കൊട്ടിയൂര്‍വൈശാഖ മഹോത്സവം; ഇളനീരാട്ടം ഇന്ന്

Saturday 26 May 2018 10:04 pm IST

 

ഇരിട്ടി: 27 നാള്‍ നീണ്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് അക്കരെകൊട്ടിയൂര്‍ സ്വയംഭൂവില്‍ നടക്കുന്ന പ്രഥമ ചടങ്ങായ നെയ്യാട്ടം ഇന്ന് അര്‍ദ്ധരാത്രിയോടെ നടക്കും. ഇതിനു മുന്നോടിയായി സ്വയംഭൂവിലെ അഷ്ടബന്ധം ഇളക്കി മാറ്റുന്ന നാളം തുറക്കല്‍ ചടങ്ങ് ഇന്ന് വൈകുന്നേരത്തോടെ നടക്കും. 

 ഇന്ന് പുലര്‍ച്ചയോടെ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന നാട്ടിലെ നാനാഭാഗങ്ങളിലെ മഠങ്ങളില്‍ നിന്നുമുള്ള വ്രതം നോറ്റവര്‍ ജന്മസ്ഥാനികരായ വില്ലിപ്പാലന്‍ വലിയകുറുപ്പ്, തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാര്‍ എന്നിവര്‍ക്കൊപ്പം കൊട്ടിയൂരിലേക്ക് നീങ്ങും. ഉച്ചയോടെ ഇക്കരെ ക്ഷേത്രത്തില്‍ എത്തി വാവലിയില്‍ കുളിച്ച് പ്രസാദം സ്വീകരിച്ച് ഭക്ഷണം കഴിഞ്ഞു വിശ്രമിക്കും.

സന്ധ്യയോടെ വയനാട്ടിലെ മുതിരേരിയില്‍ നിന്നും വാള്‍ എഴുന്നള്ളിച്ചെത്തിച്ചതിനുശേഷം സ്ഥാനികര്‍ അക്കരെകൊട്ടിയൂരിലെ ദേവീ സ്ഥാനമായ മണിത്തറയില്‍ ചോതിവിളക്ക് തെളിയിക്കും. ഇതിനു ശേഷമാണ് നെയ്യമൃത് വ്രതക്കാര്‍ അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കുക. ഇതിനുശേഷം കണക്കപ്പിള്ള സമയം ഗണിച്ചു നല്‍കുകയും സമുദായി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം കൂടുകയും ചെയ്യും. ജന്മസ്ഥാനികരോട് പരാതി എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചശേഷം സമുദായി നെയ്യാട്ടത്തിന് അനുവാദം നല്‍കും. 

നെയ്യാട്ടത്തോടെ പുരുഷന്മാര്‍ക്ക് അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുമെങ്കിലും 28 ന് രാത്രിയോടെ മണത്തണ കരിമ്പന ഗോപുരത്തില്‍ നിന്നും പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം മാത്രമേ സ്ത്രീകള്‍ക്ക് ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.