ആഴ്‌വാര്‍ തിരുനഗരി എന്ന ആദി ക്ഷേത്രം

Tuesday 29 May 2018 2:02 am IST

മിഴ്‌നാട്ടിലെ തിരുനെല്‍വേലി നഗരത്തിന് ചുറ്റുമായി സ്ഥിതിചെയ്യുന്ന ഒമ്പതു വിഷ്ണുക്ഷേത്രങ്ങള്‍ നവതിരുപ്പതികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ്. ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ ചെയ്താല്‍ ഗ്രഹദോഷങ്ങള്‍ ഇല്ലാതാകുമെന്നും സമ്പത്തും സന്തോഷവും ജ്ഞാനവും കൈവരുമെന്നുമാണ് വിശ്വാസം. നവ ഗ്രങ്ങളില്‍ ഓരോ ഗ്രഹത്തിന്റെയും സ്ഥാനമാണ് ഇവയില്‍ ഓരോ ക്ഷേത്രത്തിനും.

നവതിരുപ്പതികളില്‍ ഒമ്പതാമത്തെ തിരുപ്പതിയാണ് ആഴ്‌വാര്‍ തിരുനഗരി ക്ഷേത്രം.

നൂറ്റിയെട്ട് ദിവ്യദേശങ്ങളില്‍പെട്ട ഈ ക്ഷേത്രങ്ങള്‍ ഒമ്പതും തിരുച്ചെന്തൂര്‍-തിരുനെല്‍വേലി റൂട്ടില്‍, താമ്രപര്‍ണീ നദീതീരത്താണ്.

മൂന്നു പ്രാകാരങ്ങളുള്ള ക്ഷേത്രത്തിന് അഞ്ചുനില ഗോപുരമാണുള്ളത്.

ഭൂമിയില്‍ വിഷ്ണുവിനായി നിര്‍മിക്കപ്പെട്ട ആദ്യക്ഷേത്രമായതുകൊണ്ട് (ഭൂമിയിലെ വിഷ്ണുക്ഷേത്രങ്ങളില്‍ ശ്രീമന്നാരായണന്‍ അവതരിച്ച ആദ്യ സ്ഥലം) ഇവിടം ആദിക്ഷേത്രം എന്നും മൂര്‍ത്തി ആദിനാഥന്‍ എന്നും അറിയപ്പെടുന്നു. സ്വയംഭൂവത്രെ ഭഗവാന്‍. കൈയില്‍ പ്രയോഗചക്രവുമായി നില്‍ക്കുന്ന നിലയിലാണ്. ദേവി ആദിനാഥവല്ലിയെയും കുറുഗുവല്ലിതായാരെയും വെവ്വേറെ സന്നിധികളില്‍ കാണാം.

ഉള്ളില്‍ ഗരുഡാഴ്‌വാരുടെ പ്രതിഷ്ഠയുണ്ട്. ഉള്ളില്‍തന്നെ വലതുഭാഗത്തായി വേണുഗോപാല സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്.

പാണ്ഡ്യരാജാക്കന്മാരുടെ ഭരണകാലത്ത് ഏറ്റവും വലിയ നഗരം ഇതായിരുന്നു എന്ന് കരുതിപ്പോരുന്നു. സംസ്‌കൃതത്തില്‍ ശ്രീനഗരി എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്.

ഭൂമിയില്‍ ജീവജാലങ്ങളുടെ സൃഷ്ടികര്‍മ്മം ആരംഭിക്കുന്നതിന് മുന്‍പ് ഇവിടെ വന്ന് ബ്രഹ്മാവ് വിഷ്ണുവിനെ ഉപാസിച്ചിരുന്നു. ഭഗവാന്‍ ബ്രഹ്മാവിന് ഗുരുകഥ പറഞ്ഞുകൊടുത്തു എന്നും സൃഷ്ടികര്‍മത്തെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിച്ചുകൊടുത്തതിനാല്‍ ബ്രഹ്മാവിന്റെ അഭീഷ്ടമനുസരിച്ച് ഈ ക്ഷേത്രത്തിന് കുറുഗൂര്‍ എന്നുകൂടി പേരു നല്‍കി എന്നും പറയപ്പെടുന്നു.

