തൂത്തുക്കുടി മാഹാത്മ്യവും കോണ്‍ഗ്രസും

Monday 28 May 2018 3:11 am IST
വേദാന്തയുടെ അഭിഭാഷക പാനലിലെ പ്രമുഖരില്‍ ഒരാളായിരുന്നു മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. അവര്‍ക്ക് വേണ്ടി സുപ്രീം കോടതിയിലും ഹൈക്കോടതികളിലും മറ്റും കേസ് നടത്തുന്നതില്‍ ചിദംബരത്തിന് വലിയ റോളുണ്ടായിരുന്നുതാനും. 2004ല്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തുന്നതുവരെ ചിദംബരം ആ ചുമതല നിര്‍വഹിച്ചുപോന്നു. പിന്നീട് അദ്ദേഹത്തിന്റെ പത്‌നിക്ക് ആ ബാറ്റണ്‍ കൈമാറിയിരുന്നോ എന്നത് പരിശോധിക്കപ്പെടണം. ആ മുന്‍ ധനമന്ത്രി വേദാന്തയുടെ ഡയറക്ടര്‍ ആയിരുന്നുവെന്നാണ് ഡോ. സുബ്രമണ്യന്‍ സ്വാമി കഴിഞ്ഞദിവസം പറഞ്ഞത്. അതുസംബന്ധിച്ച രേഖകള്‍ തന്റെ കൈവശമുണ്ടെന്നും സ്വാമി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ ഇത്തരം കാര്യങ്ങളില്‍ അവിശ്വസിക്കേണ്ടതില്ല. 1999ല്‍ വേദാന്തക്കെതിരെ കയറ്റുമതി വരുമാനം കുറച്ചുകാട്ടിയതുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ തട്ടിപ്പ് കേസ് എടുത്തിരുന്നു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

തൂത്തുക്കുടിയില്‍ അടുത്തിടെ നടന്ന സമരങ്ങളും വെടിവെപ്പും മരണവുമൊക്കെ പ്രശ്‌നത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുകയാണല്ലോ. പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജനങ്ങള്‍ സമരരംഗത്ത് വന്നത്. അത് കുറേ നാളുകളായി നടന്നുവരുന്ന പ്രക്ഷോഭവുമാണ്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അവിടെ വലിയൊരു കലാപം ഉടലെടുത്തു. അതാണ് വെടിവെപ്പില്‍ കലാശിച്ചത്. അനിതരസാധാരണമായ ഒരു സംഭവമായിപ്പോയി അതെന്നതില്‍ സംശയമില്ല. നിഷ്‌കളങ്കരായ ജനങ്ങളെ വലിച്ചിഴച്ചുകൊണ്ടുവന്ന് മന:പ്പൂര്‍വം കലാപത്തിന് ശ്രമിക്കുകയായിരുന്നു എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. പോലീസിന് നേരെയുണ്ടായ അതിക്രമവും തെരുവില്‍ അരങ്ങേറിയ അക്രമങ്ങളുമാണ് വെടിവെപ്പിന് വഴിവെച്ചതെന്ന നിലപാടും സര്‍ക്കാരിനുണ്ട്. അക്കാര്യങ്ങള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയിലാണിപ്പോള്‍. എന്നാല്‍ പ്രശ്‌നത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയത് ആര്‍എസ്എസുമായി ഈ വിഷയത്തെ ബന്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയ ശ്രമമാണ്. എന്തൊക്കെയോ മറയ്ക്കാനുള്ള വെമ്പലായിരുന്നു ആ പ്രസ്താവന. അതാവട്ടെ ഇത്തരമൊരു വലിയ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്ന പ്ലാന്റിന് അനുമതി നല്‍കുന്നതിലും ഈ  വൈദേശിക സ്ഥാപനത്തെ സംരക്ഷിക്കുന്നതിലും കോണ്‍ഗ്രസ് കാണിച്ച അമിത താല്പര്യമാണ് എന്നത് ഇപ്പോള്‍   പുറത്തുവരുന്നു. 

