ശക്തമായ കാറ്റും മഴയും: ജില്ലയില്‍ വ്യാപക നാശനഷ്ടം

Saturday 26 May 2018 10:03 pm IST

 

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോടികളുടെ കൃഷിനാശം. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ വ്യാപകമായി കത്തിനശിച്ചു. മഴപെയ്തതോടെ വൈദ്യുതി നിലച്ചത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി മാറി.

തളിപ്പറമ്പ് പാലക്കുളങ്ങര, പൂക്കോത്ത് തെരു, കീഴാറ്റൂര്‍, മാന്തങ്കുണ്ട്, ചെനയന്നൂര്‍, പുഷ്പഗിരി, പട്ടുവം, അരിയില്‍  എന്നിവിടങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റാണ് വീശിയടിച്ചത്. തൃച്ഛംബരം ക്ഷേത്രം റോഡില്‍ നിരവധി മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി. 

പൂക്കോത്ത് തെരുവിലെ സോമസുന്ദരം, കിഴക്കേക്കര ദാസന്‍, കെ.വി.പങ്കജാക്ഷി, കീഴാറ്റൂരിലെ കെ.മോഹനന്‍, മഞ്ചുഷ, കെ.പി.സുരേഷ്, കെ.വി.പ്രേമജ, ടി.സി.ഓമന, ടി.സി.രമേശന്‍, പൊയിലങ്കര നരായണന്‍, വി.സൗദാമിനി, ഇ.പി.ഗോവിന്ദന്‍, നാരായണന്‍, പുരയില്‍ അനി, സരോജിനി തുടങ്ങിയവരുടെ വിടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 

തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ കുട്ടികളുടെ പാര്‍ക്കില്‍ മരംവീണ് നാശനഷ്ടമുണ്ടായി.  ആന്തൂര്‍ വ്യവസായകേന്ദ്രത്തിലെ സ്‌പെക്ട്ര പ്ലൈവുഡ് ഫാക്ടറിയുടെ ചിമ്മിനിയുടെ പുകക്കുഴല്‍ കാറ്റില്‍ നിലംപൊത്തി. 

തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ അമ്പതോളം പരുന്തുകള്‍ പറക്കാന്‍ വയ്യാത്ത അവസ്ഥയിലായി. ബിഎസ്എന്‍എല്‍ ഓഫീസ്, പോസ്റ്റോഫീസ് പരിസരങ്ങളിലാണ് പരുന്തുകള്‍ക്ക് പക്കാന്‍വയ്യാത്ത അവസ്ഥയിലായത്. നിരവധി പരുന്തുകള്‍ ചത്തുവീഴുകയും ചെയ്തു.

ആലക്കോട്, നാടുകാണി 33 കെവി സബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഇടിമിന്നലില്‍ കത്തിനശിച്ചു. ഇതോടെ മലയോരമേഖല പൂര്‍ണ്ണമായും ഇരുട്ടിലായി. ചപ്പാരപ്പടവ് ആലക്കോട് കാര്‍ത്തികപുരം സെക്ഷന്‍ ഓഫീസുകളുടെ പരിധിയിലെ പ്രദേശങ്ങളിലാണ് വൈദ്യുതിബന്ധം നിലച്ചത്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം നടന്നുവരികയാണ്. തിമിരി  ഏളയാട് പ്രദേശത്ത് അമ്പതോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് ചെറുപുഴ സബ്‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.