കെഎസ്ആര്‍സി ജീവനക്കാരെ പിരിച്ചുവിടുന്ന ഇടത് നയം ഉപേക്ഷിക്കണം: ബിഎംഎസ്

Monday 28 May 2018 2:30 am IST

കൊച്ചി: സ്ഥാപന സംരക്ഷണമെന്ന പേരില്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് സ്വകാര്യവത്കരണത്തിന് ശ്രമിക്കുന്ന ഇടതുപക്ഷ നയം അവസാനിപ്പിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍. കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്ര ഒരുക്കുന്ന കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം. റോഡ് ഗതാഗതത്തില്‍ പ്രാവീണ്യവും പരിചയവുമില്ലാത്തവരെ നിയോഗിച്ച് അപ്രായോഗിക റിപ്പോര്‍ട്ടുകള്‍ തട്ടിക്കൂട്ടി നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ജീവനക്കാരുടെ അധ്വാനഭാരം വര്‍ധിപ്പിക്കുന്നതിനും അവകാശ നിഷേധത്തിനും മാത്രമേ ഉപകരിക്കൂ. ഇടത് ഭരണത്തില്‍ രണ്ടുവര്‍ഷക്കാലം കൃത്യമായി ശമ്പളം പോലും നല്‍കിയില്ല. നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിക്കുമ്പോഴും ലാഭത്തിലാക്കാനുള്ള ഒരു ശാസ്ത്രീയ പഠനവും പ്രവര്‍ത്തനവും നടത്താന്‍ മാറി മാറി ഭരിച്ച ഇടത്-വലത് സര്‍ക്കാറുകള്‍ തയാറായിട്ടില്ല. 

ബസ് ബോഡി നിര്‍മ്മാണം സ്വകാര്യ മേഖലയ്ക്ക് നല്‍കിയതുപോലെ, ടയര്‍ റീട്രെഡിങ്ങും സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക സഹായമെന്ന നിലയില്‍ വായ്പ മാത്രമാണ് ധനമന്ത്രിയുടെ പരിഗണനയിലുള്ളത്. അസംതൃപ്തരായ തൊഴിലാളികളെക്കൊണ്ട് ഒരു സ്ഥാപനവും നടത്താന്‍ പറ്റില്ലെന്ന സത്യം ഇടത് സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത് അധ്യക്ഷനായി. പി. സജിത്കുമാര്‍, കെ.എല്‍. രാജേഷ്, ടി.പി. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.