ഇങ്ങനെ ട്രോളിയാല്‍ ചിലതു പറയാതെ വയ്യ

Monday 28 May 2018 3:14 am IST

കുമ്മനം രാജശേഖരനെ വ്യക്തിപരമായി പരിചയമില്ല. ഞാന്‍ ബിജെപിയുടെ പിആര്‍ഒയുമല്ല. പക്ഷേ ചില കാര്യങ്ങള്‍ പറയാതിരിക്കാനാവില്ല, പ്രത്യേകിച്ച് ചില ട്രോളുകള്‍ കാണുമ്പോള്‍. എന്നെ സംബന്ധിച്ചിടത്തോളം എ.ബി. വാജ്‌പേയിയും എല്‍.കെ. അദ്വാനിയും കുമ്മനം രാജശേഖരനും ഒ. രാജഗോപാലുമാക്കെ നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രതീകങ്ങളാണ്. ഒരു പഞ്ചായത്ത് മെംബര്‍ സ്ഥാനം പോലും സ്വപ്‌നം കാണാനാകാതിരുന്ന കാലത്ത്, ഒരു ആദര്‍ശത്തിനായി ഇറങ്ങിത്തിരിച്ച്, ഈ നിമിഷംവരെ അതിനായി നിലകൊണ്ടവര്‍, കൊള്ളുന്നവര്‍. ഇപ്പോഴത്തെ തലമുറയെ കാത്ത് ചില ബോര്‍ഡ്, കോര്‍പറേഷന്‍, രാജ്യസഭാ സംവിധാനങ്ങളെങ്കിലും ഉണ്ടെന്ന് ഓര്‍ക്കണം.

എന്തൊക്കെ പറഞ്ഞാലും ബിജെപിക്ക് കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായത് കുമ്മനം രാജശേഖരന്‍ പ്രസിഡന്റ് ആയിരുന്ന കാലത്താണ്. ഏറ്റവും ജനപ്രിയനായിരുന്ന സികെപിയുടെ കാലത്തുപോലും ഇത്തരമൊരു അത്ഭുതം നടന്നില്ല. ഒരു മനുഷ്യനെയും വിലകുറച്ചുകാണരുത്. കെ.ആര്‍. നാരായണന്‍ ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ആരെങ്കിലും കരുതിയോ ഒരിക്കല്‍ കെ. കരുണാകരന് വിമാനത്താവളത്തില്‍ പോയി വരവേല്‍ക്കേണ്ടിവരുമെന്ന്. കുമ്മനമോ രാജഗോപാലോ വി. മുരളീധരനോ ഒക്കെ നാളെ ഉപരാഷ്ട്രപതിയോ രാഷ്ട്രപതിയോ ആയാല്‍പ്പോലും അത്ഭുതപ്പെടരുത്. അന്ന് നമ്മള്‍ മലയാളികള്‍ അഭിമാനിക്കുന്നു എന്ന് പറയേണ്ടിവരും. രാഷ്ട്രീയത്തില്‍ ഇത്തരം നിയമനങ്ങള്‍ പതിവുള്ളതാണ്. കിച്ചന്‍ കാബിനറ്റ് ഒന്നും മറക്കേണ്ട. 

കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയെ സിംഗപ്പൂര്‍ ഹൈകമ്മീഷണറായി അയച്ചതും ഓര്‍ത്തുപോകുന്നു. രാഷ്ട്രീയക്കാരന്‍ അല്ലാതിരുന്നിട്ടുകൂടി എം.എം. തോമസ് നാഗലാന്‍ഡില്‍ ഗവര്‍ണറായത് അപ്രതീക്ഷിതമായിട്ടല്ലേ? അത്തരത്തില്‍ ഒന്നായി ഇതിനെയും കണ്ടാല്‍ മതി. എന്തായാലും അത്യാവശ്യം വിദ്യാഭ്യാസമുള്ള വ്യക്തിയല്ലേ കുമ്മനം? ആറാം ക്‌ളാസും ഗുസ്തിയുമൊന്നുമല്ലല്ലോ. കേട്ടിടത്തോളം സാത്വികനായ മനുഷ്യനാണുതാനും. മുഴുവന്‍സമയ രാഷ്ട്രീയക്കാരനായി ട്രോളില്‍പ്പെട്ട് തകര്‍ന്നതല്ലാതെ ഒരാക്ഷേപവും അദ്ദേഹത്തെക്കുറിച്ച് ഉണ്ടായിട്ടില്ല. നിലയ്ക്കല്‍ പ്രശ്‌നത്തിലെ ഇടപെടലുകളിലൂടെയാണ് മലയാളികള്‍ ഈ പേര് ആദ്യം കേട്ടത്. ഇനിയൊന്ന് നിലയുറപ്പിക്കട്ടെ. ഗവര്‍ണര്‍ ആകുന്ന സ്ഥിതിക്ക് ഇനി ട്രോള്‍ നിരോധനവും പ്രതീക്ഷിക്കാം. ട്രോളുകളിലെ തമാശ ഞാന്‍ ആസ്വദിക്കുന്നു. എന്തോ വലിയ അപരാധവും അപകടവുമെന്ന മട്ടിലുള്ള പരിഹാസം പക്ഷേ സഹിക്കാനാവുന്നില്ല.

ഈ പദവി ആഗ്രഹിച്ചിട്ടില്ലെന്നും  ആരോടും ചോദിച്ചിട്ടില്ലെന്നും ഒരു കോണ്‍ഗ്രസുകാരനല്ല പറയുന്നത്, കുമ്മനമാണ്. അവിശ്വസിക്കേണ്ടതില്ല. പ്രതിഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യണമെന്ന ആപ്തവാക്യം വീണ്ടും വീണ്ടും നമ്മെ ഓര്‍മിപ്പിക്കുകയാണ് കുമ്മനം രാജശേഖരനും ഒ. രാജഗോപാലും.

എഫ്ബിപരമായ മുന്നറിയിപ്പ്: ഞാന്‍ ബിജെപി പ്രവര്‍ത്തകനോ ആ ആദര്‍ശത്തില്‍ വിശ്വസിക്കുന്നയാളോ അവരില്‍ നിന്ന് ഒരാനുകൂല്യവും പ്രതീക്ഷിക്കുന്ന വ്യക്തിയോ അല്ല.

  വിനോദ് ജോണ്‍,

ടൊറന്റോ, കാനഡ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.