സിറിയയില്‍ നിന്നുള്ള പലായനം വര്‍ധിക്കുന്നു

Saturday 10 November 2012 8:43 pm IST

ദമാസ്ക്കസ്‌: ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന സിറിയയില്‍ നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ ദിവസങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ സിറിയ വിട്ട്‌ പോകുന്നവരുടെ എണ്ണം 11,000 കവിയുമെന്നാണ്‌ യുഎന്‍ പറയുന്നത്‌. അതിര്‍ത്തി രാജ്യമായ തുര്‍ക്കിയിലേക്കാണ്‌ ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ എത്തുന്നത്‌.
കൂട്ടപ്പലായനത്തിനിടയിലും പ്രസിഡന്റ്‌ ബഷര്‍ അല്‍ അസദിന്റെ സൈന്യം അതിര്‍ത്തിയിലും ജനവാസകേന്ദ്രങ്ങളിലും ആക്രമണം വര്‍ദ്ധിപ്പിക്കുകയാണ്‌. വിമത സൈന്യവും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടങ്ങളാണ്‌ ജനവാസകേന്ദ്രങ്ങളില്‍ നടക്കുന്നത്‌. ഭരണമാറ്റം ആവശ്യപ്പെട്ട്‌ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച പോരാട്ടങ്ങളില്‍ ഇതുവരെ 36,000 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
റഷ്യന്‍ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ പ്രസിഡന്റ്‌ അസദ്‌ തന്റെ ഭാവി തീരുമാനിക്കേണ്ടത്‌ വോട്ടെടുപ്പിലൂടെയാണെന്നും ആക്രമണങ്ങളില്‍ ഭയന്ന്‌ ഓടുകയില്ലെന്നും സിറിയയില്‍ ജനിച്ച താന്‍ സിറിയയില്‍ തന്നെ മരിക്കുമെന്നും പറഞ്ഞു. രാജ്യത്ത്‌ ആഭ്യന്തര യുദ്ധമില്ലെന്ന്‌ പറഞ്ഞ അസദ്‌ ചില അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും പറഞ്ഞു. കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്‌ തീവ്രവാദികളാണ്‌. പാശ്ചാത്യ ശക്തികളാണ്‌ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന്‌ ചൂണ്ടിക്കാണിച്ച അസദ്‌ പാശ്ചാത്യ സഹായമില്ലാതെ വിമതര്‍ക്ക്‌ എവിടുന്നാണ്‌ ആയുധവും പണവും ലഭിക്കുന്നതെന്നും ചോദിക്കുന്നു.
പോരാട്ടങ്ങളില്‍ വ്യാപകമായി കൂട്ടക്കുരുതികളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുണ്ടെന്ന്‌ പറഞ്ഞ ഐക്യരാഷ്ട്ര സഭ സിറിയയില്‍ നിന്നും തുര്‍ക്കി, ജോര്‍ദ്ദാന്‍, ലെബനോന്‍, ഇറാക്ക്‌ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക്‌ പലായനം ചെയ്യപ്പെട്ടവരുടെ എണ്ണം 700,000 കവിയുമെന്നു പറയുന്നു. അടുത്ത വര്‍ഷമാദ്യം അടിയന്തര സഹായം ആവശ്യമായി വരുന്ന സിറിയക്കാരുടെ എണ്ണം നാല്‌ ദശലക്ഷമാകുമെന്നും യുഎന്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.