സാബിത്തിന്റെ വിദേശയാത്ര അന്വേഷണം തുടങ്ങി

Sunday 27 May 2018 4:36 am IST
നിപ വൈറസ് ആദ്യം ബാധിച്ചെന്ന് കരുതുന്ന പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്തിന്റെ വിദേശയാത്രയെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കോഴിക്കോട്: നിപ വൈറസ് ആദ്യം ബാധിച്ചെന്ന് കരുതുന്ന പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ സാബിത്തിന്റെ വിദേശയാത്രയെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.  കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സംഘം രൂപീകരിച്ചു. സാബിത്തിന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് വിദേശയാത്രകളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമം. ഇതിനായി എമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കി. ഒപ്പം സാബിത്ത് വിദേശത്തേക്ക് പോകാന്‍ സഹായിച്ച  ഏജന്‍സികളോടും വിവരങ്ങള്‍ തേടി . ഇയാള്‍ വിദേശ രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതോടൊപ്പം സാബിത്ത് നാട്ടില്‍ എത്തിയ ശേഷം നടത്തിയ യാത്രകളുടെ വിവരങ്ങളും ശേഖരിക്കും.

 വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ് സാബിത്ത് എന്ന് പറയപ്പെട്ടിരുന്നു. ജനങ്ങളുടെ ആശങ്ക കഴിഞ്ഞ ദിവസം 'ജന്മഭൂമി' വാര്‍ത്തയായും നല്‍കി.  കഴിഞ്ഞ ദിവസം നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ സാബിത്തിന്റെ യാത്രാവിവരങ്ങള്‍ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിദേശ സഞ്ചാരത്തെകുറിച്ചുള്ള അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍ദ്ദേശം നല്‍കിയത്. 

സാബിത്ത് നിപ വൈറസ് ബാധിച്ചാണ് മരിച്ചതെന്നാണ് അനുമാനം. മെയ് 5ന് സാബിത്ത് മരിച്ചതിന് ശേഷമാണ് വീട്ടിലുള്ളവര്‍ക്ക് രോഗം ബാധിച്ചത്. മാത്രമല്ല സാബിത്തുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ക്ക് മാത്രമാണ് ഇതുവരെ രോഗസ്ഥിരീകരണം ഉണ്ടായത്. സാബിത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ നിപ വൈറസിനെ കണ്ടെത്താതെ വന്നതും  പേരാമ്പ്ര പ്രദേശത്ത് സാബിത്തിന്റെ കുടുംബവുമായി ബന്ധപ്പെടാത്ത മറ്റാരിലും വൈറസ് പകരാത്തതുമാണ് സാബിത്തിന്റെ വിദേശയാത്രയെകുറിച്ച് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.