വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കില്‍ 78 കോടിയുടെ തട്ടിപ്പ്

Saturday 26 May 2018 3:21 am IST

കോട്ടയം: കാല്‍ നൂറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന വൈക്കം വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് . വൈക്കം അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) ഓഫീസിലെ മേവെള്ളൂര്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് 78.94 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.  ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യാതൊരു ഈടും സ്വീകരിക്കാതെ വായ്പ അനുവദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

ബിജെപി വൈക്കം മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തായത്. സിപിഎം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗവും മുന്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന യു. ചന്ദ്രശേഖരന്‍ നായര്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ.എം. കുഞ്ഞുമുഹമ്മദ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം വി.എന്‍. മനോഹരന്‍, എന്‍സിപി ജില്ലാ പ്രസിഡന്റും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി ബേബി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണമുള്ളത്.

വായ്പകളിലും തിരികെ ഈടാക്കുന്നതിലും കുറ്റകരമായ ക്രമക്കേടുകളും അഴിമതിയുമാണ് കണ്ടെത്തിയത്.  നിക്ഷേപങ്ങളിലും  അവര്‍ക്ക് നല്‍കുന്ന പലിശയിലും  നിക്ഷേപ ഈടില്‍ നല്‍കുന്ന വായ്പയുടെ പലിശ ഈടാക്കുന്നതിലും ക്രമക്കേടുകളുണ്ട്. സ്വര്‍ണ്ണ ഉരുപ്പടികളുടെ ഈടിന്മേല്‍ വായ്പ നല്‍കുമ്പോള്‍  തല്പര കക്ഷികള്‍ക്ക്,  ഉള്ള തൂക്കത്തിലും കൂടുതല്‍ തൂക്കം കാണിച്ച് ആവശ്യമുള്ള തുക നല്‍കിയിട്ടുണ്ട്. 

 യു. ചന്ദ്രശേഖരനും ഇ.എം. കുഞ്ഞുമുഹമ്മദും വി.എന്‍.മനോഹരനും ബാങ്കിന്റെ പ്രസിഡന്റുമാരായിരുന്നു. 2009-2014ല്‍ പ്രസിഡന്റായിരുന്ന മനോഹരന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് .   മുന്‍ പ്രസിഡന്റ് വി.എന്‍. മനോഹരന്റെ കാലത്ത്  46.49 ലക്ഷം രൂപയും, ടി.വി. ബേബിയുടെ കാലത്ത്  61.38 ലക്ഷം രൂപയും, ഇ.എം. കുഞ്ഞുമുഹമ്മദെ്രന്റ കാലത്ത്  9.6 ലക്ഷം രൂപയും തട്ടിപ്പു നടത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരില്‍ 2.69 കോടിരൂപയുടെ വായ്പയാണ് ഈടില്ലാതെ നല്‍കിയിയത്.

ഭരണസമിതി അംഗം ജി. പ്രദീപിന്റെ പേരില്‍ 45.60 ലക്ഷവും,  അച്ഛന്‍ വി.എസ്. ഗോപാലകൃഷ്ണന്‍, ഭാര്യ ശ്രീജ, അമ്മ രാധ എന്നിവര്‍ക്ക് 77.40 ലക്ഷവും ഭരണസമിതി അംഗം വി. വി. ജനീനയുടെ ഭര്‍ത്താവ് സുധാകരന് 36.76 ലക്ഷവും ഭരണസമിതി അംഗം മിനി ജോയിയുടെ ഭര്‍ത്താവ് പി. വൈ ജോയിക്ക് 5.8 ലക്ഷവും, ഭരണസമിതി അംഗം ഗോപാലകൃഷ്ണന് 3.15 ലക്ഷവും, അമ്മ കൗസല്യക്ക് 6 ലക്ഷവും,  ഭരണസമിതി അംഗം  അനില്‍ മാത്യുവിന് 16.3 ലക്ഷവും, ഭരണസമിതി അംഗം സരോജനി മടത്തേടത്തിന് 47,972 രൂപയും ഭരണസമിതി അംഗം പി.കെ.ശശികുമാറിന് 6.26 ലക്ഷവും ഈടില്ലാതെ വായ്പ അനുവദിച്ചു.

ഫസല്‍ മംഗലത്ത് എന്ന കോണ്‍ഗ്രസ് നേതാവിന് ക്രമവിരുദ്ധമായി 2.27 കോടി രൂപയാണ് വായ്പ അനുവദിച്ചത്.

തട്ടിപ്പിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ബാങ്ക് സെക്രട്ടറിയും സിപിഎം പ്രാദേശിക നേതാവുമായ എസ്. ജി. ധനഞ്ജയന്‍ 61.88 ലക്ഷവും സെക്രട്ടറി ഇന്‍ ചാര്‍ജുള്ള സിപിഎം പ്രദേശിക നേതാവ് എം. കെ. ഹരിദാസന്‍ 12.36 ലക്ഷവും ബാങ്കിനെ കബളിപ്പിച്ചു. ജീവനക്കാര്‍ സ്വന്തമായി ഈടില്ലാതെ എടുത്ത വായ്പ 1.87 കോടി രൂപയാണ്. ക്രമക്കേടിനെ തുടര്‍ന്ന് വനിത ബാങ്ക് കാഷ്യറും സസ്‌പെന്‍ഷനിലാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.