ഗോളടിയിൽ രണ്ടാമൻ

Monday 28 May 2018 3:40 am IST

റൊണാള്‍ഡോ ലൂയിസ് നസാരിയോ ഡി ലിമ എന്ന പേര് കാല്‍പ്പന്തുകളി പ്രേമികള്‍ക്ക് അത്ര സുപരിചിതമാവില്ല. എന്നാല്‍ ബ്രസീലിന്റെ വിഖ്യാത സ്‌ട്രൈക്കര്‍ റൊണാള്‍ഡോയെ അറിയാത്തവരില്ല. നാല് ലോകകപ്പില്‍ കളിക്കുകയും രണ്ട് കിരീടങ്ങള്‍ നേടുകയും ചെയ്ത താരമാണ് റൊണാള്‍ഡോ. 1994, 2002 ലോകകപ്പ് ജേതാക്കളായ കാനറി ടീമിലായിരുന്നു റൊണാള്‍ഡോ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ 1994-ലെ ലോകകപ്പില്‍ ഒരു മത്സരത്തിലും കളിച്ചില്ല. 2002, 2006 ലോകകപ്പുകളില്‍ കളിച്ചു.  

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ് റൊണാള്‍ഡോ.  മൂന്ന് ലോകകപ്പുകളിലെ 19 കളികളില്‍ നിന്നായി 15 ഗോളുകള്‍ നേടി. 4 ലോകകപ്പുകളിലെ 24 മത്സരങ്ങളില്‍ നിന്ന് 16 ഗോളുകള്‍ നേടിയ ജര്‍മനിയുടെ  മിറോസ്ലാവ് ക്ലോസെയാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കുറിച്ച താരം. ബ്രസീലിന്റെ ഏക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോളടി വീരനാണ് റൊണാള്‍ഡോ. 98 മത്സരങ്ങളില്‍ റൊണാള്‍ഡോ 62 ഗോളുകള്‍ നേടി. പെലെയാണ് ഒന്നാമത്. 92 കളികളില്‍ നിന്ന് 77 ഗോളുകള്‍. 1993 മെയ് 25ന് ബ്രസീലിലെ ക്രുസെയ്‌റോ ക്ലബ്ബിലൂടെയാണ് 16-ാം വയസ്സില്‍ റൊണാള്‍ഡോ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 

1994-ലാണ് റൊണാള്‍ഡോ ദേശീയ ടീമില്‍ അംഗമായത്. അര്‍ജന്റീനക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ദേശീയ ജേഴ്‌സിയിലുള്ള അരങ്ങേറ്റം. ആ വര്‍ഷത്തെ ലോകകപ്പിനുള്ള ടീമില്‍ 17 കാരനായ റൊണാള്‍ഡോ ഇടംനേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനിറങ്ങിയില്ലെങ്കിലും ബ്രസീല്‍ ലോകചാമ്പ്യന്മാരായി. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ബ്രസീലില്‍ ടീമില്‍ കളിച്ച റൊണാള്‍ഡോ അഞ്ച് ഗോളുകളുമായി ടോപ്‌സ്‌കോറര്‍ പട്ടികയില്‍ രണ്ടാമതെത്തുകയും ചെയ്തു.  1998ലെ ലോകകപ്പില്‍ ബ്രസീലിനെ ഫൈനല്‍ വരെ എത്തിച്ചതും റൊണാള്‍ഡോയുടെ ബൂട്ടുകളാണ്. റൊണാള്‍ഡോ നിറം മങ്ങിയ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനോട് 3-0ന് തോല്‍ക്കുകയും ചെയ്തു. അത് ഏറെ വിവാദങ്ങള്‍ക്ക് ഇടനല്‍കുകയും ചെയ്തു. ഫൈനലിന്റെ തലേന്ന് പുറത്തുവന്ന ടീം ലിസ്റ്റില്‍ റൊണാള്‍ഡോയുടെ പേരുണ്ടായിരുന്നില്ല. ഈ ലിസ്റ്റ് കണ്ട് ഫ്രാന്‍സുകാര്‍ ഏറെ സന്തോഷിച്ചപ്പോള്‍ ലോകമെങ്ങുമുള്ള ആരാധകര്‍ അന്തംവിട്ടു. പിറ്റേ ദിവസം കളിയുടെ തൊട്ടു മുന്‍പ് ടീം ലിസ്റ്റ് വന്നപ്പോള്‍ അതില്‍ റൊണാള്‍ഡോയുടെ പേരുണ്ടായിരുന്നു. എന്നാല്‍ കളിക്കളത്തില്‍ റൊണാള്‍ഡോയാവട്ടെ സമ്പൂര്‍ണ പരാജയവുമായി. 

 2002-ല്‍ ജപ്പാനിലും കൊറിയയിലുമായി നടന്ന ലോകകപ്പ് കിരീടം ബ്രസീലിന് നേടിക്കൊടുത്ത് റൊണാള്‍ഡോയാണ്.   ഫൈനലില്‍ ജര്‍മനിയെ 2-0ന് പരാജയപ്പെടുത്തിയപ്പോള്‍ രണ്ട് ഗോളുകളും ഇൗ സൂപ്പര്‍ താരത്തിന്റെ ബൂട്ടില്‍നിന്ന് പിറന്നു. 2006ലെ ലോകകപ്പില്‍ ടീമിലെ ഫൈനലിലെത്തിക്കാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് 1-0ന് തോറ്റു. പിന്നീട് ബ്രസീല്‍ ടീമില്‍ റൊണാള്‍ഡോയ്ക്ക് ഏറെ സ്ഥാനമുണ്ടായില്ല. 

 റൊണാള്‍ഡോ നേടിയ ബഹുമതികള്‍ക്കും അവാര്‍ഡുകള്‍ക്കും കയ്യും കണക്കുമില്ല.  1998 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍, 2002-ല്‍ ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണപാദുകം, ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്‌കാരം, മികച്ച കളിക്കാരനുള്ള രജത പന്ത്, 1996, 97, 2002 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ലയര്‍ ഓഫ് ദ ഇയര്‍, 1997, 2002 വര്‍ഷങ്ങളില്‍ ബാലണ്‍ ഡി ഓര്‍, 2003ലെ ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡ്, 2006 ലോകകപ്പിലെ മൂന്നാമത്തെ ടോപ്‌സ്‌കോറര്‍ക്കുള്ള വെങ്കല പാദുകം തുടങ്ങി നിരവധി അവാര്‍ഡുകള്‍   റൊണാള്‍ഡോയെ തേടിയെത്തി.

വിനോദ് ദാമോദരന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.