കിസാന്‍ മോര്‍ച്ച കലക്ട്രേറ്റ് മാര്‍ച്ച് നടത്തി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ണിനെ വ്യഭിചരിക്കുന്നു: സി.കെ.ബാലകൃഷ്ണന്‍

Monday 28 May 2018 9:55 pm IST

 

കണ്ണൂര്‍: വന്യ മൃഗങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയോഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കിസാന്‍ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വന്യമൃഗങ്ങളുടെ അക്രമങ്ങളില്‍ 57 പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടതായും വന്യമൃഗങ്ങളുടെ ശല്യം കാരണം അനുദിനം കര്‍ഷകര്‍ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് തളളിവിടപ്പെടുകയാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് 2017-18 വര്‍ഷം മാത്രം കേന്ദ്ര സര്‍ക്കാര്‍ 3400 കോടി രൂപ സംസ്ഥാനത്തിന് നല്‍കിയെങ്കിലും ഒരൊറ്റ രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടി ചെലവ് ചെയ്തില്ല. പണം വഴിമാറ്റി ചെലവഴിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വന്യമൃഗ അക്രമത്തിലൂടെ വിളനാശവും കര്‍ഷക മരണവും തുടര്‍ക്കഥയാവുകയാണ്. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കര്‍ഷക ആത്മഹത്യയും കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ കര്‍ഷകരോട് കടുത്ത അവഗണന കാണിക്കുകയാണ്. കേരളത്തില്‍ കാര്‍ഷിക മേഖലതകര്‍ന്നു കൊണ്ടിരിക്കുകയാണ്. കാര്‍ഷിക രംഗത്തെ പുഷ്ടിപ്പെടുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഭൂമാഫിയകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. അനധികൃതമായി വയലുകള്‍ നികത്തുന്നതും കുന്നുകളിടിക്കുന്നതും സംസ്ഥാനത്ത് സാര്‍വ്വത്രികമായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ണിനെ വ്യഭിചരിക്കുകയാണെന്നും മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണി സര്‍ക്കാരുകളാണ് കാര്‍ഷിക മേഖലയുടേയും കര്‍ഷകന്റെയും ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

കിസാന്‍ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.,കെ.വിനോദ് കുമാര്‍, ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രം എന്നിവര്‍ സംസാരിച്ചു. കിസാന്‍ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ബാബു സ്വാഗതവും മനോഹരന്‍ വയോറ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.