ഒഴിവുകാലത്തും ഒഴിഞ്ഞുകിടക്കുന്ന തിയറ്ററുകള്‍

Saturday 26 May 2018 7:04 pm IST
മധ്യകാല വേനലവധി തീരും മുന്‍പു തന്നെ തിയറ്റര്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ. പുതിയ ചിത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടും ഉള്ളവതന്നെ ഗത്യന്തരമില്ലാതെ ഓടിക്കുന്നതുംകൊണ്ടാണ് ഇത്. പണ്ടത്തെപോലെ പൂര്‍ണ്ണമായും ഇക്കാലയളവിനെ ചൂഷണം ചെയ്യാന്‍ മലയാള സിനിമയ്ക്കായില്ല.

മധ്യകാല വേനലവധി തീരും മുന്‍പു തന്നെ തിയറ്റര്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ. പുതിയ ചിത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടും ഉള്ളവതന്നെ ഗത്യന്തരമില്ലാതെ  ഓടിക്കുന്നതുംകൊണ്ടാണ് ഇത്. പണ്ടത്തെപോലെ പൂര്‍ണ്ണമായും ഇക്കാലയളവിനെ ചൂഷണം ചെയ്യാന്‍ മലയാള സിനിമയ്ക്കായില്ല. പുതിയവ ഇറങ്ങാത്തതു മാത്രമല്ല ഇറങ്ങിയവ തന്നെ പലതും പോരായിരുന്നു.

എന്നാല്‍ അഭിപ്രായമുള്ള ചില ചിത്രങ്ങള്‍ക്കു അധികം ആളുകള്‍ കയറാനും പെട്ടെന്നു മാറേണ്ടവ ഒന്നു പിടിച്ചു നില്‍ക്കാനും സാധിച്ചുവെന്നതും ഇതിനിടെ നല്ലൊരു വാര്‍ത്തയാണ്. മമ്മൂട്ടിയുെട അങ്കിളിനും വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികള്‍ക്കും ആളുണ്ട്. വളിച്ച കോമഡിയില്ലാതെ ജീവിതത്തിന്റെ ചില യാഥാര്‍ഥ്യങ്ങള്‍കൊണ്ടാവണം ചിത്രം പിടിച്ചു നില്‍ക്കുന്നത്. നാളുകള്‍ക്കുശേഷം നല്ല മമ്മൂട്ടിച്ചിത്രം എന്ന നിലയില്‍ പ്രേക്ഷക പ്രീതിയിലാണ് അങ്കില്‍.

സമകാലീന സംഭവങ്ങള്‍ ചേര്‍ത്തുകൊണ്ട് ജിജ്ഞാസ ഉണര്‍ത്തിക്കൊണ്ടുപോകുമാറാണ് ജോയ് മാത്യുവിന്റെ കറതീര്‍ന്ന സ്‌ക്രിപ്റ്റ്. വലിയ വാര്‍ത്തയായി മാറിയ വ്യത്യസ്ത ചിത്രം ഈ.മ.യൗ.പ്പിനും ആളുണ്ട്. നല്ലൊരു ദൃശ്യാനുഭവമായ ,ലിയോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയ്ക്കു തന്നെ മതല്‍ക്കൂട്ടാണ്. ആസിഫ് അലിയുടെ ബി ടെക് ഓടുന്നുണ്ടെന്നു മാത്രം. ഇതിലെ പാട്ടുകള്‍ ഹിറ്റാണ്. ഹിറ്റുപാട്ടുകളല്ലല്ലോ സിനിമ.

അവധിക്ക് സകുടുംബം പ്രേക്ഷകര്‍ ഇടിച്ചുകേറും എന്ന വിചാരമായിരിക്കണം ചില തല്ലിക്കൂട്ടു സിനിമകള്‍ എങ്ങനേയും തിയറ്ററില്‍ എത്തിക്കുന്നതിനു പിന്നിലെ ചേതോവികാരം. പക്ഷേ സിനിമാക്കാരെക്കാള്‍ ബുദ്ധിയുണ്ട് കാണികള്‍ക്ക് എന്നുള്ള കാര്യം ഇത്തരക്കാര്‍ മറന്നുപോകുന്നു. ഏതെങ്കിലുമൊരു സിനിമ കാണാന്‍ എന്ന് പ്രത്യേകിച്ചൊരു തെരഞ്ഞെടുപ്പുമില്ലാതെ വരുന്ന കാണികളാണ് ഇത്തരം സിനിമകളുടെ ആശ്വാസം. ഈ  ചിത്രങ്ങളും ഒന്നുമില്ലാത്തതിന്റെ കൂട്ടത്തില്‍ ഓടി എന്നതും സന്തോഷം. നിര്‍മാതാവിന്റെ പോക്കറ്റ് കൂടുതല്‍ കാലിയാവില്ലല്ലോ. പറഞ്ഞുവരുമ്പോള്‍ ഒഴിവുകാലം ചൂഷണം ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ് തിയറ്ററുകള്‍.                    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.