മഴയെത്തിയിട്ടും സിവില്‍ സ്റ്റേഷനില്‍ മഴക്കാല ശുചീകരണമില്ല

Saturday 26 May 2018 10:00 pm IST

 

കണ്ണൂര്‍: മഴയെത്തിയിട്ടും കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ ഇതുവരെയും മഴക്കാല ശുചീകരണമാരംഭിച്ചില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമായി നടക്കുമ്പോഴാണ് പേരിന് പോലും ശുചീകരണം നടക്കാതെ സിവില്‍ സ്റ്റേഷന്‍ വളപ്പ് മാലിന്യക്കൂമ്പാരമായി നിലകൊള്ളുന്നത്. ഡിഎംഒ ഓഫീസ് ഉള്‍പ്പടെയുള്ള നിരവധി പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തുക്കുന്ന സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കൂടി മൂക്ക് പൊത്താതെ പൊതുജനങ്ങള്‍ക്ക് നടന്ന് പോകാന്‍ സാധിക്കില്ല. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള സെപ്റ്റിക്ക് ടാങ്കുകള്‍ മഴക്കാലമായാല്‍ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകാറുണ്ടെങ്കിലും ഇത് പ്രതിരോധിക്കാനുള്ള യാതൊരു വിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പ്രധാന ഭാഗങ്ങള്‍ വെള്ളം കെട്ടി കാട് മൂടിക്കിടക്കുന്നതിനാല്‍ വ്യാപകമായ കൊതുക് ശല്ല്യവുമുണ്ട്. 

സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകള്‍ നവീകരിച്ചതിന്റെ ഭാഗമായി പഴയ ഫര്‍ണ്ണിച്ചറുകളും ഫയലുകളും അലക്ഷ്യമായി കൂട്ടിയിട്ടതും സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നു. ഇതിന് പുറമേയാണ് ജീവനക്കാര്‍ ഭക്ഷണം കഴിച്ചതിന് ശേഷം അലക്ഷ്യമായി വലിച്ചറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍. മിക്ക ഓഫീസുകളിലും ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ വെയ്സ്റ്റ് ബാസ്‌കറ്റുകളുണ്ടെങ്കിലും ഇതൊന്നും ഉപയോഗിക്കാതെ ജീവനക്കാര്‍ മാലിന്യം വലിച്ചെറിയുന്നത് പതിവ് കാഴ്ചയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഇതുമൂലമുണ്ടാകുന്നത്. പ്രദേശം കാട് മൂടിക്കിടക്കുന്നതിനാല്‍ പ്രത്യക്ഷത്തില്‍ മാലിന്യം കാണാന്‍ സാധിക്കില്ല. മാലിന്യം നീക്കാനോ ശുചീകരണം നടത്താനോ ഇതു കാരണം സാധ്യമല്ല. വിവിധ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിനാളുകള്‍ ദിനം പ്രതി എത്തിച്ചേരുന്ന സ്ഥലമാണ് സിവില്‍ സ്റ്റേഷന്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതയോടെ ശുചീകരണം നടക്കുമ്പോഴും സിവില്‍ സ്റ്റേഷന്‍ ശുചീകരണത്തില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണ്.

മഴക്കാലമാരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാരകമായ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ ജില്ലാ ഭരണ കൂടം വ്യാപകമായ ബോധവല്‍ക്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അധികൃതരുടെ ഇത്തരം നീക്കങ്ങളെ പൂര്‍ണ്ണമായും വെല്ലുവിളിക്കുന്ന രീതീയിലാണ് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മാലിന്യ കൂമ്പാരം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.