നിയന്ത്രണരേഖയില്‍ ഇന്ത്യ 5,500 ബങ്കറുകള്‍ പണിയും

Sunday 27 May 2018 4:42 pm IST
അതിര്‍ത്തിയിലെ തുടര്‍ച്ചയായ പാക് ഷെല്ലാക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് നിയന്ത്രണ രേഖയില്‍ 5,500 ബങ്കറുകള്‍ പണിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അംഗീകാരത്തോടെ നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ശ്രീനഗര്‍:  അതിര്‍ത്തിയിലെ തുടര്‍ച്ചയായ പാക് ഷെല്ലാക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് നിയന്ത്രണ രേഖയില്‍ 5,500 ബങ്കറുകള്‍ പണിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അംഗീകാരത്തോടെ നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

രജൗരി ജില്ലാ അധികാരികളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 153.60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.  ബങ്കറുകള്‍ക്ക് പുറമെ 200 കമ്മ്യൂണിറ്റി ഹാളുകളും 'ബോര്‍ഡര്‍ഭവനുകളും' പണിയും. കുടുംബങ്ങളായും കൂട്ടമായും താമസിക്കാന്‍ പ്രത്യേകം ബങ്കറുളുണ്ടാകും. 

സുന്ദര്‍ബനി, ക്വില ദ്രഹാല്‍, നൗഷേര, ദൂംഗി, രജൗരി, പാഞ്ച്‌ഗ്രേന്‍, മനാറാകോട്ട് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച്  120 കിലോമീറ്റര്‍ നീളത്തില്‍ ഏഴു ബ്ലോക്കുകളിലായാണ് ബങ്കറുകളുണ്ടാക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുമ്പോഴും വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ കെടുതികളില്‍ നിന്ന് രക്ഷതേടി കുടിയേറുമ്പോഴും താമസിപ്പിക്കാനായി നിയന്ത്രണ രേഖയുടെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലെ ഗ്രാമങ്ങളില്‍  260 കമ്മ്യൂണിറ്റി ബങ്കറുകളും 160 കമ്മ്യൂണിറ്റി ഹാളുകളുമാണ് സജ്ജമാക്കുന്നത്.  സുരക്ഷിത മേഖലകള്‍ തെരഞ്ഞെടുത്ത് പണിയുന്ന ബോര്‍ഡര്‍ ഭവനുകളില്‍ 10,000 പേരെ പാര്‍പ്പിക്കാനാവും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാവും ബങ്കര്‍ നിര്‍മ്മാണത്തിന് കരാര്‍ നല്‍കുക. 

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേകം ബങ്കറുകള്‍ നല്‍കും. സ്‌കൂളുകള്‍, പോലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പഞ്ചായത്ത് മന്ദിരങ്ങള്‍ എന്നിവയ്ക്ക് സമീപമാകും കമ്മ്യൂണിറ്റി ബങ്കറുകളും ഹാളുകളും നിര്‍മ്മിക്കുക. ഗ്രാമവികസന വകുപ്പ്,  റവന്യൂ വിഭാഗം, പോലീസ്, പൊതുമരാമത്ത് വകുപ്പ്  എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തിലാകും പദ്ധതി നിര്‍മ്മാണം പുരോഗമിക്കുക. അതിര്‍ത്തി രക്ഷാസേനയുടെ സജീവ സഹകരണവുമുണ്ടാകും. 

അതിര്‍ത്തയിലെ ജനജീവിതം സുരക്ഷിതമാക്കാന്‍     415.73 കോടി രൂപ ചെലവില്‍ മൊത്തം 14,460 ബങ്കറുകള്‍ നിര്‍മ്മിക്കാനുള്ള ബൃഹത് പദ്ധതി കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.