പൂരങ്ങളുടെ പൂരം ഇന്ന്

Sunday 27 May 2018 3:32 am IST
ഐപിഎല്‍ പതിനൊന്നാം പതിപ്പിലെ പൂരങ്ങള്‍ക്ക് സമാപനം കുറിക്കുന്ന വമ്പന്‍ പൂരം ഇന്ന് വാങ്കഡേ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. വെടിക്കെട്ടിന് തിരികൊളുത്തുന്നത് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും. കൊട്ടിക്കയറുന്നവര്‍ക്ക് കിരീടം തലയിലേറ്റാം. രാത്രി ഏഴിന് കിരീടപ്പോരാട്ടം ആരംഭിക്കും.

മുംബൈ: ഐപിഎല്‍ പതിനൊന്നാം പതിപ്പിലെ പൂരങ്ങള്‍ക്ക് സമാപനം കുറിക്കുന്ന വമ്പന്‍ പൂരം ഇന്ന് വാങ്കഡേ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. വെടിക്കെട്ടിന്  തിരികൊളുത്തുന്നത് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും. കൊട്ടിക്കയറുന്നവര്‍ക്ക് കിരീടം തലയിലേറ്റാം. രാത്രി ഏഴിന് കിരീടപ്പോരാട്ടം ആരംഭിക്കും.

ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് കളിക്കളത്തിലിറങ്ങുന്നത്. നേരത്തെ 2010, 2011 വര്‍ഷങ്ങളില്‍ ചെന്നൈ ചാമ്പ്യന്മാരായി. കെയ്ന്‍ വില്യംസണിന്റെ സണ്‍റൈസേഴ്‌സ് രണ്ടാം കിരീട മോഹവുമായാണ് ഇറങ്ങുന്നത്. 2016 ലാണ്  സണ്‍റൈസേഴ്‌സ് ആദ്യ കിരീടം ചൂടിയത്.

മെയ്് 22 ഇവിടെ നടന്ന ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ ചെന്നൈയില്‍ നിന്നേറ്റ  തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ സണ്‍റൈസേഴ്‌സിന് ലഭിക്കുന്ന അവസരമാണിത്.  അന്ന് വിജയത്തിന്റെ പടിവാതുക്കലില്‍ നിന്ന് സണ്‍റൈസേഴ്‌സ് തോല്‍വിയിലേക്ക് വഴുതി വീണു. രണ്ട് വിക്കറ്റിന്റെ വിജയവുമായി ചെന്നൈ കലാശപ്പോരാട്ടത്തിലേക്ക് മാര്‍ച്ച് ചെയ്തു. ഇത് ഏഴാം തവണയാണ് ചെന്നൈ ഫൈനലിലെത്തുന്നത്.  നേരത്തെ ലീഗ് മത്സരങ്ങളില്‍ രണ്ട് തവണയും ചെന്നൈ ഹൈദരാബാദിനെ കീഴടക്കി.

മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ സണ്‍റൈസേഴ്‌സ് രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പതിനാല് റണ്‍സിന് തകര്‍ത്താണ് ഫൈനലില്‍ ചെന്നൈയെ എതിരിടാന്‍ അര്‍ഹത നേടിയത്.

അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനമാണ് സണ്‍റൈസസേഴ്‌സിനെ ഫൈനലിലെത്തിച്ചത്. പത്ത് പന്തില്‍ 34 റണ്‍സ് അടിച്ചുകൂട്ടിയ റാഷിദ്  19 റണ്‍സിന് കൊല്‍ക്കത്തയുടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകളും വീഴ്ത്തി ഹൈദരാബാദിന് വിജയം സമ്മാനിച്ചു.

ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ശിഖര്‍ ധവാന്‍ , ബ്രാത്ത്‌വെയ്റ്റ്, മനീഷ് പാണ്ഡ്യ എന്നിവരാണ് സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ് ശക്തികള്‍. ധോണി, അമ്പാട്ടി റായിഡു, ഷെയ്ന്‍ വാട്‌സണ്‍, ഡു പ്ലെസിസ് തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്നതാണ് ചെന്നൈയുടെ ബാറ്റിങ് നിര.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.