സന്തോഷം നിറഞ്ഞ മനസ്സുമായി മാറാട്ടെ അമ്മമാര്‍

Tuesday 29 May 2018 2:14 am IST

കോഴിക്കോട്: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ ആകുന്ന വാര്‍ത്തകേട്ട് സന്തോഷക്കണ്ണീരോടെ മാറാട് ഗ്രാമം. തങ്ങളുടെ കൂടെപ്പിറപ്പിന് കിട്ടിയ ബഹുമതിയാണെന്ന അഭിമാനത്തോടെയാണ് അവര്‍ ഈ വാര്‍ത്തയെ വരവേറ്റത്. ''രാജേട്ടന്‍ നല്‍കിയ വാക്കും ധൈര്യവുമാണ് ഞങ്ങളെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തിയതെന്ന്'' 2003 ലെ മാറാട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട അരയച്ചന്റകത്ത് കൃഷ്ണന്റെ ഭാര്യ പത്മജ പറഞ്ഞു. ഇന്ന് കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുകയാണെന്ന വിവരം കൈമാറിയപ്പോള്‍ ഏറെ സന്തോഷമായെന്ന് പറഞ്ഞ് അവര്‍ ഒരു നിമിഷം മൗനിയായി. അവരുടെ കണ്ണുകള്‍ നിറഞ്ഞു. കൂട്ടക്കൊലയ്ക്ക് ശേഷമുള്ള നാളുകളില്‍ വീട്ടില്‍ വന്ന്,  കുടുംബത്തിലെ ഒരാളെപ്പോലെ കൂടെ നിന്നതിന്റെ ഓര്‍മ്മകളാണ് പിന്നീട് അവര്‍ പറഞ്ഞു തുടങ്ങിയത്. 

'സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും കൈവിട്ടപ്പോള്‍ എല്ലാം നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത് അദ്ദേഹമാണ്. 15 വര്‍ഷം കഴിയുമ്പോഴും ഞങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും  പങ്കുചേരാന്‍ രാജേട്ടനെത്താറുണ്ട്.' പത്മജ പറഞ്ഞു. ''രാജേട്ടനെ ടിവിയില്‍ കാണുമ്പോള്‍ കൊച്ചുമക്കള്‍ ഓടിവന്ന് പറയാറുണ്ട്''. പപ്പമ്മേന്റെ രാജേട്ടന്‍ എന്ന്......അവര്‍ക്കും അത്രത്തോളം അടുപ്പമുണ്ട് രാജേട്ടനുമായിട്ട്. 

''എപ്പോള്‍ കാണുമ്പോഴും ഉഷാറാവണം, ഉഷാറാവണ്ടേ എന്ന വാക്കുകളോടെയാണ് അദ്ദേഹം ഞങ്ങളുടെ കൈകള്‍ പിടിക്കുക. കുടുംബത്തിലെ മൂത്ത ആങ്ങളയുടെ സാമീപ്യമാണ് രാജേട്ടന്‍ ഞങ്ങള്‍ക്ക് തന്നത്. ബിജെപി പ്രസിഡന്റായപ്പോഴും ഇവിടെ വന്നിരുന്നു. ഇനി ഗവര്‍ണറായി എത്തുന്ന രാജേട്ടനെ സ്വീകരിക്കണമെന്ന ആഗ്രഹവുമുണ്ട്.  പലരും രാജേട്ടനെ എതിര്‍ക്കുമ്പോഴും രാജേട്ടന്റെ വില ഞങ്ങള്‍ക്കറിയാം.'' പത്മജ പറഞ്ഞു. 

അടുത്ത് കാറും കോളും നിറഞ്ഞ കടലിരമ്പം, പത്മജയുടെ കണ്ണിലും മനസ്സിലും കുമ്മനം രാജശേഖരനെ കുറിച്ചുള്ള ഓര്‍മ്മകളുടെ തിരയിളക്കം. രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ച് അയച്ചു. മകന്റെ കൂടെയാണ് പത്മജ മാറാട്ട് താമസിക്കുന്നത്. 

2003 മെയ് 2 നാണ് മാറാട്ട്് എട്ട് മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്തത്. മാറാട്ടെ അരയസമൂഹത്തിന് നീതിയും ന്യായവും നിഷേധിക്കപ്പെട്ടപ്പോള്‍ നിയമപോരാട്ടം നടത്തി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കുമ്മനം രാജേശേഖരനായിരുന്നു. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന സിബിഐ  അന്വഷിക്കണമെന്ന ആവശ്യത്തിന് വേണ്ടി നിലകൊണ്ട അദ്ദേഹം, അത് നേടിയെടുക്കുന്നതുവരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കി. കുമ്മനം രാജശേഖരന്  ലഭിച്ച വലിയ പദവിയില്‍ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിച്ച അരയസമാജം മുന്‍ പ്രസിഡന്റ് ദാസന്‍ പറഞ്ഞു. ''രാജേട്ടന്‍ അതര്‍ഹിക്കുന്നുണ്ട്, സമൂഹത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.'' ദാസന്‍ കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.