നിപ വൈറസ്: സ്‌കൂള്‍ തുറക്കല്‍ ആശങ്കയില്‍

Monday 28 May 2018 2:53 am IST

തിരുവനന്തപുരം: നിപ വൈറസ് ബാധ ഇനിയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതില്‍ ആശങ്ക. തെക്കന്‍ കേരളത്തില്‍ പ്രശ്‌നങ്ങളില്ലെങ്കിലും മലബാര്‍ മേഖല ആശങ്കയിലാണ്. വൈറസിന്റെ  ഇന്‍ക്യൂബേഷന്‍ സമയം കണക്കാക്കി ജൂണ്‍ അഞ്ച് വരെ പുതുതായി ആരിലും നിപ വൈറസ് സ്ഥീതീകരിച്ചില്ലെങ്കില്‍ രോഗം അവസാനിച്ചതായി കണക്കാക്കും എന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

വൈറസ് സംശയിച്ച് പരിശോധനയ്ക്കയച്ച നിരവധിയാളുകളുടെ രക്തപരിശോധനഫലം നെഗറ്റീവ് ആയതോടെ വൈറസ് ബാധയെ നിയന്ത്രിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു  ആരോഗ്യവകുപ്പ്. എന്നാല്‍ ആവശ്യത്തിന് മരുന്നുകള്‍ നല്‍കിയിട്ടും രോഗ ബാധിതര്‍ മരിക്കാനിടയാകുന്നത് ആരോഗ്യ വകുപ്പിന് വീണ്ടും ആശങ്കയിലാഴ്ത്തുന്നു. ഈ ഘട്ടത്തില്‍ രോഗബാധയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍  മുന്‍ നിശ്ചയിച്ച പ്രകാരം തുറന്നാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് വിലയിരുത്തല്‍.  

കനത്ത മഴയും തുടരുന്നതിനാല്‍ മറ്റ് വൈറല്‍ പനികളും പടര്‍ന്നു പിടിച്ചേക്കാം. നിപയെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും കഴിഞ്ഞ പത്ത് ദിവസമായി കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചാണ്. അതിനാല്‍ മറ്റ് ജില്ലകളില്‍ മഴക്കാലത്ത് ഉണ്ടാകാറുള്ള പകര്‍ച്ചപ്പനി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ ഏകോപനം ഉണ്ടാക്കാനും സാധിച്ചിട്ടില്ല. നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് പുന പരിശോധിക്കണമെന്ന്  ജില്ലാ ഭരണകൂടം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ജൂണ്‍ ഒന്നിനു തന്നെ വിദ്യാലയങ്ങള്‍ തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.  കഴിഞ്ഞ ജിവസം വിദ്യാഭ്യാസ ഡയറക്‌ട്രേറ്റില്‍ ചേര്‍ന്ന ഉന്നത സമിതിയോഗമാണ് തീരുമാനമെടുത്തത്. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. 

220 വിദ്യാഭ്യാസ പ്രവൃത്തി ദിവസം കണക്കിലെടുത്ത് വെള്ളിയാഴ്ച തന്നെ സ്‌കൂള്‍ തുറക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കിയിട്ടുണ്ട്. ഇതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉണ്ടായെങ്കിലും വിദ്യാഭ്യാസ വകുപ്പ് നിപ വൈറസിനെയും കണക്കിലെടുക്കാതെ ജൂണ്‍ ഒന്നുമായി മുന്നോട്ട് പോകുന്നതില്‍  പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.