കഥകളിയുടെ ശ്രീ

Sunday 27 May 2018 2:34 am IST
തെക്കന്‍ കേരളത്തില്‍ നിന്ന് കലാമണ്ഡലത്തിലെ വടക്കന്‍ ചിട്ടയില്‍ ചേര്‍ന്നുവളര്‍ന്നയാളാണ് കലാമണ്ഡലം ശ്രീകുമാര്‍. പ്രശസ്തരായ വലിയ ആശാന്മാര്‍ക്കുശേഷമുള്ള തലമുറയിലെ മുതിര്‍ന്നവരില്‍ ശ്രീകുമാറിന്റെ സ്ഥാനം ചെറുതല്ല

കേരള കലാമണ്ഡലത്തിലെ ചട്ടക്കൂടുകളില്‍നിന്നും അഭ്യാസം കഴിഞ്ഞു വരുന്ന വിദ്യാര്‍ത്ഥികള്‍ കലാകേരളത്തിന്റെ അഭിമാനതാരങ്ങളായിരിക്കും. മഹാകവിയുടെ തികഞ്ഞ പരിശ്രമത്തിന്റെ മഹാവിജയമാണിത്. വിദഗ്ദ്ധരായ ആശാന്മാരുടെ കളരികളില്‍നിന്ന് തേച്ചുമിനുക്കിയെടുത്ത പാത്രബോധത്തെ അരങ്ങിന്റെ തെളിവില്‍ നിറഞ്ഞുകാണാം. മുദ്രയുടേയും കലാശത്തിന്റേയും മിഴിവുകള്‍ ഉണരുന്ന അനുഭവം ഓരോ വിദ്യാര്‍ത്ഥിയും നമ്മെ കാണിച്ചുതരും. ഇവരെല്ലാം ആശാന്മാരുടെ കോപ്പികള്‍ ആവില്ല. ആവാനും പാടില്ല; പകര്‍പ്പു കാണിക്കുന്നവരും. അവര്‍ക്ക് വലിയ അംഗീകാരങ്ങള്‍ കിട്ടും. അതെല്ലാം കുറച്ചുകാലത്തേക്കുമാത്രമാവും. ഇതില്‍നിന്നെല്ലാം പലതും പഠിക്കാനുണ്ടെന്ന് പഴക്കം ചെന്ന കലാപ്രതിഭകള്‍ പറയും.

വിശപ്പിന്റെ വിളിയുമായി നടക്കുന്ന വേളയിലാണ് ഒരു നിമിത്തമെന്നോണം കലാരംഗത്തേക്ക് കടന്നുവരിക. ഈശ്വരാനുഗ്രഹത്താല്‍ ഉയര്‍ച്ചയിലെത്തുവാന്‍ അതുവഴിവച്ചേക്കാം. ഇക്കൂട്ടത്തില്‍ ഒരാളാണ് കലാമണ്ഡലം ശ്രീകുമാര്‍. തെക്കന്‍ കേരളത്തില്‍ നിന്ന് കലാമണ്ഡലത്തിലെ വടക്കന്‍ചിട്ടയില്‍ ചേര്‍ന്നുവളര്‍ന്നയാള്‍.

പ്രശസ്തരായ വലിയ ആശാന്മാര്‍ക്കുശേഷമുള്ള തലമുറയിലെ മുതിര്‍ന്നവരില്‍ ശ്രീകുമാറിന്റെ സ്ഥാനം ചെറുതല്ല. ഒരു കലാകാരന്‍ എങ്ങനെയൊക്കെയാവണമെന്ന് ഇദ്ദേഹത്തില്‍നിന്ന് മനസ്സിലാക്കാമെന്നാണ് സഹപ്രവര്‍ത്തകരുടെ ഭാഷ്യം. വീരഭാവത്തിലാണ് സ്ഥായി എന്ന് ആസ്വാദകര്‍ വിലയിരുത്തുന്നു. തന്റെ പരിമിതികളെപ്പറ്റി തികച്ചും ബോധവാനാണിദ്ദേഹം. അനാവശ്യമായുള്ള ഒന്നും അവിടെനിന്ന് പുറത്തേക്ക് വരില്ല. മിനുക്ക്, പച്ച, കത്തി ഇത്തരം വേഷങ്ങള്‍ ശ്രീയില്‍ ഭദ്രമാണെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്.

മുതിര്‍ന്ന ഗുരുക്കന്മാരുടെ കീഴില്‍ പഠിച്ചതും അരങ്ങു പരിചയവും ശ്രീകുമാറില്‍ നിറഞ്ഞുനില്‍ക്കുന്നു. വരുംതലമുറയ്ക്ക് മുന്നില്‍ ഇദ്ദേഹം വലിയ ആശാന്‍ തന്നെയാണ്. അനുകരണ ശീലം തെല്ലുമില്ലാത്തതിന്റെ ഗുണം ഇദ്ദേഹത്തില്‍ കാണാം. സ്വന്തമായുള്ള വഴികളിലേക്ക് ശ്രമം നടത്തുന്നുണ്ട്. പുതുതലമുറയ്ക്ക് പൊതുവെയില്ലാത്ത അനുഭവത്തിന്റെ കുറവ് കാലത്തിന്റെ കുറവാകാം. നളചരിതം തുടങ്ങിയ പച്ചവേഷങ്ങള്‍ ശ്രദ്ധാപൂര്‍വം ചെയ്തുവരുന്നതിന്റെ മികവും, വേഷവലുപ്പവും മുദ്രയുടെ ഭംഗിയും വിശാലമായ മുഖവും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

