ഇടതു മുന്നണി കേരളത്തെ 'ശരിയാക്കുമ്പോള്‍...'

Sunday 27 May 2018 3:08 am IST
ഇടതുമുന്നണി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ പേരില്‍ അവകാശവാദങ്ങളുമായി അരങ്ങു തകര്‍ക്കുമ്പോള്‍, കേരളം പനിച്ചു വിറയ്ക്കുകയാണ്. സാധാരണ പനിയല്ല ജനങ്ങളെ ഇപ്പോള്‍ വേട്ടയാടുന്നത്. ഇതെഴുതുമ്പോള്‍ തന്നെ, 13 പേരുടെ ജീവനെടുത്തു നിപ പനി. എത്ര പേരെ ഈ മാരകപ്പനി ബാധിച്ചു എന്നതിന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പക്കല്‍ വ്യക്തമായ കണക്കൊന്നുമില്ല. എങ്ങിനെ പ്രതിരോധിക്കണമെന്നും അറിയില്ല. പലതരം പനികളുടെ നാടായി കേരളം മാറിയിട്ട് നാളേറെയായി.

പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഭേദമെന്നു പണ്ടേ പറയാറുണ്ട്. പക്ഷെ പിണറായി സര്‍ക്കാരിന് ചികിത്സക്കോ പ്രതിരോധത്തിനോ സമയമില്ല. രണ്ടു വര്‍ഷം ഭരിച്ചതിന്റെ ആഘോഷത്തിമിര്‍പ്പിലും തിരക്കിലുമാണ് ഇടതുമുന്നണി സര്‍ക്കാര്‍. ഖജനാവില്‍ വികസന പദ്ധതികള്‍ക്കോ ക്ഷേമ പരിപാടികള്‍ക്കോ പണമില്ലെന്ന് പറയുമ്പോഴും ആഘോഷത്തിന് കോടികള്‍ പാഴാക്കുന്നതില്‍ കുറവൊന്നുമില്ല. മുണ്ടുമുറുക്കാന്‍ ജനങ്ങളോട് പറഞ്ഞിട്ട് ദശലക്ഷങ്ങള്‍ മുടക്കി വാങ്ങിയ പുതിയ ചലിക്കുന്ന കൊട്ടാരങ്ങളില്‍ നാടാകെ ഓടി നടക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിപുംഗവന്മാരും. നാട്ടിലെ പനിയോ പട്ടിണിയോ പീഡനമോ ഒന്നും അവര്‍ക്കു പ്രശ്‌നമേയല്ല. കോടികള്‍ ചിലവാക്കി മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതില്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നു. ഇതാണ് പിണറായി സര്‍ക്കാരിന്റെ  പുതിയ കേരള മോഡല്‍.

പഴയ കേരളവികസനവികനമോഡലിനെക്കുറിച്ച് ഇടതുപക്ഷ പാണന്മാര്‍ ലോകം മുഴുവന്‍ പലതും പാടി നടന്നിരുന്നു. കേരളം മാനവശേഷിവികസനത്തില്‍ മുന്‍പന്തിയിലാണ്, വിദ്യാഭ്യാസത്തിലും ആരോഗ്യപരിരക്ഷയിലുമൊക്കെ കേരളത്തെ കവച്ചു വയ്ക്കാന്‍ ആരുമില്ല എന്നതൊക്കെ ഇപ്പോള്‍ പാഴ്‌വാക്കുകളും പഴംകഥകളും ആയിക്കഴിഞ്ഞു. ആരോഗ്യപരിപാലനത്തിന്റെ നവകേരളമോഡലാണ്. ഈ വര്‍ഷം ഇത് വരെ മാത്രം എഴുപത്തിയാറു പേരാണ് സംസ്ഥാനത്ത് പനിയും പകര്‍ച്ച വ്യാധികളും പിടിച്ചു മരിച്ചത്, എട്ടര ലക്ഷത്തിലേറെയാളുകളാണ് കഴിഞ്ഞ കുറെ മാസങ്ങളിലായി ചികിത്സ തേടി ആശുപത്രികളില്‍ എത്തിയത്. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ജപ്പാന്‍ജ്വരം, മറ്റുജ്വരങ്ങളെന്നിവ ഇടയ്ക്കിടെ കേരളത്തില്‍ മരണം  വിതയ്ക്കുകയാണ്. എന്നിട്ടും പിണറായിയും സഖാക്കളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കളിയാക്കുകയാണ്. അത്ഭുതകരം തന്നെ ഈ തൊലിക്കട്ടി.

സാമ്പത്തിക തകര്‍ച്ചയും ധന മനേജ്‌മെന്റിലും വിഭവ സമാഹരണത്തിലും പ്രകടമാവുന്ന കെടുകാര്യസ്ഥതയും ഇടതുവലത് ഭരണങ്ങളുടെ മുഖമുദ്രയാണ്. ഇക്കുറി ഒരു സാമ്പത്തിക  വിദഗ്ധന്‍ ധനവകുപ്പ് കൈകാര്യം ചെയ്യുന്നു എന്നാണ് അവകാശവാദം. പക്ഷെ മുഖ്യമന്ത്രിക്ക് തന്റെ ധനമന്ത്രിയുടെ പ്രാവീണ്യത്തില്‍ വിശ്വാസം ലേശമില്ലെന്നതിന്റെ തെളിവാണ് തോമസ് ഐസക്കിന് മുകളില്‍ ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത്. ഐസക്ക് ആദ്യം ഒന്ന് പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഐസക്കിന് സാമ്പത്തിക മാനേജ്‌മെന്റിലുള്ളതിനേക്കാള്‍ ഇപ്പോള്‍ താല്‍പര്യം കേന്ദ്ര വിരുദ്ധ രാഷ്ട്രീയത്തിലാണ്. കേന്ദ്രനയങ്ങളെയും പരിഷ്‌കാരങ്ങളെയും പറ്റി പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതിലാണ് ഐസക്കിന് ശ്രദ്ധ.