വേദാന്ത റിസോഴ്‌സസിന്റെ സ്ഥാപനമായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് തൂത്തുക്കുടിയിലെ വലിയ കമ്പനികളില്‍ ഒന്നാണ്. ചെമ്പ് കമ്പികള്‍, വയറുകള്‍, ഇലക്ട്രോണിക് സര്‍ക്യൂട്ട് ഘടകങ്ങള്‍ തുടങ്ങിയവയാണ് അവര്‍ ഉത്പാദിപ്പിക്കുന്നത്. അതിന് സ്വാഭാവികമായും വിഷാംശമുള്ള അപകടകാരികളായ വിവിധ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. അതിനെതിരെയുള്ള പരിസരവാസികളുടെ സമരം തികച്ചും സമാധാനപരമായിരുന്നു. അതിനിടെയാണ് ഇതൊക്കെ സംഭവിച്ചത്. അതിനുപിന്നില്‍ എന്തൊക്കെയോ ദുഷ്ടലാക്കുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതില്‍ ആര്‍എസ്എസിന് ഒരു റോളുമില്ല; ബിജെപിക്കും പങ്കില്ല. പിന്നെയെന്തിന് രാഹുല്‍ ഗാന്ധി ഇതൊക്കെ പറഞ്ഞുനടന്നു?. 

ചിദംബര രഹസ്യങ്ങള്‍ 

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന വലിയ തട്ടിപ്പുകളില്‍ ഒന്നായിരുന്നു 'വേദാന്ത'യുമായുള്ള ഇടപാടുകള്‍. ഇതെല്ലാം ഒരു ചെറിയ അബദ്ധത്തില്‍ പിണഞ്ഞ പ്രശ്‌നമല്ല എന്ന് വ്യക്തം. അതിലേക്ക് പിന്നാലെവരാം. വേദാന്തയുടെ അഭിഭാഷക പാനലിലെ പ്രമുഖരില്‍ ഒരാളായിരുന്നു മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. അവര്‍ക്ക് വേണ്ടി സുപ്രീം കോടതിയിലും ഹൈക്കോടതികളിലും മറ്റും കേസ് നടത്തുന്നതില്‍ ചിദംബരത്തിന് വലിയ റോളുണ്ടായിരുന്നുതാനും.  2004ല്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തുന്നതുവരെ ചിദംബരം ആ ചുമതല നിര്‍വഹിച്ചുപോന്നു. പിന്നീട് അദ്ദേഹത്തിന്റെ പത്‌നിക്ക് ആ ബാറ്റണ്‍ കൈമാറിയിരുന്നോ എന്നത് പരിശോധിക്കപ്പെടണം. ആ മുന്‍ ധനമന്ത്രി  വേദാന്തയുടെ ഡയറക്ടര്‍ ആയിരുന്നുവെന്നാണ് ഡോ. സുബ്രമണ്യന്‍ സ്വാമി കഴിഞ്ഞദിവസം പറഞ്ഞത്. അതുസംബന്ധിച്ച രേഖകള്‍ തന്റെ കൈവശമുണ്ടെന്നും സ്വാമി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ ഇത്തരം കാര്യങ്ങളില്‍ അവിശ്വസിക്കേണ്ടതില്ല. 1999ല്‍ വേദാന്തക്കെതിരെ കയറ്റുമതി വരുമാനം കുറച്ചുകാട്ടിയതുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ തട്ടിപ്പ് കേസ് എടുത്തിരുന്നു. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയമാണ്  നടപടി സ്വീകരിച്ചത്. വേറെയും കുറെ നികുതി വെട്ടിപ്പ് കേസുകള്‍; അതില്‍ പലതിലും ഹാജരായത് ചിദംബരമാണ്. ഇത് മനസില്‍ വെച്ചുകൊണ്ട് വേണം 'ചിദംബര ചരിതം' വിലയിരുത്താന്‍. 

ഒരു സംഭവം ചൂണ്ടിക്കാണിക്കാം.  ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഗോവയിലെ സേസാ ഗോവ. മിറ്റ്‌സുയ് ഫിന്‍സൈസര്‍ എന്ന ജാപ്പനീസ് കമ്പനിയായിരുന്നു അതിന്റെ ഉടമസ്ഥര്‍. ഈ രംഗത്ത് വലിയ ലാഭമുണ്ടാക്കുകയും വലിയതോതില്‍ കയറ്റുമതി നടത്തുകയും ചെയ്ത കമ്പനിയാണിത്. 2006-07 കാലത്ത് അവര്‍ 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചു. മൈനിങ് ബിസിനസില്‍നിന്ന് പിന്മാറാനുള്ള അവരുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു വിറ്റഴിക്കല്‍. അതിന് ഒരു 'യഥാര്‍ത്ഥ താല്പര്യക്കാരനെ' കണ്ടെത്താനായി സ്റ്റാന്‍ലി മോര്‍ഗന്‍ എന്ന പ്രമുഖ ആഗോള ധനകാര്യ കണ്‍സല്‍ട്ടന്റ് സ്ഥാപനത്തെ നിയോഗിക്കുകയും ചെയ്തു.  അവരുടെ ശ്രമഫലമായി അനവധി കമ്പനികള്‍ സേസാ ഗോവയുടെ നിയന്ത്രണം ഏറ്റെടുക്കാനെത്തി. അതില്‍ ആസ്ത്രേലിയ, ബ്രസീല്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖരുമുണ്ടായിരുന്നു.  

