റേഷന്‍ ക്രമക്കേട്: തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നത് ജീവനക്കാര്‍

Sunday 27 May 2018 3:23 am IST
റേഷന്‍ വിതരണത്തിലെ ക്രമക്കേട് തടയാന്‍ ഇ-പോസ് മെഷീന്‍ സ്ഥാപിച്ചിട്ടും ജീവനക്കാരുടെ നിസ്സഹകരണം മൂലം പദ്ധതി തകിടം മറിയുന്നു. ക്രമക്കേട് കണ്ടെത്തിയാലും റേഷന്‍ വ്യാപാരികളും പൊതുവിതരണ വകുപ്പ് ജീവനക്കാരും തമ്മില്‍ മാസപ്പടിയുള്ളതിനാല്‍ നടപടി സ്വീകരിക്കുന്നില്ല

തിരുവനന്തപുരം: റേഷന്‍ വിതരണത്തിലെ ക്രമക്കേട് തടയാന്‍ ഇ-പോസ് മെഷീന്‍ സ്ഥാപിച്ചിട്ടും ജീവനക്കാരുടെ നിസ്സഹകരണം മൂലം പദ്ധതി തകിടം മറിയുന്നു. ക്രമക്കേട് കണ്ടെത്തിയാലും റേഷന്‍ വ്യാപാരികളും പൊതുവിതരണ വകുപ്പ് ജീവനക്കാരും തമ്മില്‍ മാസപ്പടിയുള്ളതിനാല്‍ നടപടി സ്വീകരിക്കുന്നില്ല. 

ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു മുമ്പ് കാര്‍ഡില്‍ പേരുള്ളവരുടെയെല്ലാം വിരലടയാളം റെക്കോര്‍ഡ് ചെയ്യണം. എന്നാല്‍ കാര്‍ഡുടമകളുടെ വിരലടയാളം മാത്രമാണ് നിലവില്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്.  ആദ്യ സംവിധാനമായതിനാല്‍  സാങ്കേതിക പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ് എല്ലാവരുടെയും വിരലടയാളം നിര്‍ബ്ബന്ധമാക്കാത്തത്. ആധാറുമായി റേഷന്‍ കാര്‍ഡുകള്‍  ലിങ്ക് ചെയ്തിട്ടുള്ളതിനാല്‍ കാര്‍ഡില്‍ പേരുള്ള എല്ലാവരുടെയും വിരലടയാളം ആധാര്‍ വഴി ലഭിക്കും എന്ന നിര്‍ദ്ദേശവും ഐടി വിഭാഗത്തില്‍ നിന്നു ലഭിച്ചിരുന്നു. 

എന്നാല്‍ സാങ്കേതിക തകരാറുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ പകരം യഥാര്‍ത്ഥ കാര്‍ഡുടമയോ അല്ലെങ്കില്‍ റേഷന്‍ കടക്കാരോ മറ്റൊരാളോ രണ്ടോ മൂന്നോ പ്രാവശ്യം ഇ-പോസ് മെഷീനില്‍ വിരല്‍ അമര്‍ത്തിയാല്‍ അവരുടെ റേഷന്‍ അക്കൗണ്ട് വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഈ സാങ്കേതിക തകരാര്‍ ഉപയോഗിച്ചാണ് കാര്‍ഡുടമകളുടെ റേഷന്‍ അക്കൗണ്ട് എപ്പോള്‍ വേണമെങ്കിലും കടക്കാര്‍ ദുരുപയോഗം ചെയ്യുന്നത്. 

ജിപിഎസ് സംവിധാനം വഴി ജില്ലാ സപ്ലൈ ഓഫീസറുടെ കമ്പ്യൂട്ടറില്‍ വിതരണ വിവരങ്ങള്‍ അറിയാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ഡ് ഉടമകളുടേതല്ലാത്തവരുടെ വിരലയടയാളം രേഖപ്പെടുത്തി റേഷന്‍ വാങ്ങിയാല്‍ ജില്ലാ ഓഫീസിലെ കമ്പ്യൂട്ടറില്‍ ആ റേഷന്‍ കാര്‍ഡ് നമ്പറിലെ കോളത്തില്‍ ചുമന്ന സിഗ്നല്‍ കാണിക്കും. ഇതനുസരിച്ച് ആ റേഷന്‍ കടയില്‍ പരിശോധന നടത്താന്‍  ആര്‍ഐ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാല്‍ മതിയാകും. ഈ സംവിധാനം ഉപയോഗിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ തയ്യാറാകുന്നില്ല. പരാതി ലഭിക്കുമ്പോള്‍ മാത്രമാണ് പരിശോധന നടത്തുന്നത്. 

ഹൈദരാബാദ് ആസ്ഥാനമായുള്ള ലിന്‍ക് വെല്‍ ടെലി സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് സിവില്‍ സപ്ലൈസിനു വേണ്ടി മെഷീന്‍ വിതരണം ചെയ്തത്. ചോര്‍ച്ച തടയാന്‍ സോഫ്റ്റ്‌വെയര്‍ മാറ്റണമെങ്കില്‍ അതിന് ഇനി കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.