കണ്ണൂര്‍ വിമാനത്താവള നിര്‍മാണപ്രവൃത്തി ഒരു മാസത്തിനുളളില്‍ പൂര്‍ത്തിയാകും

Monday 28 May 2018 9:53 pm IST

 

സ്വന്തം ലേഖകന്‍ 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവൃത്തി ഒരു മാസത്തിനുളളില്‍ പൂര്‍ത്തിയാകും. അടുത്ത മാസത്തോടെ നിര്‍മാണ പ്രവൃത്തി പുര്‍ത്തികരിക്കാനുളള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി കിയാല്‍ അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന്റെ ആദ്യ പടിയായ പ്രീ ലൈസന്‍സിങ് ഓഡിറ്റ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. സപ്തംബര്‍ മാസത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് ലഭിക്കാന്‍ വേണ്ടി കിയാല്‍ നല്‍കി അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സിങ് ഓഡിറ്റ് പൂര്‍ത്തീകരിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നേതത്വത്തിലാണ് ഓഡിറ്റ് നടന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ പരിശോധന സംഘം എയര്‍പോര്‍ട്ട് ,ഓപ്പറേഷനല്‍ ഏരിയാ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെക്യുരിറ്റി ടെര്‍മിനല്‍, റണ്‍വേ, ടെര്‍മിനല്‍, ലൈറ്റിങ് എന്നിവയാണ് വിശദമായി പരിശോധിച്ചത്. എവിയേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയാണ് നടന്നത്. വിമാനത്താവള നിര്‍മാണ പ്രവൃത്തി 85 ശതമാനത്തിന് മുകളില്‍ ഇതിനകം പൂര്‍ത്തികരിച്ചിട്ടുണ്ട്. ടെര്‍മിനല്‍ നിര്‍മാണത്തിന്റെ പ്രവൃത്തി അടുത്ത മാസത്തോടെ പൂര്‍ത്തികരിക്കാനുള്ള നീക്കത്തിലാണ് വിമാനത്താവള കമ്പനി ആയ കിയാല്‍. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമെ വിദേശ സര്‍വീസ് നടത്താനും നീക്കമുണ്ടെങ്കിലും ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ കഴിയൂ.

ഉഡാന്‍പദ്ധതിയില്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അഥോറിറ്റിയും ധാരണപത്രം ഇതിനകം തന്നെ ഒപ്പുവച്ചു. ആദ്യന്തര സര്‍വീസുകള്‍ തുടക്കത്തില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വിജി എഫ് (വയ ബീലിറ്റി ഗ്യാപ് ഫണ്ട്) ആയി സംസ്ഥാന സര്‍ക്കാരും ബാക്കി 80 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കാന്‍ ധാരണയായിട്ടുണ്ട്. ഇന്ധനത്തിനുള്ള ജിഎസ്ടി ഒരു ശതമാനമായി നിജപ്പെടുത്താനും തീരുമാനമായി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി വ്യോമയാന കാര്യങ്ങളുടെക്കൂടി ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സാധാരണക്കാര്‍ക്കും വിമാനയാത്ര ലഭിക്കാന്‍ വേണ്ടിയാണ് ഉഡാന്‍ പദ്ധതി. മണിക്കൂറിന് 2500 രൂപ ക്രമത്തിലായിരിക്കും പദ്ധതിപ്രകാരം യാത്രാനിരക്ക്. ആഭ്യന്തര സര്‍വീസിന് പുറമെ മറ്റു വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ എമിറേറ്റസ്, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ്, ഒമാന്‍ എയര്‍, എയര്‍ എഷ്യ, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വെയ്‌സ്, ടൈഗര്‍ എയര്‍വെയ്‌സ് എന്നീ കമ്പനികള്‍ കണ്ണുരില്‍ നിന്ന് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.