വികസനത്തിന്റെ പാതയില്‍ മൂന്നാം വര്‍ഷത്തിലേക്ക്

Sunday 27 May 2018 3:06 am IST
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ അധികാരമേറ്റെടുത്തിട്ട് രണ്ടുവര്‍ഷം തികഞ്ഞു. രണ്ടുവര്‍ഷം കൊണ്ട് സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തി മുന്നേറാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ അധികാരമേറ്റെടുത്തിട്ട് രണ്ടുവര്‍ഷം തികഞ്ഞു. രണ്ടുവര്‍ഷം കൊണ്ട് സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തി മുന്നേറാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 

ഹ്രസ്വകാല അടിസ്ഥാനത്തില്‍ ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങളില്‍ ആശ്വാസം പകരുകയും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ട ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്ന ദ്വിമുഖ രീതിയുമായാണ് സര്‍ക്കാര്‍ മുമ്പോട്ടുകൊണ്ടുപോകുന്നത്. ഇത് ഫലം കാണുന്നുണ്ടുതാനും. 

സര്‍ക്കാരിന് വിഭവപരിമിതിയുണ്ട്. എന്നാല്‍, ഓഖി പോലുള്ള ദുരന്തമുണ്ടായപ്പോഴോ അതിദുര്‍ബലവിഭാഗങ്ങള്‍ ജീവിതവൈഷമ്യങ്ങള്‍ നേരിട്ടപ്പോഴോ ആശ്വാസമെത്തിക്കുന്നതിന് സാമ്പത്തികബുദ്ധിമുട്ട് തടസ്സമായില്ല. അത് തടസ്സമായിക്കൂട എന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക നിഷ്‌കര്‍ഷ ഉണ്ടായിരുന്നു. അടിസ്ഥാനവികസനം അടക്കമുള്ള പൊതുവികസനത്തിന്റെ കാര്യത്തില്‍ നടപ്പുരീതിയിലുള്ള വിഭവസമാഹരണം മതിയാകില്ല എന്ന് സര്‍ക്കാരിന് ബോധ്യമുണ്ടായിരുന്നു. 

സാമൂഹ്യ സുരക്ഷാപദ്ധതികളാകെ വെട്ടിക്കുറയ്ക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ സമീപനത്തിന് വിരുദ്ധമായി സാമൂഹ്യക്ഷേമ മേഖലയില്‍ ശ്രദ്ധചെലുത്താനും സമൂഹത്തിലെ അടിസ്ഥാനവര്‍ഗത്തിന് പ്രയോജനകരമാകുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാനും സാധിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിച്ചു. കുടിശിക കൊടുത്തുതീര്‍ക്കുകയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്തു. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചു. കശുവണ്ടി-മത്സ്യമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതില്‍ ഉപേക്ഷയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തി. കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ വികസനത്തിനായുള്ള ശ്രമങ്ങള്‍ എല്‍പി, യുപി കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് സഹായകമായി. അതിഥി തൊഴിലാളികള്‍ക്ക് 'ആശ്വാസ്' എന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമും താമസത്തിനായി 'അപ്‌നാഘര്‍' എന്ന പദ്ധതിയും ആവിഷ്‌കരിച്ചു.

നഴ്‌സറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം 600 ശതമാനത്തോളം വര്‍ധിപ്പിച്ചു. ആശ വര്‍ക്കര്‍മാരുടെ ശമ്പളത്തില്‍ 50 ശതമാനം വര്‍ധന വരുത്തി. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രിജീവനക്കാരുടെ ശമ്പളം 36 മുതല്‍ 104 ശതമാനം വരെ  വര്‍ധിപ്പിച്ചു. 60 വയസുകഴിഞ്ഞ എല്ലാവരെയും സാമൂഹിക സുരക്ഷാശൃംഖലയില്‍ ഉള്‍പ്പെടുത്തി. പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 416 കോടി രൂപ 2.53 ലക്ഷം പേര്‍ക്ക് സുതാര്യവും സമയബന്ധിതവുമായി വിതരണം ചെയ്തു. പട്ടികജാതിക്കാര്‍ക്കായി 6200 വീടുകളാണ് പൂര്‍ത്തീകരിച്ചത്. 19,072 വീടുകള്‍ ഉടനെ പൂര്‍ത്തിയാകും. പട്ടികവര്‍ഗക്കാര്‍ക്ക് 22,481 വീട് പൂര്‍ത്തീകരിച്ചു. 2159 ആദിവാസി കുടുംബങ്ങളുടെ ഒരുലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളി. പോലീസിലും എക്‌സൈസിലും ആദിവാസികള്‍ക്ക് പ്രത്യേക നിയമനം നല്‍കി. സ്വന്തം ഭൂമി എന്ന സ്വപ്‌നം പേറി നടന്ന 55,296 പേര്‍ക്ക് പട്ടയം നല്‍കി, 20,000 പട്ടയങ്ങള്‍ കൂടി ഉടന്‍ നല്‍കാനാകും.

