കുമ്മനത്തുകാരുടെ പ്രീയപ്പെട്ട രാജന്‍

Tuesday 29 May 2018 2:15 am IST
ക്ഷേത്രത്തിന് സമീപം തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗവ. അപ്പര്‍ പ്രൈമറി സ്‌കൂള്‍. ക്ഷേത്രമൈതാനത്തെ ആല്‍മരച്ചുവട്ടിലായിരുന്നു ആര്‍എസ്എസ് ശാഖ. 1964 ല്‍ സംഘത്തിന്റെ വേരുകള്‍ കോട്ടയത്ത് എത്തുമ്പോള്‍ ജില്ലയില്‍ അഞ്ചാമത് തുടങ്ങിയ ശാഖ കുമ്മനത്തായിരുന്നു.

കോട്ടയം: മിസോറാം ഗവര്‍ണറായി ഇന്ന് കുമ്മനം രാജശേഖരന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ കുമ്മനം എന്ന ഗ്രാമവും ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കുമ്മനമെന്ന മൂന്നക്ഷരത്തില്‍ ഈ ഗ്രാമത്തിന്റെ എല്ലാ നൈര്‍മല്യവും അടങ്ങിയിട്ടുണ്ട്. തങ്ങളുടെ സ്വന്തം രാജന്‍  ഉയരങ്ങളിലേക്ക് നടന്ന് കയറുമ്പോള്‍ ആ ഗ്രാമം ഒന്നടങ്കം ആഹ്ലാദത്തിലാണ്. 

      കുമ്മനം പാര്‍വ്വതീ മന്ദിരത്തില്‍ അഡ്വ. വി.കെ. രാമകൃഷ്ണപിള്ളയുടെയും പി. പാറുക്കുട്ടിയമ്മയുടെയും മകനായി 1952 ഡിസംബര്‍ 23ന് ജനനം. ഗ്രാമത്തിലെ ഇളങ്കാവ് ക്ഷേത്രവും അവിടുത്തെ ആധ്യാത്മിക അന്തരീക്ഷവും കുമ്മനത്തിന്റെ ജീവിതം പാകപ്പെടുത്താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദര്‍ശനം നടത്തിയും ദീപാരാധന തൊഴുതും ശീലിച്ച ബാല്യ, കൗമാരങ്ങള്‍. എല്ലാവരും പിരിഞ്ഞാലും ക്ഷേത്രത്തില്‍ ഏറെനേരം ധ്യാനിച്ചിരിക്കും. ഇവിടെനിന്നാണ് ജീവിതയാത്രയ്ക്കു വേണ്ട ഊര്‍ജം അദ്ദേഹം നേടിയത്.

     ക്ഷേത്രത്തിന് സമീപം തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയ  ഗവ. അപ്പര്‍ പ്രൈമറി സ്‌കൂള്‍. ക്ഷേത്രമൈതാനത്തെ ആല്‍മരച്ചുവട്ടിലായിരുന്നു ആര്‍എസ്എസ് ശാഖ. 1964 ല്‍ സംഘത്തിന്റെ വേരുകള്‍ കോട്ടയത്ത് എത്തുമ്പോള്‍ ജില്ലയില്‍ അഞ്ചാമത് തുടങ്ങിയ ശാഖ കുമ്മനത്തായിരുന്നു. തൃശൂരില്‍ നിന്നുള്ള  ആര്‍എസ്എസ് പ്രചാരകന്‍ അഡ്വ. മാധവനുണ്ണിയുടെ പ്രേരണയിലാണ് കുമ്മനം ശാഖയിലേക്ക് വന്നത്. 14 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന വൈകുന്നേരത്തെ ശാഖയില്‍ മുഖ്യശിക്ഷക് ആയിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരത്തേക്കുള്ള കുമ്മനത്തിന്റെ യാത്ര അവിടെ തുടങ്ങി.  

