ചെങ്ങന്നൂരില്‍ വോട്ടിടുമ്പോള്‍

Monday 28 May 2018 3:10 am IST

രണ്ടുമൂന്നുമാസത്തെ അവകാശവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമൊടുവില്‍ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇന്ന് വോട്ടെടുപ്പ്. ഉപതെരഞ്ഞെടുപ്പാണെങ്കിലും കേരളത്തില്‍ മാത്രമല്ല രാജ്യത്താകമാനം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിത്. കേരളത്തില്‍ ഇടതു-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചപ്പോഴെല്ലാം ഭരണകക്ഷികള്‍ക്ക് ഇവിടെ പ്രതിനിധികളുണ്ടായിരുന്നു. 1987 ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചെങ്ങന്നൂര്‍ പ്രതിനിധീകരിച്ചത് ഇടതുമുന്നണിയായിരുന്നു. അതിനുശേഷം കാല്‍നൂറ്റാണ്ട് മണ്ഡലം കോണ്‍ഗ്രസ് മുന്നണിയോടൊപ്പം നിന്നു. കെ.കരുണാകരനും എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം മുഖ്യമന്ത്രിയായപ്പോഴും യുഡിഎഫിന്റെ എംഎല്‍എ ആയിരുന്നു ചെങ്ങന്നൂരില്‍. പിണറായി വിജയന്റെ ഒന്നരവര്‍ഷവും ഇവിടെ ഇടത് എംഎല്‍എ ആയിരുന്നു. 'അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിയുടെ മൂട് തേഞ്ഞു' എന്നു പറഞ്ഞപോലെ ഇരുമുന്നണികളുടെ ഭരണത്തിലും ചെങ്ങന്നൂര്‍ അവഗണിക്കപ്പെട്ടു. പുതിയതായി സ്ഥാപനങ്ങളുണ്ടാക്കാനോ ഉള്ളവ സംരക്ഷിക്കാനോ കഴിഞ്ഞിട്ടില്ല.

ഈ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയില്‍ ഒരുപാട് വാഗ്ദാനങ്ങള്‍ വാരിയെറിഞ്ഞിട്ടുണ്ട്. റോഡ്, പാലം, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങള്‍ അങ്ങിനെ പലതും വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെങ്കില്‍ ഇതിനകം ചെങ്ങന്നൂര്‍ സ്വര്‍ഗമായേനെ. പക്ഷേ, മുന്നണികള്‍ രണ്ടിനും വാഗ്ദാനങ്ങള്‍ ജനങ്ങളെ വഞ്ചിക്കാനുള്ളതെന്ന് ബോധ്യമായി. ഇപ്പോള്‍ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ കേരളത്തിന്റെ റെയില്‍വേയിലും ഹൈവേയിലും മാത്രമാണ് ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഊര്‍ജ്ജസ്വല പ്രവര്‍ത്തനം കൊണ്ടുമാത്രമാണത്. ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായപ്പോഴാണ് കേരളത്തിന്റെ റെയില്‍ മേഖലയ്ക്ക് പുത്തനുണര്‍വുണ്ടായത്. യുപിഎ ഭരണത്തിലത് അസ്തമിച്ചു. ഇപ്പോഴത് പുനഃസ്ഥാപിച്ച് പൂര്‍ണതയിലേക്കെത്തിക്കാന്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടക്കുകയാണ്. ശബരിമലയിലേക്കുള്ള കവാടമെന്ന നിലയില്‍ ചെങ്ങന്നൂരിന്റെ വികസനം അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാരുകളൊന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ടില്ല. അവിടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്.

വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് ബിജെപിക്ക് നിര്‍ബന്ധമാണ്. രാജ്യത്താകമാനം വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിക്കുന്നതിന് അശ്രാന്ത പരിശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അഴിമതി ലേശം പോലുമില്ലാത്ത, അടിസ്ഥാന ജനവിഭാഗങ്ങളെ മുന്നില്‍കണ്ട് ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ഗുണം കണ്ടുവരുന്നു. പുതിയ റോഡുകള്‍, പദ്ധതികള്‍, പരിഷ്‌കാരങ്ങള്‍ എന്നിവയെല്ലാം കൊണ്ട് സമ്മതി നേടുന്ന സര്‍ക്കാരിനെ നയിക്കുന്നവരില്‍ പ്രമുഖനാണ് ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന പ്രസിഡന്റ്, ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ നിലയില്‍ കേന്ദ്രസര്‍ക്കാറില്‍ നല്ല സ്വാധീനം ശ്രീധരന്‍പിള്ളയ്ക്കുണ്ട്. അദ്ദേഹത്തിന്റെ വിജയം ചെങ്ങന്നൂരിന്റെ സര്‍വതോന്മുഖമായ വികസനത്തിന് ഏറ്റവും അനുയോജ്യമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ബിജെപിക്ക് ഇപ്പോള്‍ നിയമസഭയില്‍ നേമം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഒ.രാജഗോപാലാണ്. അദ്ദേഹത്തിന്റെ പരിശ്രമം നേമത്തിന്റെ മുഖഛായ മാറ്റുകയാണ്. നേമം റെയില്‍വേ ടെര്‍മിനല്‍, കരമന, തിരുവല്ലം ടൂറിസം പദ്ധതി എന്നിവ പ്രവര്‍ത്തനാരംഭത്തിന് സജ്ജമായി. ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാന്‍  താല്പര്യവും സന്നദ്ധതയുമുള്ളയാളാണ് ശ്രീധരന്‍പിള്ള. അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ഇടതു-വലതു മുന്നണികള്‍ അണിയറയില്‍ പദ്ധതി ഒരുക്കിയെന്ന് വ്യക്തമാണ്. ചെങ്ങന്നൂരിനെ സ്‌നേഹിക്കുന്ന വോട്ടര്‍മാര്‍ അതിനെ കരുതലോടെ പരാജയപ്പെടുത്തുന്നതിന് വോട്ടവകാശം വിനിയോഗിക്കുമെന്നാശിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.