ഏറെ കൊട്ടിഘോഷിച്ച തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചു. റെയില്‍പ്പാത ഇരട്ടിപ്പിക്കലിന് കമ്പനി രൂപീകരിക്കുന്നതും മറന്ന മട്ടാണ്. വിവിധ വ്യവസായങ്ങളിലായി കാല്‍ കോടി തൊഴിലുകളാണ് വാഗ്ദാനം ചെയ്തിരുന്നത്. അതും കടലാസില്‍ അവശേഷിക്കുന്നു. കേരളം കേട്ട ഏറ്റവും വലിയ തമാശയായിരുന്നു 'കിഫ്ബി' വഴിയുള്ള വികസനം. വാസ്തവത്തില്‍ ഇത്തരം തട്ടിപ്പുകള്‍ ബജറ്റിലൂടെ അവതരിപ്പിച്ച് ബജറ്റിന്റെ വിശ്വാസ്യത തകര്‍ത്ത് നിയമസഭയെയും ജനങ്ങളെയും കബളിപ്പിക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. 

രാഷ്ട്രീയ പ്രതിയോഗികളുടെ ശവപ്പറമ്പാക്കി മാറ്റുകയാണ് മുഖ്യമന്ത്രിയുടെ ഒത്താശയോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തെ. രാഷ്ട്രീയ കൊലപാതകങ്ങളില്ലാതെ ഒരു മാസവും സംസ്ഥാനത്ത് കടന്നു പോകുന്നില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം.ഇരുപത്തഞ്ച് കൊലകളാണ് കഴിഞ്ഞ ഇരുപത്തിനാലു മാസങ്ങള്‍ക്കുള്ളില്‍ നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പതിനെട്ടു സംഘ പരിവാര്‍ പ്രവര്‍ത്തകരെ മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മാത്രം അരുംകൊല  ചെയ്തത്. ആര്‍എസ്എസുകാരും ബിജെപിക്കാരും മാത്രമല്ല കോണ്‍ഗ്രസ്സുകാരും ഇതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍പ്പെട്ടവരും പോലും സിപിമ്മിന്റെ കൊലക്കത്തിക്കിരയാകുന്നു. രാഷ്ട്രീയമില്ലാത്തവര്‍ക്കും രക്ഷയില്ലെന്നതാണാവസ്ഥ. ഓട്ടോറിക്ഷ ഓടിച്ചു ജീവിച്ചിരുന്ന ചിത്രലേഖ എന്ന പാവം സ്ത്രീയോടായിരുന്നു സഖാക്കളുടെ പരാക്രമം. പ്രതികരിക്കില്ലെന്നും പരിരക്ഷിക്കാനാരുമില്ലെന്നും കരുതിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള ഈ മാര്‍ക്‌സിസ്റ്റ് പരാക്രമം. ഗര്‍ഭിണിയായ സ്ത്രീയെ ആഞ്ഞുചവിട്ടിയവര്‍ ഗര്‍ഭസ്ഥശിശുവിനെ കൊല്ലുകയായിരുന്നു. വിദേശത്തു നിന്നെത്തിയ  ടൂറിസ്റ്റ് വനിതയ്ക്കും പിണറായിയുടെ കേരളം മരണം വിധിച്ചു, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കോവളത്തു വെച്ചാണ് വിദേശ വനിതയെ ബലാത്സംഗത്തിന് ശേഷം കഴുത്തറുത്ത് കൊന്നത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് അവരുടെ മൃതശരീരം പെട്ടെന്ന് സംസ്‌കരിച്ചതും ദുരൂഹതകള്‍ ഉയര്‍ത്തി.  ഇതും പിണറായിയുടെ നവകേരളമാതൃകയുടെ ഭാഗം തന്നെ. 

അഴിമതി അവസാനിപ്പിക്കുമെന്നും ഇടതുമുന്നണി വാഗ്ദാനം. അഴിമതിയുടെ പേരില്‍ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ തോമസ് ചാണ്ടിക്ക് രാജി വയ്‌ക്കേണ്ടി വന്നു. മുഖ്യമന്ത്രിയും പാര്‍ട്ടിയും ഈ അഴിമതിക്കാരനെ സംരക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. മുഖ്യന്റെ സ്വന്തം പാര്‍ട്ടിയിലെ ജയരാജന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത് സ്വജനപക്ഷപാതത്താലാണ്. ലൈംഗികകുറ്റാരോപണത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ സ്വയം രാജി വെച്ചെങ്കിലും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെടുത്തു .

പൊതുവിതരണസംവിധാനം ആകെ അവതാളത്തിലാണ്. വിലക്കയറ്റമുണ്ടാവുമ്പോഴും വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ നോക്കി നില്‍ക്കുന്നു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ കേരളം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. 'വിശപ്പില്ലാത്ത കേരളം' വാഗ്ദാനം ചെയ്ത പിണറായി ഭരണത്തില്‍ വിശന്നു വലഞ്ഞ് അല്‍പം ഭക്ഷണം കവര്‍ന്ന ആദിവാസിയുവാവിനെ നിര്‍ദയം അടിച്ചു കൊല്ലുകയായിരുന്നു. അതെ, ഇടതു മുന്നണി അതിന്റെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചതു പ്രകാരം എല്ലാം ശരിയാക്കി കൊണ്ടിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.