്കപ്പെടുന്നത്. 

1991 മാര്‍ച്ച് 17-ന് ഒരു മത്സരശേഷമുള്ള പരിശോധനയില്‍ മറഡോണ, മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് 15 മാസത്തേക്ക് വിലക്കി. വിലക്കുമാറിയശേഷം 1992-ല്‍ സ്‌പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വര്‍ഷം സെവിയ്യക്കു വേണ്ടി കളിച്ചു. 1993 മുതല്‍ 1995 വരെ അര്‍ജന്റീനയിലെ നെവെല്‍സ് ഓള്‍ഡ് ബോയ്‌സിനു വേണ്ടിയും 1995 മുതല്‍ 1997 വരെ ബോക്ക ജൂനിയേഴ്‌സിനു വേണ്ടിയും കളിച്ചു.

2008 മുതല്‍ 10 വരെ അര്‍ജന്റീന ടീമിന്റെ പരിശീലകനായി. അതിനുശേഷം 2011-12 കാലഘട്ടത്തില്‍ ദുബായ് ക്ലബ് അല്‍ വാസിയുടെയും 2017-18ല്‍ ഫുജിറ ക്ലബിന്റെയും പരിശീലകനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.