അമ്പതു കിലോ സ്വര്‍ണവുമായി നീരവിന്റെ സഹോദരന്‍ മുങ്ങി

Sunday 27 May 2018 12:06 pm IST
പിഎന്‍ബി വായ്പാ തട്ടിപ്പു കേസിലെ പ്രതി നീരവ് മോദിയുടെ അര്‍ദ്ധസഹോദരന്‍ നിഹാല്‍ മോദി 50 കിലോ സ്വര്‍ണാഭരണങ്ങളുമായി ദുബായിയില്‍ നിന്ന് മുങ്ങി. വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നീരവ് അപ്രത്യക്ഷനായത്.

മുംബൈ:  പിഎന്‍ബി വായ്പാ തട്ടിപ്പു കേസിലെ പ്രതി നീരവ് മോദിയുടെ അര്‍ദ്ധസഹോദരന്‍ നിഹാല്‍ മോദി 50 കിലോ സ്വര്‍ണാഭരണങ്ങളുമായി ദുബായിയില്‍ നിന്ന് മുങ്ങി. വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നീരവ് അപ്രത്യക്ഷനായത്.

മേഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പില്‍ ബിസിനസ് പങ്കാളിയാണ്, അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ നിഹാല്‍. നീരവ് മോദിയുടെ വിദേശത്തുള്ള റീട്ടെയില്‍ കേന്ദ്രങ്ങള്‍ വഴി വിറ്റഴിക്കാന്‍ ദുബായിയിലെ സുരക്ഷിത കേന്ദ്രത്തില്‍ സൂക്ഷിച്ചവയായിരുന്നു ആഭരണങ്ങള്‍.

ആഭരണങ്ങള്‍ മാറ്റുന്നത് അന്വേഷണ ഏജന്‍സികള്‍ തടയുമെന്ന് മനസ്സിലാക്കിയതോടെ സമയം പാഴാക്കാതെ നിഹാല്‍ സ്വര്‍ണം മാറ്റുകയായിരുന്നു. അതേസമയം  ബാങ്ക് ഫണ്ടുകള്‍ ഇന്ത്യക്ക് വെളിയിലേക്ക് മാറ്റാന്‍ സഹോദരനെ സഹായിച്ചതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി)  നിഹാലിനെ ചോദ്യം ചെയ്യും.

മുംബൈ പ്രത്യേക കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുറ്റാരോപിതരായ 24 പേരില്‍ ഒരാളാണ് നിഹാല്‍. നീരവിന്റെ വ്യാപാര പങ്കാളികളില്‍ പ്രമുഖനായ മിഹിര്‍ ബന്‍സാലിയുടെ പേരും കുറ്റപത്രത്തിലുണ്ട്. 

ദുബായിയിലെ സുരക്ഷിത താവളത്തില്‍ നിന്ന്  34,000 സ്വര്‍ണ, വജ്രാഭരണങ്ങള്‍ കടത്താന്‍ മേഹുല്‍ ചോക്‌സിയും പദ്ധതിയിട്ടിരുന്നു. പക്ഷേ എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ചോക്‌സിയുടെ തന്ത്രം പൊളിഞ്ഞു. ചോക്‌സിയുടെ ജോലിക്കാരിലൊരാളെ വലയില്‍ വീഴ്ത്തിയതോടെയാണ് ശ്രമം പാളിയത്. വായ്പാത്തട്ടിപ്പ്  കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പു തന്നെ നീരവ് മോദി കുടുംബം വിദേശത്തേക്ക് കടന്നിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.