സ്റ്റാന്‍ലി മോര്‍ഗന്‍ ഓഹരി വിലയൊക്കെ നിശ്ചയിച്ചു; കഴിഞ്ഞകാലങ്ങളില്‍ കമ്പനിയുടെ ലാഭവിഹിതം കണക്കാക്കിക്കൊണ്ടുകൂടിയായിരുന്നു അത്. അപ്പോഴാണ് പി. ചിദംബരത്തിന്റെ ദുരൂഹ ഇടപെടലുണ്ടാവുന്നത്. 2007ലെ കേന്ദ്രബജറ്റില്‍ ഇരുമ്പയിരിന് മെട്രിക്ടണ്ണിന് 300 രൂപയും ചെമ്പ് അയിരിന് 2,000 രൂപയും നികുതി ചുമത്തി. ആസൂത്രണ കമ്മീഷന്‍ നിയമിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ നികുതിയെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇരുമ്പയിര് കയറ്റുമതി തടയണം എന്നൊരു നിലപാട് അന്ന് രാജ്യത്തുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നുള്ള  ഈ കയറ്റുമതിയില്‍ ഏതാണ്ട് എഴുപത് ശതമാനവും പോയിരുന്നത് ചൈനയിലേക്കാണ്. പുതിയ നികുതി വന്നതോടെ സേസാ ഗോവ അടക്കമുള്ളവരെ കാര്യമായി ബാധിച്ചു. അവരുടെ ലാഭത്തില്‍ ഗണ്യമായ കുറവ് ഉറപ്പായി. അത് 51 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള പദ്ധതിയെ ബാധിച്ചു. പ്രതീക്ഷയോടെ വന്ന വിദേശികളടക്കമുള്ളവര്‍ പിന്‍വാങ്ങി. അവിടേക്കാണ് പി. ചിദംബരത്തിന്റെ വിശ്വസ്തരായ വേദാന്ത എത്തുന്നത്. ഇടിഞ്ഞ ഓഹരിവില കണക്കിലെടുത്ത് വേദാന്ത ആ ഗോവന്‍ കമ്പനി ഏറ്റെടുക്കുന്നു. വേദാന്തക്ക് വേണ്ടി നടത്തിയ ഇടപെടലാണ് ബജറ്റിലുണ്ടായത് എന്നതല്ലേ വസ്തുത ?

ഇനിയാണ് കാണേണ്ട കാഴ്ച; രണ്ട്  മാസങ്ങള്‍ കഴിഞ്ഞ് പാര്‍ലമെന്റില്‍ ഫിനാന്‍സ് ബില്‍ അവതരിപ്പിച്ചപ്പോള്‍ ഇരുമ്പ്, ചെമ്പ് എന്നിവയ്ക്കുള്ള കയറ്റുമതി തീരുവ ഗണ്യമായി കുറച്ചുകൊടുത്തു. 300 രൂപയായിരുന്നത് അന്‍പത് രൂപയായിട്ടാണ് കുറച്ചത്. 62 ശതമാനം ഇരുമ്പ് ഘടകമുള്ളതിനാണ് ഈ ആനുകൂല്യം നല്‍കിയത്; അത് യഥാര്‍ഥത്തില്‍ സേസാ ഗോവക്ക്  വേണ്ടിയായിരുന്നു; വേദാന്തക്ക് വേണ്ടിയായിരുന്നു. ഇനി മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് വേദാന്തയായിരുന്നു. 2010-11ല്‍ സേസാ ഗോവ നടത്തിയത് 8,387 കോടി രൂപയുടെ കയറ്റുമതിയാണ്; അതിലൂടെ അവര്‍ ഉണ്ടാക്കിയ ലാഭം 4,884 കോടിയാണ്. ഒരുവര്‍ഷത്തെ ലാഭക്കണക്കാണിത്; പകുതിയിലേറെ ലാഭം......... !

