കരാറിനകം സര്‍വ്വീസ് സഹകരണ ബേങ്കിലെ അഴിമതി; കുറ്റക്കാര്‍ക്കെതിരെ നടപടി വേണം: ബിജെപി

Monday 28 May 2018 9:56 pm IST

 

കണ്ണൂര്‍: കരാറിനകം സര്‍വ്വീസ് സഹകരണ ബേങ്കിലെ പണയപ്പണ്ടം മോഷ്ടിച്ചവര്‍ക്കെതിരെയും സിപിഎം കുറുവ ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് ഡയരക്ടറുമായ സി.എച്ച്.രാജേന്ദ്രന്റെ കൊലപാതകം സംബന്ധിച്ചും സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.

ഒമ്പതര പവന്‍ പണ്ടം ബാങ്കില്‍ പണയം വെച്ച് മൂന്നു മാസത്തിന് ശേഷം തിരികെയെടുക്കാന്‍ പോയപ്പോഴാണ് തന്റെ സ്വര്‍ണ്ണം മോഷണം പോയതായി ഉടമസ്ഥന്‍ അറിയുന്നത്. ബാങ്ക് ഉദ്യോഗസ്ഥരായ സിപിഎം ഏരിയാ സെക്രട്ടറിയുടെ മകളെയും ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ ഭാര്യയേയും രക്ഷിക്കാന്‍ ബ്രാഞ്ച് സെക്രട്ടറിയും ഡയരക്ടറുമായ സി.എച്ച്.രാജന്ദ്രന്റെ പേരില്‍ കുറ്റം ആരോപിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചു. ക്രൂരമായ മര്‍ദ്ദനവും നടത്തി. കുറ്റം ഏല്‍ക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് രാജേന്ദ്രനെ കൊന്ന് പാര്‍ട്ടി ആഫീസില്‍ കെട്ടിത്തൂക്കിയെന്നാണ് ജനസംസാരം. തൂങ്ങിനില്‍ക്കുന്ന മൃതദേഹം കാണാന്‍ സിപിഎം ഗുണ്ടകള്‍ ജനങ്ങളെ അനുവദിച്ചതുമില്ല. വിരമിക്കാന്‍ നാല് ദിവസം മാത്രം അവശേഷിക്കെ ബാങ്ക് സെക്രട്ടറി കെ.സി.ചന്ദ്രന് വോളണ്ടിയര്‍ റിട്ടയര്‍മെന്റ് നല്‍കുകയും ചെയ്തു. ഗുരുതരമായ അഴിമതിയും ക്രൂരമായ കൊലപാതകവും നടന്നിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സഹകരണ ഉദ്യോഗസ്ഥരും പോലീസും സ്വീകരിച്ചത്. ബാങ്കിലെ സിസിടിവി പരിശോധനക്ക് വിധേയമാക്കണം. സിപിഎം സമ്മര്‍ദ്ദത്തിന് വിധേയമായ പോലീസ് നടപടി അവസാനിപ്പിച്ച് സത്യസന്ധമായ അന്വേഷണം വേണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.

മോഷണം പോയ പണയപ്പണ്ടം ഉടമസ്ഥന് തിരിച്ചുനല്‍കുക, ബാങ്കിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്ട്രേറ്റിന് മുമ്പില്‍ ജനകീയ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തല്‍ ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ബാലകൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം പി.എ.റിതേഷ്, കെ.രതീഷ്, ടി.സി.മനോജ്, മനോഹരന്‍ വയോറ, കെ.ബാബു തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.