ഉപാസിക്കേണ്ട ആത്മാവേത് ?

Sunday 27 May 2018 2:16 am IST
ഗൃഹസ്ഥരും വലിയ വേദപണ്ഡിതന്മാരുമായ അഞ്ചു പേര്‍ അശ്വപതി രാജാവിനെ കണ്ട് വൈശ്വാനര ആത്മാവിനെ പറ്റി ചോദിക്കുന്നതും അതിനുള്ള മറുപടിയുമാണ് അഞ്ചാം അദ്ധ്യായത്തിലെ 11 മുതല്‍ 24 വരെയുള്ള ഖണ്ഡങ്ങള്‍.

ഗൃഹസ്ഥരും വലിയ വേദപണ്ഡിതന്മാരുമായ അഞ്ചു പേര്‍ അശ്വപതി രാജാവിനെ കണ്ട് വൈശ്വാനര ആത്മാവിനെ പറ്റി ചോദിക്കുന്നതും അതിനുള്ള മറുപടിയുമാണ് അഞ്ചാം അദ്ധ്യായത്തിലെ 11 മുതല്‍ 24 വരെയുള്ള ഖണ്ഡങ്ങള്‍.

ഉപമന്യുവിന്റെ മകനായ പ്രാചീനശാലന്‍, പുലുഷന്റെ മകനായ സത്യയജ്ഞന്‍, ഭാല്ലവിയുടെ മകനായ ഇന്ദ്രദ്യുമ്‌നന്‍, ശര്‍ക്കരാക്ഷന്റെ മകനായ ജനന്‍, അശ്വതരാശ്വന്റെ മകനായ ബുഡിലന്‍ എന്നിവര്‍ ഗൃഹസ്ഥരും വലിയ വേദ പണ്ഡിതരുമായിരുന്നു. അവര്‍ ഒരുമിച്ചിരുന്ന് നമ്മുടെ ആത്മാവേത്? ബ്രഹ്മമേത്? എന്നതിനെ പറ്റി വിചാരം ചെയ്തു. ആത്മാവും ബ്രഹ്മവും തമ്മിലുള്ള അഭേദത്തെപ്പറ്റി അറിയാവുന്ന അവര്‍ ഉപാസ്യമായ ആത്മാവേതെന്നാണ് വിചാരം ചെയ്യുന്നത്.

സര്‍വ്വ ആത്മാവായ വൈശ്വാനരനെയാണ് ഉപാസിക്കേണ്ടത്. അരുണന്റെ  മകനായ ഉദ്ദാലകന്‍ ഈ വൈശ്വാനര ആത്മാവിനെ പറ്റി നല്ലപോലെ അറിയുന്നവനാനെന്നു കരുതി അവര്‍ ആ ആരുണിയുടെ അടുത്തെത്തി. അദ്ദേഹം അവരെയും കൊണ്ട് കേകയന്റെ മകനായ അശ്വപതി രാജാവിന്റെ അടുത്തെത്തി. ധനം ആഗ്രഹിച്ചാകും അവര്‍ വന്നതെന്ന് കരുതിയ രാജാവ് ധനം നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ നിരസിച്ചു. വൈശ്വാനരനെപ്പറ്റി പറഞ്ഞു തരാന്‍ അവര്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് വരാന്‍ അവരോട് പറഞ്ഞു. സമിത്തുക്കളുമായി വന്ന അവരെ ഉപനയിക്കാതെ ഉപദേശിച്ചു. ഉപനയനത്തിന്റെ ആവശ്യം അവര്‍ക്ക്  വേണ്ടാതിരുന്നതിനാലാണിത്. അവര്‍ അത്രയും യോഗ്യരായിരുന്നു.

