രണ്ട് അതിവേഗ പാതകൾ തുറന്ന് പ്രധാനമന്ത്രി

Monday 28 May 2018 3:30 am IST

ന്യൂദല്‍ഹി: ഒരു ദിവസം രണ്ട് എക്‌സ്പ്രസ് ഹൈവേകള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേയും ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് ഹൈവേയുമാണ് മോദി ഉദ്ഘാടനം ചെയ്തത്.

7500 കോടി ചെലവില്‍ പൂര്‍ത്തിയാക്കിയ ദല്‍ഹി-മീററ്റ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇന്ത്യയിലെ ആദ്യ പതിനാലുവരി പാതയും പരിസ്ഥിതി സൗഹൃദ ഹൈവേയുമാണ് ദല്‍ഹി-മീററ്റ് എക്സ്പ്രസ് വേ. ഇതിനു ശേഷമാണ് പെരിഫറല്‍ എക്‌സ്പ്രസ് ഹൈവേ മോദി ഉദ്ഘാടനം ചെയ്തത്. 11,000 കോടി രൂപയുടെ നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരമുള്ള രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈവേ കൂടിയാണ്. 

ഉദ്ഘാടനത്തിന് ശേഷം മോദി തുറന്ന വാഹനത്തില്‍ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിച്ചു.'റോഡ് മലിനീകരണത്തില്‍ നിന്ന് മോചനം' എന്നാണ് ദല്‍ഹി-മീററ്റ് പാതയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നാലുവര്‍ഷം മുമ്പ് ഒരു ദിവസം 12 കിലോമീറ്റര്‍ ഹൈവേയാണ് പൂര്‍ത്തിയായത്. എന്നാല്‍ ഇപ്പോള്‍ പ്രതിദിനം 27 കിലോ മീറ്റര്‍ പൂര്‍ത്തിയാവുകയാണ്. ഗ്രാമങ്ങളെ സംയോജിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും മോദി ചോദിച്ചു.  

എക്‌സ്പ്രസ് പാത നിലവില്‍ വന്നതോടെ ദല്‍ഹി-മീററ്റ് നഗരങ്ങള്‍ തമ്മിലുള്ള രണ്ടര മണിക്കൂര്‍ അകലം 40 മിനിറ്റായി കുറയും.ആറ് എക്‌സ്പ്രസ് ഹൈവേയും ദല്‍ഹിയിലെ നിസാമുദ്ദീന്‍ പാലത്തില്‍ നിന്ന് യുപി അതിര്‍ത്തിയിലേക്കുള്ള സര്‍വീസ് ലൈനുമാണ് ഇതിന്റെ ഭാഗമായുള്ളത്.  മുപ്പതു മാസത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും 18 മാസത്തില്‍ പൂര്‍ത്തിയാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.