ആഡംബര ബസ്സുകള്‍ വഴി സാധനങ്ങള്‍ കേരളത്തിലേക്ക്

Tuesday 29 May 2018 2:06 am IST
വെള്ളി, തിങ്കള്‍ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും സ്‌പെഷ്യല്‍ സര്‍വീസുകളും ഉണ്ടാകും. ആഡംബര ബസുകളുടെ അടിഭാഗത്ത് ക്വിന്റല്‍ കണക്കിന് സാധനങ്ങള്‍ ഭദ്രമായി സൂക്ഷിക്കാന്‍ സാധിക്കും. യാത്രക്കാരുടെ ലഗേജുകള്‍ എന്ന വ്യാജേനയാണ് സാധനങ്ങള്‍ കടത്തുന്നത്.

കൊച്ചി: നികുതി വെട്ടിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ ഒഴുകുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ആഡംബര ബസ്സുകളിലാണ് ചെക്ക് പോസ്റ്റുകളെ നോക്കുകുത്തിയാക്കി സാധനങ്ങള്‍ കടത്തുന്നത്. വസ്ത്രങ്ങള്‍, പുഷ്പങ്ങള്‍, പാത്രങ്ങള്‍ മുതല്‍ ഇറച്ചിക്കോഴി വരെ ദിനംപ്രതി അതിര്‍ത്തി കടന്ന് മാര്‍ക്കറ്റുകളില്‍ എത്തുന്നുണ്ട്. ബെംഗളൂരുവില്‍ നിന്ന് മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 200ല്‍ അധികം സ്വകാര്യ ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. 

വെള്ളി, തിങ്കള്‍ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും സ്‌പെഷ്യല്‍ സര്‍വീസുകളും ഉണ്ടാകും. ആഡംബര ബസുകളുടെ അടിഭാഗത്ത് ക്വിന്റല്‍ കണക്കിന് സാധനങ്ങള്‍ ഭദ്രമായി സൂക്ഷിക്കാന്‍ സാധിക്കും. യാത്രക്കാരുടെ ലഗേജുകള്‍ എന്ന വ്യാജേനയാണ് സാധനങ്ങള്‍ കടത്തുന്നത്.  

ബെംഗളൂരുവിലെ മജിസ്റ്റിക്, മടിവാള, ശിവാജി മാര്‍ക്കറ്റ്, കലാശി പാളയം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്തേക്ക് തുണിത്തരങ്ങള്‍ നികുതി വെട്ടിച്ച് എത്തുന്നത്. മടിവാളയില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ബെംഗളൂരുവില്‍ നിന്നുള്ള ബസ്സുകള്‍ പുറപ്പെടുന്നത്. കേരളത്തിലേക്ക് എത്തിക്കേണ്ട സാധനങ്ങള്‍ ഇവിടെ എത്തിച്ച ശേഷം പ്രത്യേക പായ്ക്കറ്റുകളിലാക്കിയ ശേഷമാണ് ബസ്സിന് അടിയിലെ പ്രത്യേക അറകളിലാക്കുന്നത്. മൈസൂരില്‍ നിന്ന് വാഹനമാര്‍ഗം എത്തിക്കുന്ന പുഷ്പങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ബസ്സുകളിലാണ് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്.  തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ ഇറച്ചിക്കോഴിയാണ് പ്രധാനമായും കയറ്റി വിടുന്നത്. ചെരിപ്പുകളും  പാത്രങ്ങളും ഇത്തരത്തില്‍ കയറ്റി വിടാറുണ്ട്. എന്നാല്‍ ചെക്ക്‌പോസ്റ്റില്‍ പിടി വീണാല്‍ യാത്രക്കാരുടെ സാധനങ്ങള്‍ എന്ന നിലയില്‍ വ്യാജരേഖകള്‍ ചമച്ച് ഇവര്‍ രക്ഷപ്പെടുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രാത്രി സമയങ്ങളില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളായതിനാല്‍ തന്നെ യാത്രക്കാര്‍ പലപ്പോഴും  ഇതൊന്നും അറിയാറില്ല.

മയക്കുമരുന്നും ഒഴുകുന്നു

ബെംഗളൂരുവില്‍ നിന്നും സംസ്ഥാനത്തേക്ക് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളും എത്തുന്നു. ആഡംബര ബസുകളില്‍ മറ്റു സാധനങ്ങള്‍ക്കൊപ്പം പായ്ക്കു ചെയ്താണ് ഇവ സുരക്ഷിതമായി അതിര്‍ത്തി കടന്ന് എത്തുന്നത്. വാഹനത്തിലുള്ളത് എന്താണെന്ന് ജീവനക്കാര്‍ക്കു പോലും കൃത്യമായി അറിയില്ലെന്നതാണ് വാസ്തവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.