ബിജെപിയെ യഥാര്‍ത്ഥ പ്രതിപക്ഷമാക്കിയ നേതാവ്

Tuesday 29 May 2018 2:12 am IST

പി. ശ്രീകുമാര്‍

ണ്ടരവര്‍ഷം അധ്യക്ഷ പദവിയിലിരുന്ന കുമ്മനം രാജശേഖരന്‍ ഒഴിയുമ്പോള്‍ ബിജെപി കേരളത്തില്‍ കൈവരിച്ചത് മുഖ്യപ്രതിപക്ഷമെന്ന സ്ഥാനം.  ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടുകളെ തുറന്നുകാട്ടിയും ജനവിരുദ്ധ നടപടികളെ ചെറുത്തുതോല്‍പ്പിച്ചും ബിജെപി ജനങ്ങളുടെ മുമ്പില്‍ യഥാര്‍ത്ഥ പ്രതിപക്ഷമായി.

അധ്യക്ഷസ്ഥാനം ഏറ്റെടുത്തയുടന്‍ നടത്തിയ ജനമോചനയാത്ര വേറിട്ട രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. പതിവ് രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കി മണ്ണ്, ജലം, വീട് തുടങ്ങി ജനങ്ങള്‍ക്ക് അവശ്യം വേണ്ട കാര്യങ്ങള്‍ ഉയര്‍ത്തി നടത്തിയ യാത്ര കേരളം ഏറ്റുവാങ്ങി.  സംസ്ഥാനത്ത് ഒരു നേതാവിനും നടത്താന്‍ കഴിയാത്തതും ഇനിയും കഴിയുമെന്ന് പ്രതീക്ഷിക്കാനാവാത്തതുമായ യാത്രയായിരുന്നു കുമ്മനം നയിച്ച ജനരക്ഷായാത്ര. കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേയ്ക്ക് നടന്ന യാത്ര രാജ്യം മുഴുവന്‍ ശ്രദ്ധനേടി. കണ്ണൂര്‍ ഉള്‍പ്പെടെ സിപിഎം കോട്ടകളെ കിടിലം കൊള്ളിച്ച് നടന്ന യാത്ര ചരിത്രമായി മാറി. 

ചെറുതും വലുതുമായി കേരളത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളിലെല്ലാം ക്രിയാത്മകമായി ഇടപെടാനും നിയമപരമായും രാഷ്ട്രീയമായും നടപടിയെടുപ്പിക്കുവാനും കഴിഞ്ഞുവെന്നതാണ് കുമ്മനത്തിന്റെ നേട്ടം. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി ഇരുന്ന എം.കെ ദാമോദരനെ പുറത്താക്കിയതുള്‍പ്പെടെ നിയമവിരുദ്ധമായി സര്‍ക്കാര്‍ ചെയ്ത പല നടപടികളെയും തിരുത്തിക്കുറിപ്പിച്ചു കുമ്മനത്തിന്റെ ഇടപെടല്‍. മൂന്നാര്‍ മുതല്‍ വയല്‍ക്കിളി സമരംവരെയുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്രത്തെ ഫലപ്രദമായി ഇടപെടുത്തി. അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നതും വരാപ്പുഴയില്‍ ശ്രീജിത്തിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ചു കൊന്നതും ദേശീയ തലത്തില്‍ ചര്‍ച്ചയായതിനു പിന്നിലും കുമ്മനമുണ്ടായിരുന്നു. 

ബിജെപിയുടെ ദേശീയ സമ്മേളനം കോഴിക്കോട്ട് വന്‍ വിജയമാക്കിയതിനുപിന്നില്‍ കുമ്മനത്തിന്റെ സംഘടനാമികവ് നിര്‍ണായകമായി. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള ബിജെപിയുടെ നേതൃനിരയാകെ പങ്കെടുത്ത പരിപാടി കേരള രാഷ്ട്രീയ ചരിത്രത്തില്‍ അഭൂതപൂര്‍വ്വമായ കാഴ്ചയായിരുന്നു.

ബിജെപിക്ക് ശക്തമായ സംഘടനാ സംവിധാനമുണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുന്നില്ലയെന്ന അവസ്ഥയ്ക്ക് മാറ്റം വന്നതും കുമ്മനം പ്രസിഡന്റായ ശേഷമാണ്. ആദ്യമായി നിയമസഭയില്‍ ഒരു എംഎല്‍എ ഉണ്ടായിയെന്നു മാത്രമല്ല, എട്ടു സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി കേരളം ബിജെപി വിജയത്തിനും പാകമായ മണ്ണാണെന്ന് തെളിയിക്കാനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.