കണ്ണാടി മണ്ഡപത്തില്‍ സംഗീതം ഉതിര്‍ക്കുന്ന തൂണുകളുണ്ട്. നാദസ്വരത്തിന്റെ ഒരു മാതൃകയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ശ്രീവരാഹമൂര്‍ത്തി പ്രളയകാലത്ത് ഭൂമിയെ മോചിപ്പിച്ച സ്ഥലമായതുകൊണ്ട് വരാഹക്ഷേത്രമെന്നും ആദിശേഷന്‍ പുളിമരമായി നില്‍ക്കെ പുളിമരത്തിനു ചുറ്റും നമ്മാഴ്‌വാരായി രൂപമെടുത്ത ഭഗവാന്‍ തപസ്സനുഷ്ഠിച്ചതിനാല്‍ ശേഷക്ഷേത്രമെന്നും ക്ഷേത്രത്തിന് പേരുണ്ട്.

ക്ഷേത്രാങ്കണത്തില്‍ കാണുന്ന ആയിരത്താണ്ടുകള്‍ പഴക്കമുള്ള പുളിമരത്തിന് ഒരു പ്രത്യേകതയുണ്ട്. ഈ പുളിമരത്തിന്റെ ഇലകള്‍ ഒരിക്കലും കൂമ്പുന്നില്ല. പുളിമരത്തിന്റെ രൂപമെടുത്ത ലക്ഷ്മണന്‍ നമ്മാഴ്‌വാരെ കാത്തുനില്‍ക്കുകയാണ്, ഒരിക്കലും കണ്ണടയ്ക്കുന്നില്ല (കൂമ്പുന്നില്ല) എന്നത്രെ പറയുന്നത്.

തമിഴ്മാസമായ വൈകാശിയിലെ (മെയ്-ജൂണ്‍) ഗരുഡസേവ ഉത്സവം വളരെ വിപുലമായി ആഘോഷിക്കുന്നു. നവതിരുപ്പതികളില്‍പ്പെട്ട എല്ലാ ക്ഷേത്രങ്ങളില്‍നിന്നും എഴുന്നള്ളത്തു വിഗ്രഹങ്ങള്‍ ഇവിടെ എത്തുന്നു എന്നതും പ്രത്യേകതയാണ്. നമ്മാള്‍വാരും വിഗ്രഹവും അന്നവാഹനത്തില്‍ ഇവിടെ എഴുന്നള്ളിച്ചുകൊണ്ടുവന്ന് അദ്ദേഹം രചിച്ച സ്തുതിഗീതങ്ങള്‍ ആലപിക്കുന്ന പതിവുമുണ്ട്. ഓരോ ക്ഷേത്രത്തിനു മുന്‍പില്‍ എത്തുമ്പോഴും അതതു ദേവന്മാരെ പ്രകീര്‍ത്തിക്കുന്ന സ്തുതികളാണ് ചൊല്ലിപ്പോരുന്നത്.

വ്യാഴ ദോഷ ശാന്തിക്കായും വിവാഹതടസ്സം അകലുന്നതിനായും ഇവിടെ വഴിപാടുകള്‍ നടത്താം. തിരുക്കുറുഗൂര്‍ എന്നും ബൃഹസ്പതി സ്ഥലം എന്നും ഇവിടം അറിയപ്പെടുന്നു.

നാഗര്‍കോവിലില്‍ നിന്ന് നാങ്കുനേരി വഴി തിരുനെല്‍വേലിക്ക് പോകുമ്പോള്‍ നാങ്കുനേരിക്കും തിരുനെല്‍വേലിക്കും ഇടയിലാണ് ആള്‍വാര്‍ തിരുനഗരി. തൂത്തുക്കുടി ജില്ലയിലാണിത്, തിരുനെല്‍വേലിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ താമ്രപര്‍ണ്ണീ നദീതീരത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.