രാഹുല്‍-സോണിയ കരുത്തില്‍   

ഇതിനൊപ്പമാണ് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയെ വിലയിരുത്തേണ്ടത്. പരിസ്ഥിതി പ്രശ്നമുണ്ടാക്കുമെന്ന് ഉറപ്പുള്ള ഈ കമ്പനിക്ക് ജയലളിത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. നാഷണല്‍ ഗ്രീന്‍ ട്രിബുണലില്‍നിന്ന് താല്‍ക്കാലിക ഉത്തരവ് കരസ്ഥമാക്കിയാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അതിലേറെ പ്രധാനം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വേദാന്തക്ക് നല്‍കിയ അകമഴിഞ്ഞ സഹായമാണ്. കോണ്‍ഗ്രസാണ് നിയമങ്ങള്‍ ലംഘിച്ചും പ്രാദേശികവികാരം മറികടന്നും ആവശ്യമായ എല്ലാ അനുമതികളും അവര്‍ക്ക് നല്‍കിയത്. 2007 മുതല്‍ 2012 വരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ അവരുടെ ഒരു അപേക്ഷയെത്തിയാല്‍ മിന്നല്‍ വേഗതയിലാണ് തീരുമാനമുണ്ടായിക്കൊണ്ടിരുന്നത് എന്ന് ഫയലുകള്‍ സംസാരിക്കും. 2007 മാര്‍ച്ച് 30 നാണ് കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള വൈദ്യുതി പ്ലാന്റിന് അനുമതി പരിസ്ഥിതി മന്ത്രാലയം നല്‍കുന്നത്. സ്റ്റെര്‍ലൈറ്റ് കമ്പനിക്കായി വൈദ്യുതി ഉത്പാദിപ്പിക്കാനാണിത് എന്നതോര്‍ക്കുക. അതേവര്‍ഷം ആഗസ്തില്‍ ചെമ്പ് അധിഷ്ഠിത കമ്പനിക്കാവശ്യമായ അനുമതികള്‍  നല്‍കി; 2009 ജനുവരിയില്‍ ആ കമ്പനിയുടെ വികസനത്തിന് പച്ചക്കൊടി കാട്ടിയത്  യുപിഎ ഭരണകൂടമാണ്. ഇതൊക്കെക്കഴിഞ്ഞ്  2010 മാര്‍ച്ച് 10നും ആഗസ്ത് 11നും ആ അനുമതികളെ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിക്കുകയും ചെയ്തു. അവിടെ പരിസ്ഥിതി പ്രശ്‌നമേയില്ല എന്നതായിരുന്നു കേന്ദ്രനിലപാട്. അവസാനം 2012 ജൂലൈയില്‍ പുതിയ മറ്റൊരു പ്ലാന്റിന്റെ നിര്‍മ്മാണത്തിന് അനുമതിയും നല്‍കി. അതായത് ഇപ്പോള്‍ കാണുന്ന പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണക്കാര്‍ കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരാണ്. 

ഇവിടെയാണ് ആര്‍എസ്എസിനെ ഇതിലേക്ക് വലിച്ചിഴക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ കുബുദ്ധിയെ കാണേണ്ടത്. ഒന്ന്: ആര്‍എസ്എസ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്ന പ്രസ്ഥാനമല്ല. അത് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയാം. എന്തിനുമേതിനും ആര്‍എസ്എസിനെ വലിച്ചിഴച്ചാല്‍ എന്ത് നേട്ടമാകും കോണ്‍ഗ്രസിന് ലഭിക്കുക എന്നറിയില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍, അദ്ദേഹത്തിനൊപ്പം നിഴലായുള്ള വൈദേശിക വിദഗ്ധസംഘം, നല്‍കിയ ഉപദേശമതായിരിക്കും... എല്ലായ്‌പ്പോഴും  ആര്‍എസ്എസിനെ കുറ്റപ്പെടുത്തുക എന്നത്. അതൊക്കെ സ്വന്തം തട്ടിപ്പ് മറച്ചുവെക്കാനാണ് എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതല്ലേ ഇപ്പോള്‍ കാണുന്നത്. 

കെ.വി.എസ് ഹരിദാസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.