നിപ; മരണം പതിനാലായി

Monday 28 May 2018 3:38 am IST

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലാഴി വടക്കേനാരാട്ട് കലവാണിഭവന്‍ പറമ്പില്‍  അഭിന്‍ (26) ആണ് മരിച്ചത്. ഇതോടെ നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. അതീവ ഗുരുതരാവസ്ഥയില്‍  ഒരാഴ്ചയോളമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിന്‍ ഇന്നലെ ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. പനി ബാധിച്ച് ഒളവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇഖ്‌റ ആശുപത്രിയിലും ചികിത്സ തേടിയ അഭിന്റെ നില ഗുരുതരമായതോടെ 19നാണ്  മിംസില്‍ എത്തിച്ചത്. 

പാലാഴിയിലെ ഓട്ടോ ഡ്രൈവറായ യുവാവിന് എങ്ങനെ രോഗം ബാധിച്ചു എന്നതിനെക്കുറിച്ച് വ്യക്തത കൈവന്നിട്ടില്ല. ഈ മാസം ആദ്യം അഭിന്‍ പേരാമ്പ്രയിലുള്ള ബന്ധുവീട്ടില്‍ പോയിരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എങ്ങനെ രോഗം ബാധിച്ചു എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കെ.പി. സുരേഷ് - പ്രേമലത ദമ്പതികളുടെ മകനാണ് അഭിന്‍. സഹോദരി: അമൃത. 

 സംസ്ഥാനത്ത് ഇതുവരെ 16 പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് ഒരാള്‍ക്ക്കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറു പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

മുൻകരുതലുകൾ പാളുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ചങ്ങരോത്ത് തുടക്കമായ നിപ വൈറസ് ബാധയില്‍ രണ്ട് ജില്ലകളിലായി 14 പേര്‍ മരിച്ചതിന് ശേഷവും ആരോഗ്യവകുപ്പിന്റെ മുന്‍കരുതലുകള്‍ പാളുന്നു. നിപ വൈറസിന്റെ ഉറവിടം ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണെങ്കിലും രോഗം ബാധിച്ച് മരിച്ചവര്‍ കോഴിക്കോട്, മലപ്പുറം ജില്ലയിലുള്ളവരാണ്. പേരാമ്പ്ര താലൂക്ക്  സര്‍ക്കാര്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നാണ് രോഗം വ്യാപകമായി പകര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. 

മരിച്ചവരുടെ യാത്രാവിവരങ്ങളും ഈ വസ്തുത ശരിവെയ്ക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുമായി അടുത്ത് ഇടപഴകുന്നവരുടെ പ്രത്യേകം ലിസ്റ്റ് എടുത്ത് അവര്‍ക്ക് രോഗം പകരാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുമെന്നായിരുന്നു ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ തയ്യാറാക്കുന്ന ലിസ്റ്റ് അനുസരിച്ച് മുന്‍കരുതലുകള്‍ നടപ്പിലാക്കാന്‍ നടപടികള്‍ എടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം മരിച്ച നരിപ്പറ്റ ചീക്കോന്ന് സ്വദേശി കല്യാണി അമ്മയുടെ കൂട്ടിരിപ്പുകാര്‍ക്ക് പോലും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കണമെന്ന നിര്‍ദേശം നല്‍കിയില്ല. 

രോഗം പകരാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതില്‍ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പും പരാജയപ്പെട്ടതിന്റെ ദുരന്തമാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണം. രോഗബാധിതരായി മരിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയണമെങ്കില്‍ ജൂണ്‍ ആദ്യവാരം വരെ കാത്തിരിക്കണമെന്നാണ് സ്ഥിതി. വവ്വാലില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നായിരുന്നു ആദ്യ അനുമാനം. പരിശോധനാഫലം വന്നപ്പോഴാണ് അത് തിരുത്തേണ്ടിവന്നത്. നിപ ബാധിച്ച് ആദ്യം മരിച്ച ചങ്ങരോത്ത് സാബിത്തിന് വൈറസ് ബാധയുണ്ടായത് എങ്ങനെയാണെന്നുള്ള അന്വേഷണം എവിടെയുമെത്തിയിട്ടില്ല. 

മെഡിക്കല്‍കോളേജില്‍ അടിയന്തര ചികിത്സ മാത്രമേ ഉള്ളൂവെന്ന് പ്രിന്‍സിപ്പലിന്റെ ഉത്തരവ് മണിക്കൂറുകള്‍ക്കകം പിന്‍വലിക്കേണ്ടിവന്നു. കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് രോഗബാധിത പ്രദേശങ്ങളിലുള്ളവര്‍ മാറി നില്‍ക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവും നിമിഷങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ചു.  വ്യക്തമായ ഏകോപനമോ കൂട്ടുത്തരവാദിത്തമോ ഇല്ലാതെയാണ് വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.