ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം; റൂറല്‍ എസ്പിയെ പ്രതി ചേര്‍ത്തില്ല; അന്വേഷണം നിലയ്ക്കുന്നു

Monday 28 May 2018 2:33 am IST

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണവും നിലയ്ക്കുന്നു. നിരപരാധിയായ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്ത് മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിന്റെ റൂറല്‍ ടൈഗര്‍ ഫോഴ്‌സാ(ആര്‍ടിഎഫ്)യിരുന്നു. ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ മൂന്നുപോലീസുകാരെയും വരാപ്പുഴ എസ്‌ഐ ദീപക്കിനെയും സിഐ ക്രിസ്പിന്‍ സാമിനെയും അന്വേഷണ സംഘം പ്രതിചേര്‍ത്തിരുന്നു. എന്നാല്‍, മുന്‍ റൂറല്‍ എസ്പിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ പ്രത്യേക സംഘം ഇതുവരെ തയ്യാറായിട്ടില്ല.

സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീജിത്തിനെ ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തതെന്ന് തുടക്കത്തിലേതെന്ന ആരോപണമുയര്‍ന്നിരുന്നു. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശം റൂറല്‍ എസ്പി അതേപടി അനുസരിക്കുകയായിരുന്നുവെന്നുമായിരുന്നു ആരോപണം. എന്നാല്‍, സമ്മര്‍ദ്ദത്തിനൊടുവില്‍ റൂറല്‍ എസ്പിയെ തൃശ്ശൂരിലെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റുക മാത്രമാണുണ്ടായത്. ഇതിനിടെ പലവട്ടം എ.വി. ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തെങ്കിലും പ്രതി ചേര്‍ത്തില്ല. കേസെടുക്കാന്‍ നിയമോപദേശവും ലഭിച്ചതായാണ് വിവരം. എന്നാല്‍, അന്വേഷണ സംഘം ഇതിന് തയാറായില്ല. 

സിപിഎമ്മിന്റെയും സര്‍ക്കാറിന്റെയും സമ്മര്‍ദ്ദം പുതിയ അന്വേഷണ സംഘത്തിനുമുണ്ടായതായാണ് സൂചന. റൂറല്‍ എസ്പിയെ പ്രതി ചേര്‍ത്താല്‍ തങ്ങളുടെ പങ്ക് പുറത്താകുമോയെന്ന് സിപിഎം ഭയപ്പെട്ടിരുന്നു. പോലീസുകാര്‍ പ്രതികളായ കേസ് പോലീസുകാര്‍ തന്നെ അന്വേഷിക്കുന്നതിനെ മനുഷ്യാവകാശ കമ്മീഷനും എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനുഷ്യാവകാശ കമ്മീഷനെതിരെയും രംഗത്ത് വന്നു. ഇതിനിടെ വരാപ്പുഴയിലെ വീടാക്രമണക്കേസിലെ പ്രതിയായ യഥാര്‍ത്ഥ ശ്രീജിത്തിനെ പിടികൂടിയിരുന്നു. ഇതോടെ നിരപരാധിയായ ശ്രീജിത്തിനെ കൊലപ്പെടുത്തിയതില്‍ നിന്ന് സര്‍ക്കാറിനും പോലീസിനും ഒഴിഞ്ഞുമാറാനാകാത്ത അവസ്ഥയുണ്ടായി. 

അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില ഇതിനിടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ ജൂണ്‍ അഞ്ചിന് വിധി പറയും. 

ഓഫീസില്ലാതെ അന്വേഷണ സംഘം

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം ഓഫീസോ സൗകര്യങ്ങളോ ഇല്ലാതെ. ആദ്യം ആലുവ പോലീസ് ക്ലബ്ബിലായിരുന്നു അന്വേഷണ സംഘത്തിന്റെ ഓഫീസ്. അടുത്തിടെ ഇവിടെ നിന്ന് അന്വേഷണ സംഘത്തെ കുടിയറിക്കി. പറവൂരിലാണ് ഓഫീസ് അനുവദിച്ചത്. ഈ ഓഫീസ് അന്വേഷണ സംഘം ഏറ്റെടുത്തില്ല. വേണ്ടത്ര സൗകര്യമില്ലാത്തതാണ് കാരണമെന്നാണ് സൂചന. ഇപ്പോള്‍, എആര്‍ ക്യാമ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട പോലീസുകാരുള്‍പ്പെടെയുള്ള ക്യാമ്പില്‍ സംഘം കേന്ദ്രീകരിക്കുന്നത് അന്വേഷണത്തെ  പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോപണമുയരുന്നത്.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.