മാലിന്യരഹിത ജില്ലയാക്കാന്‍ ജൂണ്‍ 2, 3 തീയതികളില്‍ പ്രത്യേക ശുചീകരണം

Monday 28 May 2018 9:51 pm IST

 

കണ്ണൂര്‍: ത്രിതല പഞ്ചായത്തുകള്‍, കേരള സ്റ്റേറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ (കെഎംഎസ്എ), ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ കണ്ണൂരിനെ മാലിന്യ രഹിത ജില്ലയാക്കാന്‍ പദ്ധതി തയാറാക്കുന്നു. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് തീരുമാനം. ഓരോ പഞ്ചായത്തുകളില്‍ നിന്നും കെഎംഎസ്എ നേരിട്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്വീകരിക്കും. ഇതിനായി പഞ്ചായത്തുകളില്‍ നിന്ന് ചെറിയൊരു തുകയും കെഎംഎസ്എ ഈടാക്കും. വിവിധ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിലവില്‍ ശേഖരിച്ചുവെച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് പ്രഥമപരിഗണന നല്‍കുക. ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ പ്രത്യേക ശുചീകരണം നടത്താനും യോഗം തീരുമാനിച്ചു. രണ്ടിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മൂന്നിന് വീടുകളിലും ശുചീകരണം നടത്തണം. 

ജില്ലാ ആസൂത്രണ സമിതി ഈ വര്‍ഷം നടപ്പിലാക്കാന്‍ തീരുമാനിച്ച സംയുക്ത പദ്ധതികളുടെ അവലോകനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നടന്നു. സുജലം, തരിശ് രഹിത ജില്ല, പാലിയേറ്റീവ് സൗഹൃദ ജില്ല, കൈപ്പാട് കൃഷി, പാലിന്റെ ഉല്‍പ്പാദന ബോണസ്, ഇറച്ചിക്കോഴി ഉല്‍പാദനം, ക്യാന്‍സര്‍ നിയന്ത്രണ ജില്ല, ഒന്നാം ക്ലാസ് ഒന്നാം തരം, കണ്ണൂര്‍ ഫെസറ്റ്, വന്യമൃഗ ശല്യം തടയല്‍ എന്നീ പത്ത് സംയുക്ത പദ്ധതികളാണ് ഈ വര്‍ഷം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.പ്രകാശന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍, സെക്രട്ടറി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.