ഏത് ആത്മാവിനെയാണ് ഉപാസിക്കുന്നതെന്ന രാജാവിന്റെ ചോദ്യത്തിന് പ്രാചീനശാലന്‍ ദ്യോവ് എന്നും സത്യയജ്ഞന്‍ ആദിത്യനെന്നും ഇന്ദ്രദ്യുമ്‌നന്‍ വായു എന്നും ജനന്‍ ആകാശം എന്നും ബുഡിലന്‍ അപ്പുകള്‍ എന്നും ഉദ്ദാലകന്‍ പൃഥ്വി എന്നും ഉത്തരം നല്‍കി. സുതേജസ്,വിശ്വരൂപന്‍, പൃഥക് വര്ത്മാവ്, ബഹുലന്‍, രയി പ്രതിഷ്ഠ എന്നിങ്ങനെയാണ് ക്രമത്തില്‍ ഓരോ വൈശ്വാനരന്റെയും പേര്. ഇവ വൈശ്വാനര ആത്മാവിന്റെ തല മുതല്‍ പാദം വരെയുള്ള ഭാഗങ്ങളാണ്. സുതജസ് എന്ന ദ്യുലോകം മൂര്‍ദ്ധാവാണ്. വിശ്വരൂപനായ ആദിത്യന്‍ കണ്ണാണ്. പൃഥക് വര്ത്മാവായ വായു പ്രാണനാണ്. ബഹുലമായ ആകാശം ശരീരമാണ്. രയിയാകുന്ന അപ്പുകള്‍ മൂത്രാശയമാണ്. പൃഥ്വി പാദങ്ങളാണ്. ഉരസ്സ് വേദിയാണ്. രോമങ്ങള്‍ ദര്‍ഭയാണ്. ഹൃദയം ഗാര്‍ഹപത്യ അഗ്‌നിയും മനസ്സ് ദക്ഷിണാഗ്‌നിയും വായ് ആഹവനീയാഗ്‌നിയുമാണ്.

വൈശ്വാനര ഉപാസകന്റെ ഭക്ഷണത്തെ അഗ്‌നിഹോത്രമായി പറയുന്നു. കഴിക്കുമ്പോള്‍ അഗ്‌നിഹോത്രമായി സങ്കല്‍പിച്ച് ചെയ്യണം. ഭക്ഷണം കഴിക്കുമ്പോള്‍ ഇത് പാലിക്കണം. പ്രാണായസ്വാഹാ, വ്യാനായ സ്വാഹാ, അപാനായ സ്വാഹാ,സമാനായ സ്വാഹാ, ഉദാനായ സ്വാഹാ എന്നിങ്ങനെ ക്രമത്തില്‍ ഹോമിക്കണം. കണ്ണ്, കാത്, വാക്ക്, മനസ്സ്,ത്വക്ക് എന്നിവയെല്ലാം ഇതിനാല്‍ തൃപ്തരാകും. ഇങ്ങനെ ഹോമിക്കുന്നയാള്‍ പുത്ര പൌത്രപരമ്പരയാലും പശുക്കള്‍ മുതലായ സമ്പത്ത് കൊണ്ടും അന്നം, ശരീര കാന്തി, ബ്രഹ്മവര്‍ച്ചസം ഇവകൊണ്ടും തൃപ്തനാകും. വൈശ്വാനര ദര്‍ശനത്തെ അറിയാതെ അഗ്‌നിഹോത്രം ചെയ്താല്‍ ചാമ്പലില്‍ ഹോമിക്കും പോലെയാകും. പ്രാണാഗ്‌നി ഹോത്രത്തിന്റെ മഹത്ത്വമാണ് ഇവിടെ പറയുന്നത്. വൈശ്വാനര ദര്‍ശനത്തെ അറിഞ്ഞു ഹോത്രത്തെ ചെയ്യുന്നവന്റെ അന്നം കഴിക്കുന്നവന്റെ എല്ലാ പാപങ്ങളും തീയിലിട്ട ഇഷീകപ്പുല്ലുപോലെ ദഹിച്ച് പോകുന്നു. വൈശ്വാനരനെ അറിയുന്നയാള്‍ ചണ്ഡാലന് ഉച്ഛിഷ്ടം കൊടുത്താലും വൈശ്വാനര ആത്മാവിലെ ഹോമമാകും. അത് പുണ്യത്തിനു കാരണമാകും.  

ഇത് സംബന്ഡിച്ച മന്ത്രം പറയുന്നു വിശപ്പുള്ള കുട്ടികള്‍ അമ്മയുടെ ചുറ്റും ഇരിക്കുന്നതുപോലെ എല്ലാ ഭൂതങ്ങളും അഗ്‌നിഹോത്രത്തെ ഉപാസിക്കുന്നു. വൈശ്വാനരജ്ഞന്റെ ഭോജനത്തെ ഭൂതങ്ങള്‍ കാത്തിരിക്കും. ഇദ്ദേഹത്തിന്റെ ഭോജനത്താല്‍ ലോകം മുഴുവന്‍ തൃപ്തരാകും. ഇതോടെ അഞ്ചാം അദ്ധ്യായം കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.