സ്റ്റെര്‍ലൈറ്റ് പ്രക്ഷോഭം: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

Monday 28 May 2018 2:38 am IST

തൂത്തുക്കുടി: വേദാന്ത സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെയുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് തൂത്തുക്കുടിയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കളക്ടര്‍ സന്ദീപ് നന്ദൂരി അറിയിച്ചു. അതേസമയം കമ്പനി പൂട്ടാതെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന ബന്ധുക്കളുടെ നിലപാട് ഭരണകൂടത്തിന് തലവേദനയാകുന്നുണ്ട്. 

സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെയുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് 13 പേര്‍ കൊല്ലപ്പെടുകയും 60പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പ്ലാന്റിലേക്കുള്ള വൈദ്യുതി തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിച്ഛേദിച്ചു. ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതുവരെ ഉത്പാദനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതിനാണ് നടപടി. 2018- 2023 കാലയളവില്‍ കമ്പനി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ബുധനാഴ്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കിയിരുന്നു.

മുമ്പ് ലൈസന്‍സ് പുതുക്കിയപ്പോള്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയോട് അധികൃതര്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടി. കൂടാതെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് വികസിപ്പിക്കാനുള്ള വേദാന്ത ഗ്രൂപ്പിന്റെ ശ്രമം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.