എന്നും ആദരം

Tuesday 29 May 2018 2:17 am IST

രാഷ്ട്രീയത്തിലെ കാഷായമണിയാത്ത സംന്ന്യാസിക്ക് ലഭിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. ഹിന്ദു ഐക്യത്തിനും ഹിന്ദുസമൂഹത്തിനും എന്നതിലുപരി മനുഷ്യനന്മയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളെ ആദരവോടെയല്ലാതെ നോക്കി കാണാനാകില്ല. ഹിന്ദു ഐക്യമെന്ന കാലഘട്ടത്തിന്റെ അനിവാര്യതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള അദ്ദേഹത്തിന്റെ ശക്തമായ കാഴ്ചപ്പാടുകള്‍ ഹിന്ദുസമുദായത്തിന് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടുണ്ട്. 

  കുമ്മനം രാജശേഖരന് ലഭിച്ച സ്ഥാനലബ്ധി കേരളത്തിന് കിട്ടിയ അംഗീകാരമാണ്. പ്രത്യേകിച്ചും ബിജെപിക്ക് ഒരു എംഎല്‍എ മാത്രമുള്ള കേരളം പോലൊരു സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ ഏറെ അംഗീകാരങ്ങളും അധികാരവും നല്‍കുന്നുവെന്നതിന് ഏറ്റവും പുതിയ തെളിവാണ് കുമ്മനത്തിന് നല്‍കിയ ഗവര്‍ണര്‍ സ്ഥാനം. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് ഇത് പുത്തനുണര്‍വേകുമെന്നതില്‍ സംശയമില്ല. എതിരാളികള്‍ പോലും ആദരിക്കുന്ന മാന്യനും നിഷ്‌കളങ്കനും അഴിമതിരഹിതനുമായ രാഷ്ട്രീയക്കാരനാണ് അദ്ദേഹം.

  സ്വന്തം ജീവിതവും ജോലിയും പ്രസ്ഥാനത്തിനും അനാഥര്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ച കര്‍മ്മയോഗിക്ക് ലഭിച്ച അംഗീകാരമാണ് ഗവര്‍ണര്‍ സ്ഥാനം. നിലയ്ക്കലിലും ആറന്മുളയിലും ശക്തമായ സമരങ്ങള്‍ നയിച്ച് ബിജെപിയുടെ അമരക്കാരനായെത്തിയ അദ്ദേഹത്തിന്, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുവാനും കേരളത്തില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കുവാനും കഴിഞ്ഞു. 

വര്‍ഗീയവാദിയെന്ന് വിളിക്കുന്നവര്‍പോലും അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കതയേയും വ്യക്തിത്വത്തെയും ആരാധിക്കുന്നവരാണ്. മിസോറാം ഗവര്‍ണറായി  സത്യപ്രതിജ്ഞ ചെയ്യുന്ന കുമ്മനം രാജശേഖരന് അനുമോദനം അറിയിക്കുന്നതോടൊപ്പം പുതിയ പദവിയിലും കൂടുതല്‍ തിളക്കത്തോടെ കര്‍മനിരതനാകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

വെള്ളാപ്പള്ളി നടേശന്‍

(എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.