''ഞാന്‍ മാപ്പ് ചോദിക്കുന്നു'' വിദ്യാര്‍ത്ഥികളെ അമ്പരപ്പിച്ച് മോദി

Saturday 26 May 2018 3:20 am IST
കല്‍ക്കത്ത ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അമ്പരപ്പിച്ചും കയ്യിലെടുത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂദല്‍ഹി: ''ഞാന്‍ ഇവിടേക്ക് വരുമ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടു. സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ ഞാന്‍ അവരോട് മാപ്പ് ചോദിക്കുന്നു''. കല്‍ക്കത്ത ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അമ്പരപ്പിച്ചും കയ്യിലെടുത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ശാന്തിനികേതന്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2021ന് മുന്‍പ് സര്‍വ്വകലാശാലയ്ക്ക് ചുറ്റുമുള്ള നൂറോ ഇരുനൂറോ ഗ്രാമങ്ങള്‍ സ്വയംപര്യാപ്തമാക്കാന്‍ പരിശ്രമിക്കണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞമനസ്സോടെ സ്വീകരിച്ചു. ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തണം. എല്‍പിജി കണക്ഷനുണ്ടാകണം. കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കണം. ഡിജിറ്റലായി അപേക്ഷകള്‍ നല്‍കാന്‍ സാധിക്കണം. കേന്ദ്ര പദ്ധതികള്‍ ഇതിനായി ഉപയോഗിക്കാം. ഗ്രാമീണരെ പദ്ധതികളില്‍ അംഗങ്ങളാക്കണം. മോദി പറഞ്ഞു. ആദ്യമായാണ് ശാന്തിനികേതനിലെ പരിപാടിയില്‍ മോദി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ചാന്‍സലറായിട്ടുള്ള ഏക സര്‍വ്വകലാശാലയാണ് വിശ്വഭാരതി.  

 ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രണ്ട് പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് അപൂര്‍വ്വമാണെന്ന് ചൂണ്ടിക്കാട്ടിയ മോദി ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ സുഹൃദ്ബന്ധം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി വേദി വിടാനൊരുങ്ങിയപ്പോള്‍ സുരക്ഷാവലയം ഭേദിച്ച് വിദ്യാര്‍ത്ഥികളിലൊരാള്‍ അടുത്തെത്തി രബീന്ദ്രനാഥ ടാഗോറിന്റെ ഛായാചിത്രം സമ്മാനിച്ചു. 1921 ഡിസംബറില്‍ ശാന്തിനികേതനില്‍ ടാഗോറാണ് കോളേജ് സ്ഥാപിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.