ജൂണ്‍ രണ്ടിന് തൃപ്പൂണിത്തുറയില്‍ ശ്രീകുമാറിന്റെ അറുപതാം പിറന്നാളാഘോഷത്തിന് ശിഷ്യരും സഹപ്രവര്‍ത്തകരും ആസ്വാദകരും ഒന്നിക്കുകയാണ്.

പിന്നിട്ട വഴികളെക്കുറിച്ച്

ചേര്‍ത്തലയിലെ കുത്തിയതോട് സ്‌കൂളിലാണ് പഠനം. അച്ഛന്റെ വീട്ടില്‍നിന്ന് വളരുന്ന കാലത്ത് അമ്പലത്തിലെ വൃത്തിയാക്കല്‍ തൊഴിലും നിര്‍വഹിക്കണം. ആയിടെ സ്ഥലംമാറി വന്ന ശാന്തിക്കാരനാണ് ശ്രീകുമാറിന്റെ കലാവാസനയെ അറിഞ്ഞത്. അമ്മയും മുത്തശ്ശിമാരും തിരുവാതിര കളിയില്‍ നിപുണരായിരുന്നു. അതിന്റെ സംഗീതവാസനയാല്‍ ഒരു ബാലെ ട്രൂപ്പില്‍ പാട്ടും മറ്റുമായി ചേര്‍ന്നു. അമ്പലത്തിലെ ഊട്ടുപുരയില്‍ നടന്നുവന്നിരുന്ന കഥകളി വേഷ പഠനം കാണുവാന്‍ കിട്ടുന്ന അവസരം ശ്രീയും മുതലാക്കി. അവരുടെ സഹായിയായി. ഒടുവില്‍ അച്ഛന്റെ സമ്മതം വാങ്ങി എരമല്ലൂര്‍ ബാലകൃഷ്ണമേനോന്‍ ആശാനു കീഴില്‍ കഥകളി പഠനം തുടങ്ങി. രുഗ്മിണീ സ്വയംവരത്തിലെ കൃഷ്ണനായിരുന്നു അരങ്ങേറ്റത്തിലെ വേഷം. അത് പത്താംക്ലാസ്സു കഴിയുംവരെ തുടര്‍ന്നു. ആശാന്‍ പോകുന്നിടത്ത് കുട്ടിത്തരം വേഷം ചെയ്ത് അരങ്ങു പരിചയം സിദ്ധിച്ചിരുന്നു.

ഉത്സവക്കാലത്ത് നാല് ദിവസം നീണ്ടുനിന്ന കഥകളി കണ്ട ബാല്യകാലമാണ് ശ്രീകുമാറിന്റെ മനസ്സുനിറയെ വേഷത്തിന്റെ മിഴിവുണര്‍ത്തിയത്. പത്താംക്ലാസു പാസ്സായപ്പോള്‍ കലാമണ്ഡലത്തില്‍ വടക്കന്‍ കളരിയില്‍ ചേര്‍ന്നു. ആശാന്റെ നിര്‍ബന്ധമായിരുന്നു കഥകളിക്ക് കലാമണ്ഡലത്തില്‍ ചേര്‍പ്പിച്ചത്. ഇന്റര്‍വ്യൂവില്‍, പാടാന്‍ അറിയാമോ എന്ന ചോദ്യത്തിന് കിരാതം കഥയിലെ 'അന്തകാന്തക....' ചൊല്ലി. മഹാകവി ഒളപ്പമണ്ണ ചോദിച്ചു നമ്പീശാ... എന്താ ചെയ്യേണ്ടേ... പാടാന്‍ മതിയോ? 

ഉടനെ ശ്രീകുമാര്‍ പറഞ്ഞു, വേഷം മതി. അത് നിശ്ചയമായിരുന്നു. 1975-ല്‍ വാഴേങ്കട വിജയന്റെ കളരിയില്‍ നിന്ന് അഭ്യാസം ആരംഭിച്ചു. പുറപ്പാടിലെ കൃഷ്ണനായി രണ്ടാംവര്‍ഷം അരങ്ങേറി. സ്‌കൂളിലെ പ്യൂണായ അച്ഛന് മാസം 50 രൂപയാണ് ശമ്പളം. ഇതുകൊണ്ട് രണ്ടു കുടുംബം പോറ്റണം. 80 രൂപ സ്റ്റൈപ്പന്റ് കിട്ടും. ഇങ്ങനെ അച്ഛനെ സഹായിക്കാനായി.

