വീര സവര്‍ക്കറെ അനുസ്മരിച്ച് മോദി

Monday 28 May 2018 3:00 am IST

ന്യൂദല്‍ഹി: വീര സവര്‍ക്കറുടെ ജന്മദിനം ഇന്ന് രാജ്യമാകെ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്ത്. ആയുധങ്ങളുടേയും അറിവിന്റേയും ആരാധകനായിരുന്നു വീര സവര്‍ക്കരെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

സവര്‍ക്കറുടെ  ജീവിതം വൈശിഷ്ട്യങ്ങള്‍ നിറഞ്ഞതായിരുന്നു. ധൈര്യത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിന്റേയും പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. എന്നാല്‍ അതിനുമപ്പുറം അദ്ദേഹം ഒരു മഹാനായ കവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു, മോദി പറഞ്ഞു. 1857ലേത് ശിപായി ലഹളയല്ല, മറിച്ച് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യത്തെ പോരാട്ടമായിരുന്നു എന്ന് വീര സവര്‍ക്കറാണ് ഭയമില്ലാതെ എഴുതിയതെന്നും മോദി അനുസ്മരിച്ചു. കവിയായിരുന്നതിനൊപ്പം സാഹസികനായ വിപ്ലവകാരിയുമായിരുന്നു സവര്‍ക്കറെന്നും മോദി പറഞ്ഞു. 

 എവറസ്റ്റ് കീഴടക്കിയ വനവാസി വിദ്യാര്‍ഥികളെയും പായ്ക്കപ്പിലല്‍ ലോകം ചുറ്റിയ നാവിയസേനയിലെ വനിതാ സംഘത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലെ ആശ്രാം സ്‌കൂള്‍ വിദ്യാര്‍ഥികളായ മനീഷാ ധ്രുവേ, പ്രമേശ് ആലേ, ഉമാകാന്ത മഡവി, കവിദാസ് കാത്‌മോഡേ, വികാസ് സോയാം എന്നിവര്‍ മേയ് 16നാണ് എവറസ്റ്റ് കീഴടക്കിയത്.എവറസ്റ്റില്‍ പോയി മടങ്ങുമ്പോള്‍ അവിടെയുള്ള മാലിന്യങ്ങളും ശേഖരിച്ച അതിര്‍ത്തി രക്ഷാ സേനയിലെ(ബിഎസ്എഫ്) സൈനികരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. 

രണ്ടു മാസം മുമ്പ് ഫിറ്റ് ഇന്ത്യയുടെ കാര്യം പറഞ്ഞപ്പോള്‍ അതിന് ഇത്രത്തോളം നല്ല പ്രതികരണമുണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെ വെല്ലുവിളിച്ചിരിക്കുകയാണെന്നും താന്‍ അതു സ്വീകരിച്ചെന്നും മോദി പറഞ്ഞു. 

കഴിഞ്ഞ ദിവസം ഒഡിഷയിലെ കട്ടക്കിലെത്തിയപ്പോള്‍ പരിചയപ്പെടാനിടയായ ഡി. പ്രകാശ് റാവുവിനെക്കുറിച്ച് മോദി പരാമര്‍ശിച്ചു.  സാധാരണ ചായക്കച്ചവടക്കാരനായ അദ്ദേഹം എഴുപതിലധികം കുട്ടികളുടെ ജീവിതത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രകാശമായിരിക്കുന്നു. തെരുവിലും ചേരിയിലും ജീവിക്കുന്ന കുട്ടികള്‍ക്കുവേണ്ടി സ്‌കൂള്‍ തുറന്ന് വരുമാനത്തിന്റെ പകുതിയും അവര്‍ക്കു വേണ്ടി ചെലവഴിക്കുന്ന പ്രകാശ് റാവുവിന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാവണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഇപ്പോള്‍ റംസാന്‍ ഉപവാസ കാലമാണെന്നും വരാനിരിക്കുന്ന ഈദ് ആഘോഷങ്ങള്‍ സമൂഹത്തില്‍ സന്മനോഭാവത്തിനും സൗഹൃദത്തിനും ബലമേകുമെന്നാശിക്കുന്നതായും പറഞ്ഞാണ് പ്രധാനമന്ത്രി  മന്‍ കീ ബാത്തിന്റെ നാല്‍പ്പത്തിനാലാം ലക്കം ഉപസംഹരിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.