കേരള മോഡല്‍ സാമൂഹികവികസനം പുതിയ സാഹചര്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ അവയെ മറികടന്ന് ദീര്‍ഘവീക്ഷണത്തോടെ നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ മുമ്പോട്ടുകൊണ്ടുപോയി. അതിനായി വിഭാവനം ചെയ്ത് നടപ്പാക്കിയവയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആര്‍ദ്രം, ലൈഫ്, ഹരിതകേരളം എന്നീ മിഷനുകള്‍. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും സാര്‍വദേശീയ സാമ്പത്തികസമ്മര്‍ദ ഘട്ടത്തില്‍ ഈ മിഷനുകള്‍ വഴി കൂടിയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അതിന്റെ ബദല്‍ മുമ്പോട്ടുവച്ചതും മുന്നോട്ടു കൊണ്ടുപോകുന്നതും.

ആധുനികവും സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ളതുമായ വിശിഷ്ട വിദ്യാഭ്യാസം സമൂഹത്തിലെ സമ്പന്ന ന്യൂനപക്ഷത്തിനു മാത്രം മതി എന്ന് ആഗോളവത്കരണ നയം പറയുമ്പോള്‍ ഇവിടെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന മിഷനിലൂടെ പൊതുവിദ്യാഭ്യാസ രംഗത്തെയാകെ നവീകരിച്ചു, ഏതാണ്ട് 45,000 സ്മാര്‍ട്ട് ക്ലാസുകള്‍ സ്ഥാപിച്ചു. പതിമൂവായിരം സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖച്ഛായ തന്നെ മാറ്റി വിശിഷ്ട വിദ്യാഭ്യാസം സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കു പ്രദാനം ചെയ്യുന്നു.

നാളിതുവരെ നിരവധി പദ്ധതികളിലൂടെ ശ്രമിച്ചിട്ടും ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. വീടില്ലാത്തവര്‍ക്ക് തലചായ്ക്കാന്‍ ഒരിടം എന്ന നമ്മുടെ സ്വപ്‌നം സാക്ഷാത്കരിച്ചു തുടങ്ങിയിരിക്കുന്നു. നിര്‍മാണം മുടങ്ങിക്കിടന്ന 34,553 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ഭവനരഹിതരുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു. ഭൂരഹിതരായവര്‍ക്കുള്ള ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഭവനരഹിതരില്ലാത്ത അഭിമാനകേരളത്തിലേക്ക് നീങ്ങുന്നതിനുള്ള സമഗ്രമായ ദൗത്യമാണ് ലൈഫ് എന്ന മിഷന്‍.

പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരവും കാര്യക്ഷമവുമായ പല നേട്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞുവെങ്കിലും നൂറു ശതമാനവും പോലീസ് നന്നായി എന്ന് പറയാനാകില്ല. പോലീസില്‍ ചിലരെയെങ്കിലും പിടികൂടിയിട്ടുള്ള കുറ്റവാസനയും ദുഃശീലങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അത്തരക്കാര്‍ക്ക് എതിരെ അതിശക്തമായ നടപടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയ ചേരിതിരിവും സംഘര്‍ഷമുണ്ടാക്കാനും കലാപങ്ങള്‍ വരെ സൃഷ്ടിക്കാനും സാമൂഹ്യവിരുദ്ധ ശക്തികള്‍ പരിശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു നീക്കത്തെയും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കുകയില്ല. രാജ്യത്തിന്റെ ഭരണഘടനയെയും മതനിരപേക്ഷതയെയും ഉയര്‍ത്തിപ്പിടിക്കുന്നതിന് എല്ലാറ്റിലും ഉയര്‍ന്ന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

അതിവേഗത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ഇന്ത്യയിലെ ജനങ്ങള്‍ ആകെ ഉറ്റുനോക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഇത് ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുന്നു.  ആക്രമണോത്സുക വര്‍ഗീയതയും കോര്‍പ്പറേറ്റുവത്കരണം ഉള്‍പ്പെട്ട നവ ഉദാരവത്കരണ നയങ്ങളുമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍. അവയ്ക്കെതിരെ ശക്തമായ ജനകീയ ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ച് പുതിയ പന്ഥാവ് വെട്ടിത്തുറന്ന് മുന്നോട്ടുപോകുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. കൂടുതല്‍ പ്രകാശപൂര്‍ണവും ഐശ്വര്യസമൃദ്ധവുമായ നവകേരളത്തിനായി ശരിയായ ദിശയില്‍ നമുക്കൊന്നായി മുന്നേറാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.