ഗോപിയാശാന്റെ കളരിയില്‍ എത്തിയതോടെ വൃത്തി കൂടുതല്‍ കര്‍ക്കശമായി. മുദ്ര, ചുഴിപ്പെടുക്കല്‍, കണ്ണുസാധകം, കാലിന്റെ ചലനം അങ്ങനെ ഭംഗിവളര്‍ത്തിയെടുക്കാന്‍ ശ്രമമായി. അതിന്റെ ഗുണത്തെ പ്പറ്റി ബോധ്യപ്പെട്ടപ്പോള്‍ സ്വയം ഉത്സാഹിക്കാന്‍ തോന്നി. വേഷവിദ്യാര്‍ത്ഥിക്കുള്ള സമ്മാനങ്ങള്‍ നേടിയത് പഠനത്തിന്റെ ആഴം വര്‍ധിപ്പിക്കാന്‍ ഇടയാക്കി.

ആര്‍എല്‍വിയില്‍ പഠനത്തിനിടയിലാണ് രണ്ട് മാസത്തെ യൂറോപ്പ് പര്യടനം. അത് എന്തോ കാര്യത്താല്‍ വെട്ടിച്ചുരുക്കി സംഘം യാത്ര തിരിച്ചു. കലാമണ്ഡലത്തില്‍ എത്തിയപ്പോഴാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ അധ്യാപകനുള്ള ഇന്റര്‍വ്യൂ കാര്‍ഡു വന്നുകിടക്കുന്നത്. യൂറോപ്പു പര്യടനം വെട്ടിച്ചുരുക്കിയതിനാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. ജോലിയും സമ്പാദിച്ചു. 

കലാമണ്ഡലത്തില്‍ ചേരാനും ജോലി നേടാനും രാമന്‍കുട്ടിയാശാന്റെ അനുഗ്രഹം ഉണ്ടായി. തൃപ്പൂണിത്തുറ സര്‍വകലയുടേയും വിളനിലമാണ്. അവിടെ നല്ല സമയത്ത് എത്തിച്ചേര്‍ന്നതിനാല്‍ കഥകളിക്കാരന്‍  എന്ന നിലയില്‍ ഏറെ വളരാന്‍ കഴിഞ്ഞു. നല്ല വിദ്യാര്‍ത്ഥികളേയും കിട്ടി.

കലാമണ്ഡലത്തില്‍ ചേരുന്നതില്‍ കൈനിക്കരയിലെ തിരുമേനിയുടെ സഹായം മറക്കാനാവില്ലെന്നും ശ്രീകുമാര്‍ പറയും. പഠനത്തിനിടയില്‍ മറ്റു പലരുടേയും കണ്ണില്‍ മോശക്കാരന്‍ വിദ്യാര്‍ത്ഥിയായി അവരുടെ കുത്തുവാക്കുകള്‍ മനസ്സില്‍ ആഴ്ന്നുകൊണ്ടു. സ്വപ്രയത്‌നത്താല്‍ ആ കുറവും നികത്തി. പറഞ്ഞവരെക്കൊണ്ടു തിരിച്ചും പറയിച്ചു.

കിരാതത്തിലേയും സന്താനഗോപാലത്തിലേയും അര്‍ജ്ജുനന്‍ ശ്രീയുടെ താല്‍പ്പര്യവേഷമായി. പാട്ടിന്റെ വാസന കാരണം ആളില്ലാത്ത ഇടങ്ങളില്‍ പാട്ടുകാരനും ആയി. വെണ്മണി ഹരിദാസിനൊപ്പവും പാടി. ഇത് ഒരു സൂക്ഷിക്കാവുന്ന അനുഭവമായി. അധ്യാപകനായെങ്കിലും സ്വയം അഭ്യാസത്തിന് കുറവു വരുത്തിയില്ല. സംഗീതജ്ഞന്‍ മാവേലിക്കര പി. സുബ്രഹ്മണ്യം സാറാണ് മുറിയില്‍ ഒന്നിച്ചു താമസിച്ചിരുന്നത്. പുലര്‍ച്ചെ അദ്ദേഹം സംഗീത സാധകം നടത്തി. ആ സമയത്ത്, ശ്രീ-കണ്ണ് സാധകവും ചെയ്തു. അതിനാല്‍തന്നെ ഇന്ന് ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സ് ഈ ഗുരുവിനുണ്ട്.

വൈക്കം കരുണാകരനാശാന്റെ മകള്‍ രഞ്ജിനി ഇപ്പോള്‍ കത്തിവേഷം അരങ്ങില്‍ അവതരിപ്പിച്ച് എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ശ്രീകുമാര്‍ എന്ന വലിയ അധ്യാപകന്റെ മികവിനാലാണിത്. തൃപ്പൂണിത്തുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഗുരുവായിത്തീര്‍ന്നത് കലാമണ്ഡലത്തില്‍നിന്ന് ലഭിച്ച ഗുണങ്ങള്‍ കൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് കലയുടെ ശ്രീയായിത്തീര്‍ന്നതും. ഭാര്യ: ഗീത. മകള്‍ അശ്വതി ആയുര്‍വേദ വിദ്യാര്‍ത്ഥിയാണ്. ആലുവ കരുമാല്ലൂരിലാണ് ശ്രീകുമാറിന്റെ താമസം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.