വാഹനങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍കൂടി പിടിയില്‍

Saturday 26 May 2018 10:02 pm IST

 

ശ്രീകണ്ഠപുരം: മംഗളൂരുവില്‍ നിന്ന് വാഹനങ്ങള്‍ കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. നടുവില്‍ പള്ളിത്തട്ട് സ്വദേശിയായ യുവാവിനെയാണ് മംഗളൂരു കദ്രി പോലീസ് സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ നിളു ആര്‍.വിഡുവിന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. 

കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ടെ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെത്തേടി അന്വേഷണ സംഘം ഇന്നലെ രാത്രി ഇവിടെയെത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാള്‍ ചെന്നൈയിലേക്ക് കടന്നതായാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒന്‍പതു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച കസ്റ്റഡിയിലെടുത്ത് മംഗളൂരുവിലേക്ക് കൊണ്ടുപോയ പയ്യാവൂര്‍, പുലിക്കുരുമ്പ സ്വദേശികളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കവര്‍ച്ചാസംഘം വില്‍പ്പന നടത്തിയ 18 ബൈക്കുകള്‍ കൂടി ചന്ദനക്കാംപാറയില്‍ നിന്ന് മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്‍പത് ബുള്ളറ്റ്, ഏഴ് ഡ്യൂക്ക്, രണ്ടു കെടിഎം എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച ചന്ദനക്കാംപാറയിലെ വര്‍ക് ഷോപ്പില്‍ നിന്നും പ്രദേശത്ത് വില്‍പ്പന നടത്തിയവരില്‍ നിന്നുമായാണ് ബൈക്കുകള്‍ പിടിച്ചെടുത്തത്. 

ഒരു വര്‍ഷത്തിനിടെ സംഘം കവര്‍ന്ന 30 വാഹനങ്ങളില്‍ 12 എണ്ണം ഇനിയും കണ്ടെത്താനുണ്ട്. ഇവ ഇരിട്ടി, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ വില്പന നടത്തിയതായാണ് പോലീസ് നല്‍കുന്ന സൂചന. ഈ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ചന്ദനക്കാംപാറയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുമായി അന്വേഷണ സംഘം ഇന്ന് രാവിലെ മംഗളൂരുവിലേക്ക് മടങ്ങി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.