വാക്കിന്റെ സുഗന്ധം

Monday 28 May 2018 4:28 pm IST

പരിമളം പരത്തുന്നത് പൂക്കള്‍ മാത്രമല്ല.നല്ല വാക്കുകള്‍ക്കും സുഗന്ധമുണ്ടാക്കാനാവും.ഒരു വാക്ക് ഒരു വസന്തമായി മാറാം.ഒരു വാക്കുകൊണ്ട് മാറാവുന്നതേയുള്ളൂ ലോകം.അത്രയ്ക്കു ശക്തിയും സൗന്ദര്യവുമാണ് വാക്കുകള്‍ക്ക്.വാക്ക് ബ്രഹ്മമാണ്.ആദിയില്‍ ഉണ്ടായത് വാക്കാണെന്നു പറയുന്നു.

പെട്ടെന്നു മിത്രമാകാനും ശത്രുവാകാനും വാക്കുമതി.ആയുധംകൊണ്ടുള്ള മുറിവ് പെട്ടെന്നുണങ്ങിയേക്കാം.പക്ഷേ വാക്കിനാലുള്ള മുറിവ് കാലങ്ങളോളം നിലനില്‍ക്കും.അതുകൊണ്ടാണ് വാക്ക് സ്വര്‍ണ്ണമാണെന്നു പറയുന്നത്.സൂക്ഷിച്ചുപയോഗിക്കേണ്ട ആയുധംകൂടിയാണ് വാക്കെന്നും പറയാറുണ്ട്..സ്‌നേഹത്തിന്റെ,വാത്സല്യത്തിന്റെ,കരുണയുടെ,സഹനത്തിന്റെ,സാന്ത്വനത്തിന്റെ,ആത്മവിശ്വാസത്തിന്റെ...അങ്ങനെ എത്രയോ വികാരങ്ങളുള്ള വാക്കുകള്‍.ഒരു ക്ഷമയുടെ വാക്കില്‍ തീരാവുന്ന ശത്രുത.ഒരുവാക്കില്‍ ഒരാളെ മരണത്തില്‍നിന്നുപോലും രക്ഷപെടുത്താം.ആത്മഹത്യയ്ക്കു ശ്രമിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന സാന്ത്വന വാക്കില്‍ അയാള്‍ക്കു പുതിയൊരു ജീവിതം കിട്ടാം.

നന്മ പറയാനുള്ളതാണ് നാവെന്നു വിചാരിച്ചാല്‍ മതി.മറ്റുള്ളവരെ വേദനിപ്പിച്ചു നാം നേടുന്നത് ഒരു പക്ഷേ താല്‍ക്കാലിക സുഖമായിരിക്കും.യഥാര്‍ഥത്തില്‍ നമുക്കത് നെഗറ്റീവ് എനര്‍ജിയാണ് പ്രദാനം ചെയ്യുന്നത്.അല്ലെങ്കില്‍ തന്നെ മറ്റുള്ളവരോട് മോശമായി പറയാന്‍ എന്തധികാരം.നല്ലതു പറയുക ഒരു ശീലമാണ്.നല്ല സംസ്‌ക്കാരത്തില്‍ നിന്നേ അതു ജനിക്കൂ.ചെറുപ്പംതൊട്ടേ അതു ശീലിക്കണം.അനാവശ്യ തിക്കും തിരക്കും സമ്മര്‍ദവുമായി ജീവിതം പലപ്പോഴും അലങ്കോലപ്പെട്ടുപോകുന്ന ആധുനിക സാഹചര്യത്തില്‍ നല്ല വാക്കുകള്‍ വലിയ ആത്മവിശ്വാസം പകരും.

മറ്റുള്ളവരെ മാനിക്കാതിരിക്കുമ്പോഴാണ് മോശം വാക്കുകള്‍ പറയുന്നത്.അന്യരെ എന്തുകൊണ്ട്ു മാനിച്ചുകൂടാ.അന്യര്‍ ശത്രുക്കളല്ല.പക്ഷേ ഇടപെടല്‍കൊണ്ട് ശത്രുക്കളാക്കാം.അന്യരുടെ മനസുകാണാതെ സംസാരിക്കുക.അവരെ പ്രകോപിപ്പിക്കുക.പരിഹസിക്കുക.ഇതൊക്കെക്കൊണ്ട് ആര്‍ക്കു നേട്ടം.ഒരാളുടെ പണമോ സൗന്ദര്യമോ വസ്ത്രമോ അല്ല അയാളുടെ ഗുണം നിര്‍ണ്ണയിക്കുന്നത്.സംസാരമാണ്.എല്ലാം ഉണ്ടായിട്ടും വെറുപ്പിന്റെ ഭാഷ സംസാരിച്ചാല്‍ എന്തു ഗുണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.