നാട് കണ്ട ആദ്യ പൊതുയോഗം സംഘടിപ്പിച്ചതും രാജശേഖരന്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു. 1970-ല്‍ നായര്‍ സമുദായത്തിന്റെ ആചാര്യന്‍ മന്നത്ത് പത്മനാഭന്‍ അന്തരിച്ചപ്പോള്‍ അയ്മനത്ത് അനുശോചന യോഗം ചേരാന്‍ എന്‍എസ്എസ് കോട്ടയം താലൂക്ക് വൈസ് പ്രസിഡന്റായിരുന്ന അച്ഛന്‍ അഡ്വ. രാമകൃഷ്ണപിള്ള ചുമതലപ്പെടുത്തിയത് സ്വന്തം മകനെത്തന്നെയായിരുന്നു. നാട് കണ്ട ആദ്യ പൊതുയോഗത്തിന്റെ സംഘാടകനെന്ന വിശേഷണം അങ്ങനെ കുമ്മനത്തിന് ലഭിച്ചു. യോഗത്തില്‍ സ്വാഗതം പറഞ്ഞ രാജശേഖരനെന്ന യുവാവിന്റെ പൊതുരംഗത്തേക്കുള്ള കാല്‍വെപ്പായിരുന്നു അത്. കുഗ്രാമമായിരുന്ന കുമ്മനത്തേക്ക് അന്ന് നല്ല റോഡുണ്ടായിരുന്നില്ല. വീടിന് സമീപത്ത് കൂടി ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയായ അഞ്ചുണ്ണിയാറിലൂടെ വള്ളത്തില്‍ മൈക്ക് വച്ചുകെട്ടി സ്വന്തമായി അനൗണ്‍സ് ചെയ്താണ് പരിപാടി നടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്.

       സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ നല്ല പ്രസംഗികനായിരുന്നു. കവിതയെഴുതുന്നതിലും മോശമല്ല. നല്ലൊരു ഫുട്‌ബോള്‍ താരവുമായിരുന്നു. പാഠ്യ, പാഠ്യേതര വിഷയങ്ങളിലെ മികവ് മൂലം അധ്യാപകര്‍ക്കും ഇഷ്ടമായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കാരാപ്പുഴ എന്‍എസ്എസ് സ്‌കൂളിലും ബിരുദപഠനം കോട്ടയം സിഎംഎസ് കോളേജിലുമായിരുന്നു. ബയോളജിക്കാര്‍ക്ക് മെഡിക്കല്‍ പ്രവേശനത്തില്‍ സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിഎംഎസ് കോളേജില്‍ സമരം നടന്നപ്പോള്‍ കുമ്മനം മുന്‍നിരയിലുണ്ടായിരുന്നു. 

     സംഘപരിവാറിലെ അംഗങ്ങള്‍ക്ക് രാജേട്ടനാണ്. കുമ്മനത്തെ പഴയതലമുറയുടെ മനസ്സില്‍ ഇന്നും ഉത്സാഹിയായ രാജശേഖരനാണ്.  കുമ്മനം രാജശേഖരനെ ലോകത്തോട് ബന്ധിപ്പിക്കുന്ന കണ്ണിയായിരിക്കുകയാണ് ഈ ഗ്രാമം. മാസത്തിലൊരിക്കലെങ്കിലും കുമ്മനത്തേക്ക് വരുമ്പോള്‍ പഴയകാലത്തെ വിളിച്ചുണര്‍ത്താന്‍ കൂട്ടുകാരെ കാണുന്ന പതിവ് അദ്ദേഹത്തിനുണ്ട്. ഏഴ് സഹോദരങ്ങളാണുള്ളത്. ആര്‍. ഗോപാലകൃഷ്ണപിള്ള (റിട്ട. ജില്ലാ ജഡ്ജി), പി. വത്സലകുമാരി (കൊച്ചി), ആര്‍. തങ്കപ്പന്‍, കുമ്മനം രവി, ഡോ. പി. ശ്യാമള (തലവടി), ആര്‍. ജയപ്രകാശ്, പി. കോമളം (തൊടുപുഴ). ബിജെപി വൈജ്ഞാനിക സെല്‍ ജില്ലാ ജോയിന്റ് കണ്‍വീനര്‍ കൂടിയായ സഹോദരന്‍ കുമ്മനം രവിയാണ് കുടുംബവീട്ടില്‍ താമസിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.