നിപ: മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം

Saturday 26 May 2018 8:34 pm IST
നിപ വൈറസ് ബാധയ്‌ക്കെതിരായ മുന്നൊരുക്കത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നു. അടിയന്തര ചികിത്സ വേണ്ട രോഗികളെ മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം

കോഴിക്കോട്: നിപ വൈറസ് ബാധയ്‌ക്കെതിരായ മുന്നൊരുക്കത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നു. അടിയന്തര ചികിത്സ വേണ്ട രോഗികളെ മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

കഴിഞ്ഞദിവസം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന്റെ തീരുമാന പ്രകാരമാണ് പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശം. കൂടൂതല്‍ പേരിലേക്ക്  വൈറസ് എത്താതിരിക്കാനാണ് ഇത്തരമൊരു മുന്‍കരുതല്‍.  അടിയന്തര കേസുകള്‍ അല്ലാത്തവ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് മറ്റ് സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കാനാണ് നിര്‍ദ്ദേശം നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നിരവധിപേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. 

മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന ഗര്‍ഭിണികളുടെ എണ്ണത്തില്‍  കുറവു വരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാഭാവിക പ്രസവം നടക്കാന്‍ സാദ്ധ്യതയുള്ളവര്‍ ജില്ലാ ആശുപത്രി, ബീച്ചാശുപത്രി തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം.

ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ലീവ് അനുവദിക്കരുതെന്നും സര്‍ക്കുലറിലുണ്ട്. അവശ്യഘട്ടങ്ങളില്‍ ചികിത്സാവശ്യാര്‍ത്ഥമുള്ള അവധി മെഡിക്കല്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പ്രകാരം മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ. പ്രോട്ടോകോള്‍ പ്രകാരം ഓരോ വകുപ്പിലുമുള്ള ഡ്രസ്‌കോഡ് നിര്‍ബന്ധമായും പാലിക്കണമെന്നും ആശുപത്രി ജീവനക്കാര്‍ മൊബൈല്‍ഫോണ്‍, വാച്ച് എന്നിവയുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്നും കൈകളില്‍ ആഭരണങ്ങള്‍ പാടെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സൂപ്രണ്ടുമാര്‍, വകുപ്പ് തലവന്മാര്‍, നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് സൂപ്രണ്ടുമാര്‍ എന്നിവര്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.