ഗര്‍ഭഛിദ്രം: ചരിത്ര വിധിയെഴുതി അയര്‍ലന്‍ഡ്

Monday 28 May 2018 2:35 am IST

ഡബ്ലിന്‍: ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ഹിതപരിശോധനയില്‍ ചരിത്ര വിധിയെഴുതി ഐറിഷ് ജനത. ഹിതപരിശോധനയില്‍ 66.4 ശതമാനം പേര്‍ അനുകൂലിച്ചും 33.6 ശതമാനം പേര്‍ എതിര്‍ത്തും വിധിയെഴുതി. 14,29,981 പേരില്‍ 7,23,632 പേരാണ് അനുകൂലിച്ച് വിധിയെഴുതിയത്. ഇതിലൂടെ ഐറിഷ് ഭരണഘടനയുടെ എട്ടാം ഭേദഗതിയാണ് മാറ്റപ്പെടുന്നത്. 1983ലെ എട്ടാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കിയത്. 2013ല്‍ ഈ നിയമത്തില്‍ ഇളവു വരുത്തിയിരുന്നു. മാതാവിന്റെ ജീവനു ഭീഷണിയാകുന്ന സാഹചര്യത്തില്‍ മാത്രം ഗര്‍ഭഛിദ്രം അനുവദനീയമാണെന്നായിരുന്നു ഭേദഗതി.

1983ലെ ഭരണഘടനാ ഭേദഗതി തുടരണോ, എടുത്തുമാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായിരുന്നു ഹിതപരിശോധന. ഹിതപരിശോധനാ ഫലം അനുകൂലമായതിനാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന ഭരണഘടനാ ഭേദഗതി ഐറിഷ് സര്‍ക്കാര്‍ എടുത്തുമാറ്റും. ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നതിനുള്ള നിയമം ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരുമെന്ന് ഐറിഷ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് അറിയിച്ചു. ചരിത്രപരമായ വിധിയാണ് ഐറിഷ് ജനത എഴുതിയതെന്നും പുതിയ മാറ്റത്തിലൂടെ പുതിയ ലോകത്തിലേക്കാണ് ചുവടുവച്ചിരിക്കുന്നതെന്നും ഐറിഷ് പ്രധാനമന്ത്രി ലിയോ വരഡ്കര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജന്‍ കൂടിയായ ലിയോ വരഡ്കര്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ക്കൊപ്പമാണ് നിലകൊണ്ടത്.

നിലവില്‍ ജീവനു ഭീഷണിയാണെങ്കില്‍ മാത്രം ഗര്‍ഭഛിദ്രം എന്നതായിരുന്നു അയര്‍ലന്‍ഡിലെ നിയമം അനുശാസിച്ചിരുന്നത്. എന്നാല്‍ ലൈംഗികപീഡനത്തിലൂടെയും മറ്റു വഴിയിലൂടെയും ഗര്‍ഭിണിയായാലും ഗര്‍ഭസ്ഥശിശുവിനു മാരകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു നേരത്തേതന്നെ തിരിച്ചറിഞ്ഞാലും ഗര്‍ഭഛിദ്രം നടത്താനാവുമായിരുന്നില്ല. ഇതിനാണു മാറ്റം വരുന്നത്. 12 ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണമാണ് ഗര്‍ഭഛിദ്രം നടത്താന്‍ സാധിക്കുക. റോമന്‍ കത്തോലിക്കാ വിശ്വാസപാതയിലുള്ള രാജ്യം 2015 ല്‍ ഹിതപരിശോധനയിലൂടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു. അന്ന് 61 ശതമാനം പേരാണ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചത്.

ഭേദഗതിക്കു കാരണമായത് ഇന്ത്യന്‍ ദന്തഡോക്ടറുടെ മരണം

ഡബ്ലിന്‍: കര്‍ണാടക ബെല്‍ഗാം സ്വദേശിയും ദന്തഡോക്ടറുമായിരുന്ന സവിതാ ഹാലപ്പനാവറുടെ മരണമാണ് അയര്‍ലന്‍ഡിനെ ചരിത്രവിധിയിലേക്ക് നയിച്ചത്. 2012 ഒക്ടോബര്‍ 21ന് 17 ആഴ്ച ഗര്‍ഭിണിയായിരുന്ന സവിത കടുത്ത വയറുവേദനയെ തുടര്‍ന്ന് അയര്‍ലന്‍ഡിലെ ഗാല്‍വെയിലൂള്ള യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സ തേടി. വയറുവേദനയ്‌ക്കൊപ്പം ഛര്‍ദ്ദികൂടി ആരംഭിച്ചതോടെ ശാരീരികാവശതകള്‍ വര്‍ധിച്ച സവിത ഗര്‍ഭഛിദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാലിത് നിയമവിരുദ്ധമാണെന്നും കുഞ്ഞിന് ഹൃദയമിടിപ്പുള്ളതിനാല്‍ ഗര്‍ഭഛിദ്രം നടത്താനാകില്ലെന്നും ഡോക്ടര്‍മാര്‍ നിലപാടെടുത്തു. ഗര്‍ഭപാത്രത്തില്‍ ഇന്‍ഫെക്ഷനു കാരണമാകുന്ന സെപ്റ്റിസിമ്യ രോഗാവസ്ഥ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കുമായില്ല. ഇതേ തുടര്‍ന്ന് ഒക്ടോബര്‍ 26ന് തീര്‍ത്തും അതീവ ഗുരുതരാവസ്ഥയിലായ സവിത 28ന് മരണത്തിന് കീഴടങ്ങി. 

അയര്‍ലന്‍ഡിലെ വോട്ടെടുപ്പില്‍ ചരിത്രപരമായ വിധിയെഴുതിയ ഐറിഷ് ജനതയ്ക്ക് സവിതയുടെ കുടുംബം നന്ദി അറിയിച്ചു. ''സവിതയ്ക്കു നീതി ലഭിച്ചു. എന്റെ മകള്‍ക്കു സംഭവിച്ചത് മറ്റാര്‍ക്കും ഇനി സംഭവിക്കരുത്. ചരിത്ര നിമിഷത്തില്‍ അയര്‍ലന്‍ഡിലെ ജനങ്ങളോട് നന്ദി പറയുന്നു.'' സവിതയുടെ പിതാവ് അന്ദനപ്പ യാലഗി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.