ട്രയംഫ് മിസൈല്‍: ഇന്ത്യയും റഷ്യയും സാമ്പത്തിക ധാരണയിലെത്തി

Monday 28 May 2018 2:59 am IST

ന്യൂദല്‍ഹി: വ്യോമസേനയ്ക്കു വേണ്ടി റഷ്യയില്‍ നിന്ന് എസ് 400 ട്രയംഫ് എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റം വാങ്ങുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍  ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയില്‍  ധാരണയായി. ഏകദേശം 40,000 കോടി രൂപയാണ്  വില.   4000 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിരോധം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമായും എസ് 400 മിസൈല്‍ വേധ സംവിധാനം ഇന്ത്യ വാങ്ങിയത്. കഴിഞ്ഞയാഴ്ച സോചില്‍ നടന്ന മോദി-പുടിന്‍ കൂടിക്കൊഴ്ചയില്‍ ഇക്കാര്യത്തില്‍  ഇരുരാജ്യങ്ങളും സാമ്പത്തിക ധാരണയിലെത്തി. 

2014  ലാണ് എസ് 400  മിസൈല്‍ പ്രതിരോധ സംവിധാനം  വാങ്ങുന്നതിന് ഇന്ത്യയും റഷ്യയും കരാര്‍ ഒപ്പു വെച്ചത്. ശത്രുപക്ഷത്തു നിന്നെത്തുന്ന എയര്‍ക്രാഫ്റ്റുകളെയും ഡ്രോണ്‍ മിസൈലുകളെയും നശിപ്പിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ രൂപകല്‍പ്പന ചെയ്തതാണിത്.  

അതേസമയം റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇരുരാജ്യങ്ങളും. റഷ്യയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിപ്പുള്ള ആയുധങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം അമേരിക്കയുടെ വിരോധത്തിനിടയാക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ അനാവശ്യ ഇടപെടലുകളെ തുടര്‍ന്നാണ് റഷ്യയും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത്. ഇതേത്തുടര്‍ന്നാണ് റഷ്യയുമായി ആയുധ ഇടപാടുകളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.