മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി വീണ്ടും ഇറക്കിവിട്ടു

Sunday 27 May 2018 3:25 am IST

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്. സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള പിണറായിയുടെ ചര്‍ച്ചായോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. കേരള സാഹിത്യ അക്കാദമിയില്‍ ഇന്നലെ രാവിലെ പത്തിനായിരുന്നു യോഗം. 

സാഹിത്യ അക്കാദമി ഹാളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിലേക്ക് മുന്‍കൂട്ടി ക്ഷണിച്ച പ്രകാരമാണ് പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരെ പരിപാടിയിലേക്ക് കടത്തിവിടില്ലെന്നും പോലീസ് അറിയിച്ചു. 

പരിപാടി അരങ്ങേറുന്ന ഹാളിന്റെ കവാടത്തില്‍ കനത്ത പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഹാളിനു പുറത്തു പോകണമെന്ന അറിയിപ്പും സംഘാടകര്‍ മൈക്കിലൂടെ നടത്തി. പ്രവേശനം നിഷേധിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ മടങ്ങി. 

ഉച്ചയ്ക്ക് ശേഷം സ്വകാര്യ ഹോട്ടലില്‍ മുതലാളിമാരും വ്യവസായ സംരംഭകരുമായി പിണറായി കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിലും മാധ്യപ്രവര്‍ത്തകരെ അകത്തു കയറ്റരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ശക്തന്‍ നഗറില്‍ പാര്‍ട്ടി നേതാവായ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലായിരുന്നു യോഗം. യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ പോലീസ് അറിയിപ്പിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. 

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമിയില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകം പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് പിആര്‍ഡി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതായി പ്രസിഡന്റ് കെ. പ്രഭാത്, സെക്രട്ടറി വിനീത എം.വി എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.