മന്ത്രി ജി.സുധാകരൻ്റെ ഭാര്യയുടെ നിയമനം വിവാദത്തിൽ

Monday 28 May 2018 3:55 am IST

ആലപ്പുഴ: മന്ത്രി ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി നിയമിച്ചത് വിവാദമായി.  ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടറായാണ് നിയമനം.  

 ഇവര്‍ക്കു വേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നാണ് ആക്ഷേപം. പത്തു ബിഎഡ് സെന്ററുകള്‍, 29 യുഐടികള്‍, ഏഴ് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററുകള്‍ എന്നിവയാണ് കേരള സര്‍വകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍. ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷനു കീഴിലാണിവയുടെ പ്രവര്‍ത്തനം. ഇതിന്റെ ഡയറക്ടറായാണു മന്ത്രിയുടെ ഭാര്യയെ നിയമിച്ചത്. 

 പ്രതിമാസം 35,000 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കു കരാര്‍ അടിസ്ഥാനത്തിലാണു നിയമനം. കഴിഞ്ഞ നാലിനു നടത്തിയ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവില്‍ പറയുന്നു. നേരത്തേ സര്‍വകലാശാല പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ് പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. ഇത് മന്ത്രിയുടെ ഭാര്യക്കു വേണ്ടിയെന്നാണ് ആക്ഷേപം. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്. 

ഓരോ കോഴ്സിനും ഓരോ ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. നേരത്തെ മന്ത്രി എ. കെ. ബാലന്റെ ഭാര്യയെ ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച ശേഷം ആര്‍ദ്രം മിഷനില്‍ നിയമിച്ചതും വിവാദമായിരുന്നു. 

സ്വന്തക്കാരെ നിയമവിരുദ്ധമായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്നാണ് ഇ. പി. ജയരാജന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്. ഇടതു ഭരണം നേതാക്കള്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടിയാണെന്ന വിമര്‍ശനം ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.