വാട്‌സ് ആപ്പിലെ പാസ്‌പോര്‍ട്ടില്‍ സാബിത്ത് ഇപ്പോഴും യാത്രയില്‍

Sunday 27 May 2018 3:26 am IST
സാബിത്ത് ദുബായ്‌യിലേക്കാണ് പോയതെന്നുള്ള തരത്തില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളും ഫോണ്‍കോളുകളുമായി അന്വേഷണം വഴിതെറ്റിക്കാന്‍ സംഘടിത ശ്രമം. സാബിത്തിന്റേതെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ടിന്റെ മൂന്ന് പേജുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 'എം 7295093' എന്ന നമ്പരിലുള്ള പാസ്‌പോര്‍ട്ടാണ് പ്രചരിക്കുന്നത്.

കോഴിക്കോട്: സാബിത്ത് ദുബായ്‌യിലേക്കാണ് പോയതെന്നുള്ള തരത്തില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളും ഫോണ്‍കോളുകളുമായി അന്വേഷണം വഴിതെറ്റിക്കാന്‍ സംഘടിത ശ്രമം. സാബിത്തിന്റേതെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ടിന്റെ മൂന്ന് പേജുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 'എം 7295093' എന്ന നമ്പരിലുള്ള പാസ്‌പോര്‍ട്ടാണ് പ്രചരിക്കുന്നത്.  

പാസ്‌പോര്‍ട്ടില്‍ ഫോട്ടോ പതിച്ച് പേരും ജനന തീയതിയും അടങ്ങുന്ന ഭാഗം, എമിഗ്രേഷന്‍ വിഭാഗം സീല്‍ ചെയ്ത പേജ്, വിസ സ്റ്റാമ്പ് ചെയ്ത ഭാഗം എന്നിവയാണ് സന്ദേശത്തില്‍ ഉള്ളത്. ആദ്യ പേജില്‍ നമ്പരുണ്ടെങ്കിലും പിന്നീടുള്ള പേജുകളില്‍ നമ്പര്‍ വ്യക്തമല്ല. 

പ്രചരിപ്പിക്കുന്ന പാസ്‌പോര്‍ട്ടിന്റെ പേജില്‍  മൂന്ന് എമിഗ്രേഷന്‍ സീലുകളാണ് ഉള്ളത്. ഒന്ന് 2017 ഫെബ്രുവരി 13ന് ദുബായ്‌യിലേക്ക് പോയപ്പോള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് പതിച്ച ഡിപ്പാര്‍ച്ചര്‍ സീല്‍, പിറ്റേന്ന് ദുബൈയില്‍  ഇറങ്ങിയ എന്‍ട്രി സീല്‍, പിന്നെ ഉള്ളത് 2017 ഒക്‌ടോബര്‍ ആറിന് ദുബായ്‌യില്‍ നിന്ന് എക്‌സിറ്റ് ചെയ്ത സീല്‍. ഏത് രാജ്യത്ത് ഇറങ്ങിയാലും അവിടത്തെ സീല്‍ പതിക്കുമെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ സാബിത്ത് എന്ന്, ഏത് എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തി എന്നതിന്റെ സീലോ രേഖകളോ പുറത്ത് വിട്ടിട്ടുമില്ല. വാട്‌സാപ്പില്‍ പ്രചരിക്കുന്ന പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അനുസരിച്ച് സാബിത്ത് ഇതുവരെ വിമാനത്തില്‍ നിന്ന് ഇറങ്ങിയിട്ടില്ല.

കൂടാതെ 10-04-2017 മുതല്‍ 09-04-2019 വരെ വിസാ കാലാവധിയാണെന്ന് വിസ സ്റ്റാമ്പ് വ്യക്തമാക്കുന്നു. എന്നാല്‍ 2017 ഫെബ്രുവരി 13 ന്  സാബിത്ത് ദുബായിലേക്ക് തിരിച്ചു എന്നാണ് വാട്‌സ്ആപ്പ് സന്ദേശം. ആ വിസയുടെ രേഖകളും വ്യക്തമാക്കിയിട്ടില്ല. സാബിത്തിന് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത മാത്രമേ ഉള്ളൂ എന്നായിരുന്നു വാട്‌സ്ആപ്പിലെ മറ്റൊരു പ്രചരണം. എന്നാല്‍  വിസ എടുത്തിരിക്കുന്നത് എസി മെക്കാനിക്കല്‍ അസിസ്റ്റന്റ് എന്ന ട്രേഡിലാണ്.

സംഭവം ഇങ്ങനെ ഇരിക്കെ സാബിത്ത് ദുബായ്‌യില്‍ നിന്ന് ഒക്‌ടോബറില്‍ നാട്ടിലെത്തി എന്ന തരത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കി. പിന്നാലെ ജന്മഭൂമി വാര്‍ത്ത വര്‍ഗീയവത്കരിച്ചു എന്ന തരത്തില്‍ സന്ദേശങ്ങളും ഓണ്‍ലൈന്‍ വാര്‍ത്തകളും പ്രചരിച്ചു. വെള്ളിയാഴ്ച രാവിലെ ഇറങ്ങിയ പത്രത്തില്‍ വിദേശ യാത്രയിലെ സംശയം വാര്‍ത്തയായി വന്നിട്ടും നിശബ്ദത പാലിച്ചവര്‍, സര്‍വ്വകക്ഷി യോഗത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പ്രതികരണങ്ങളുമായി എത്തുന്നതില്‍ ദുരൂഹതയുണര്‍ത്തുന്നു. 

കൂടാതെ ജന്മഭൂമിയില്‍ വാര്‍ത്ത വന്നു എന്ന ഒറ്റക്കാരണത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് വിദേശയാത്രയുടെ അന്വേഷണം തടയാനും സംഘടിത ശ്രമം നടക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.