കന്റോണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ബോര്‍ഡ് പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്ക് പരിഗണനയും നല്‍കുന്നില്ലെന്ന്

Monday 28 May 2018 9:55 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ കന്റോണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ബോര്‍ഡ് പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നും ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനങ്ങളാണ് അവര്‍ കൈക്കൊള്ളുന്നതെന്നും ബോര്‍ഡ് വൈസ് പ്രസിഡന്റ് കേണല്‍ പത്മനാഭന്‍. പ്രതിനിധികളുടെ അഭിപ്രായത്തിന് പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ നിന്നും താനുള്‍പ്പെടെ അഞ്ച് ജനപ്രതിനിധികള്‍ യോഗം ബഹിഷ്‌ക്കരിച്ചതായും കേണല്‍ പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കന്റോണ്‍മെന്റ് പരിധിയിലെ 35 കടകളിലെ വാടകക്കുള്ള വ്യാപാരികളെ ഒഴിപ്പിക്കരുതെന്ന തങ്ങളുടെ ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. ഇപ്പോഴും ലേല നടപടികളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുകയാണ്. ഇതിനായി ജൂണ്‍ ആറിനുള്ളില്‍ കടയൊഴിയണമെന്ന് വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ലേലം നടപ്പിലായാല്‍ 25 വര്‍ഷമായി കടകള്‍ കൈകാര്യം ചെയ്യുകയും സ്വന്തം പണം ചെലവഴിച്ച് കടകളുട അറ്റകുറ്റപണി നടത്തുകയും ചെയ്ത വ്യാപാരികളും അവരുടെ കുടുംബവുമുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ വഴിയാധാരമാകും. വാടക കൂട്ടി നല്‍കാന്‍ വ്യാപാരികള്‍ തയ്യാറാണെങ്കിലും അത്തരമൊരു സാധ്യതയ്ക്ക് പോലും ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. കണ്ണൂര്‍ കന്റോണ്‍മെന്റൊഴികെ മറ്റെല്ലാ കന്റോണ്‍മെന്റുകളും വാടക കൂട്ടി വ്യാപാരികള്‍ക്ക് കടകള്‍ നല്‍കുകയാണ് പതിവ്. അഞ്ച് ബോര്‍ഡ് പ്രതിനിധികള്‍ ലേലനടപടിയെ എന്തുകൊണ്ടാണ് അനുകൂലിക്കാത്തത് എന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ആര്‍മി കമാന്റന്റിന് റിപ്പോര്‍ട്ട് നല്‍കുന്നില്ല. അവര്‍ അവരുടെ പക്ഷം മാത്രമാണ് കമാന്റന്റിനെ അറിയിക്കുന്നത്. ആയതിനാല്‍ തങ്ങള്‍ എന്തുകൊണ്ട് വ്യാപാരികളെ ഒഴിപ്പിക്കുന്നതിനെ എതിര്‍ത്തുവെന്നത് കമാന്റന്റിനെ നേരിട്ടറിയിക്കുമെന്നും കേണല്‍ പത്മനാഭന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രതീഷ് ആന്റണി, വി.ആന്‍ഡ്രൂസ്, ദീപ ബൈജു, ഷീബ ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.